ന്യൂഡൽഹി: യുവകൈരളി സൗഹൃദവേദിയുടെ എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് “കേരളം: പാരമ്പര്യത്തിന്റെ പൈതൃകവും ഭാവിയുടെ സ്വപ്നങ്ങളും” എന്ന വിഷയത്തിൽ വിജ്ഞാനപ്രദമായ സംവാദം സംഘടിപ്പിച്ചു. കേരളത്തിന്റെ സമ്പന്നമായ പൈതൃകം, സാംസ്കാരിക സ്വത്വം, കാലാനുസൃതമായി വികസിച്ചുകൊണ്ടിരിക്കുന്ന അഭിലാഷങ്ങൾ എന്നിവയെ ആസ്പദമാക്കിയായിരുന്നു പരിപാടി.
അമൃത ടി.വി. ഡൽഹി ബ്യൂറോ ചീഫ്, മാധ്യമപ്രവർത്തകനുമായ ശ്രീ. ജിഷ്ണു കൃഷ്ണനായിരുന്നു സംവാദത്തിന് നേതൃത്വം നൽകിയത്. കേരളത്തിന്റെ ചരിത്രപാരമ്പര്യത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചു. കേരളത്തിന്റെ സ്വത്വത്തെ രൂപപ്പെടുത്തിയ മൂല്യങ്ങൾ, പാരമ്പര്യങ്ങൾ, ആശയങ്ങൾ എന്നിവയെക്കുറിച്ച് ചിന്തിക്കാനും ഭാവിയുടെ സാധ്യതകളെക്കുറിച്ച് സംവദിക്കാനും ഈ പരിപാടി വേദിയൊരുക്കി.
കേരളത്തിന്റെ ചരിത്രയാത്രയെ അനുസ്മരിക്കാനും സാംസ്കാരിക പൈതൃകത്തെ ആദരിക്കാനും പുരോഗമനപരവും ശോഭനവുമായ ഒരു ഭാവിയെക്കുറിച്ചുള്ള ആശയങ്ങൾ പങ്കുവെക്കാനും ഈ പരിപാടി അർത്ഥവത്തായ ഒരവസരമായി മാറി.















