ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം നമ്മുടെ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഒരു മഹത്തായ അധ്യായമാണ്. ബ്രിട്ടീഷ് ആക്രമണം എത്രത്തോളം വ്യാപകമായിരുന്നുവോ അത്രത്തോളം തന്നെ വ്യാപകവും സമഗ്രവുമായിരുന്നു നമ്മുടെ പ്രതികരണവും. ബ്രിട്ടീഷ് അധിനിവേശം വിദ്യാസമ്പന്നരായ നമ്മുടെ സമൂഹത്തെ അതിന്റെ വേരുകളില്‍ നിന്ന് അകറ്റി. സാംസ്‌കാരികമായി ഓര്‍മ്മക്കുറവ് ബാധിച്ച്, ആത്മാഭിമാനവും ദേശീയസ്വാഭിമാനവും നഷ്ടപ്പെട്ടു. അത്തരമൊരു നിര്‍ണായക ഘട്ടത്തില്‍, ദേശീയ അവബോധം ഉണര്‍ത്താനും രാജ്യത്തിന്റെ തനിമയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പ്രകടിപ്പിക്കാനും മഹത്തുക്കളായ നിരവധി വ്യക്തികള്‍ ശ്രദ്ധേയമായ ശ്രമങ്ങള്‍ നടത്തി. അവരില്‍, രാജ് നാരായണ ബസു ഒരു സവിശേഷ സ്ഥാനം വഹിക്കുന്നു.
1826 ഡിസംബര്‍ 7 ന് ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബോറല്‍ ഗ്രാമത്തില്‍ പിറന്ന രാജ് നാരായണ ബസുവിന്റെ ജന്മ ദ്വിശതാബ്ദി ആഘോഷം ഈ വര്‍ഷം കൊണ്ടാടുകയാണ്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം സംസ്‌കൃത സ്‌കൂളില്‍ അദ്ധ്യാപകനാവുകയും സാമൂഹ്യ പരിഷ്‌കരണത്തിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്തു. ദരിദ്രരുടെ ഉന്നമനത്തിനും ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിനും സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനും വിധവ പുനര്‍വിവാഹം പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം ശ്രദ്ധേയമായ ശ്രമങ്ങള്‍ നടത്തി. സ്വന്തം സഹോദരന്റെ വിവാഹം തന്നെ ഒരു വിധവയുമായി നടത്തിക്കൊണ്ട് അദ്ദേഹം സമൂഹത്തിന് മുന്നില്‍ ഒരു മാതൃക സൃഷ്ടിച്ചു.
വിദ്യാസമ്പന്നരായ ജനങ്ങള്‍ക്കിടയില്‍ ദേശീയബോധം ഉണര്‍ത്തുന്നതിനും അവരില്‍ അഭിമാനവും ആത്മവിശ്വാസവും വളര്‍ത്തുന്നതിനും അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. ഈ അവശ്യ ഗുണങ്ങളില്ലാതെ ഒരു രാജ്യവും ഉയരുകയില്ലെന്ന് അദ്ദേഹം വിശ്വസിച്ചു.
തന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും രാഷ്ട്രഭാവം പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രൊസ്പക്ടസ് ഓഫ് എ സൊസൈറ്റി ഫോര്‍ പ്രൊമോഷന്‍ ഓഫ് നാഷണല്‍ ഫീലിങ് എന്ന പേരില്‍ ഒരു കരട് രേഖ തയാറാക്കി. അദ്ദേഹത്തിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായി, 1867-ല്‍ നബഗോപാല്‍ മിത്ര ആരംഭിച്ച ഹിന്ദു മേള, ദേശീയ ബോധം വളര്‍ത്തുന്നതിനും വ്യാപകമാക്കുന്നതിനുമുള്ള ഒരു പ്രധാന വേദിയായി ഉയര്‍ന്നുവന്നു. സ്വദേശിവസ്തുക്കളുടെ ഉപയോഗത്തിനായി രാജ്‌നാരായണ ബസു ശക്തമായി വാദിക്കുകയും ഹിന്ദു മേളയിലൂടെ സ്വദേശിശീലം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
മാതൃഭാഷ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം നിരന്തരം ഊന്നിപ്പറഞ്ഞു, അത് ആത്മാഭിമാനത്തിന്റെയും ദേശീയ ബോധത്തിന്റെയും ഒരു സുപ്രധാന അടിത്തറയാണെന്ന് വിശ്വസിച്ചു. ഭാരതത്തിന്റെ സാംസ്‌കാരികവും ദേശീയവുമായ ഐക്യത്തിന്റെ അടിസ്ഥാനമായി അദ്ദേഹം ഹിന്ദു ധര്‍മ്മത്തെ കണക്കാക്കി.
1873-ല്‍ അദ്ദേഹം ‘ദി സുപ്പീരിയോറിറ്റി ഓഫ് ഹിന്ദുയിസം’ എന്ന കൃതി രചിച്ചു, അതില്‍ അദ്ദേഹം ഹിന്ദു സംസ്‌കാരത്തിന്റെ ദാര്‍ശനികമായ ശക്തിയും വ്യതിരിക്തമായ സവിശേഷതകളും ആവിഷ്‌കരിച്ചു. ഭാരത ദേശീയ ബോധത്തിന്റെ പിതാമഹനായി പരക്കെ പ്രശംസിക്കപ്പെട്ട രാജ് നാരായണ ബസു മഹാ ഹിന്ദു സമിതിയെ സാംസ്‌കാരികവും ദേശീയവുമായ ഉണര്‍വിന്റെ അടിസ്ഥാന ഉപകരണമായി വിഭാവനം ചെയ്തു. 1880-കളില്‍ പ്രസിദ്ധീകരിച്ച ‘വൃദ്ധ ഹിന്ദുര്‍ ആശ’ (പഴയ ഹിന്ദുവിന്റെ പ്രതീക്ഷ) എന്ന തന്റെ പ്രശസ്തമായ ലഘുലേഖയില്‍ അദ്ദേഹം ഈ ആശയം വിശദീകരിച്ചു.
ദേശീയ ബോധത്തിന്റെ മാര്‍ഗദര്‍ശി, മഹാനായ ദേശസ്നേഹി, സാമൂഹിക പരിഷ്‌കര്‍ത്താവ്, ദാര്‍ശനികന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ രാജ് നാരായണ ബസുവിന്റെ 200-ാം ജന്മവാര്‍ഷികത്തില്‍, സംഘം അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളും തത്ത്വചിന്തയും ഇന്നും എന്നത്തേക്കാളും പ്രസക്തമാണ്. ആത്മാഭിമാനത്തിന്റെയും നമ്മുടെ സാംസ്‌കാരിക പൈതൃകത്തില്‍ വേരൂന്നുന്നതിന്റെയും ദേശീയ ഐക്യത്തിന്റെയും എക്കാലത്തെയും പ്രാധാന്യത്തെക്കുറിച്ച് ആ ആശയങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. രാഷ്ട്രം അദ്ദേഹത്തോട് എന്നേക്കും നന്ദിയുള്ളവരായിരിക്കും.












