അടിമത്തത്തിന്‍റെയും അടിച്ചമർത്തലിന്‍റെയും ഭരണകൂട ഭീകരതയ്ക്കെതിരെ ഇറാനിലെ സ്ത്രീകൾ നടത്തുന്ന പ്രക്ഷോഭത്തിരയ്ക്ക് മലയാളത്തിൽ നിന്ന് ആദ്യത്തെ ഐക്യദാർഢ്യം.. മാതൃഭൂമിയിൽ ലോപ എഴുതിയ കവിത
മുടിയലേ മുടിയലേ
ലോപ
ആണിന് ,
ഏതു ബിസിനീതന്തുമരീചികേശനും
മുടി , വെന്നിക്കൊടി
സാംസണ് ,
പ്രാണന്‍റെ വിലയുള്ള
നട്ടെല്ലിന്‍റെ ഉറപ്പുള്ള കരുത്ത്.
പ്രവാചകന്
അഭയരോഗശാന്തിപ്രദമായ
ഈടുവയ്പ്പ്.
ലോകാരംഭം മുതൽ
പെണ്മാനുകൾ മേഞ്ഞു നടക്കും
അഴകുള്ള കാട് .
** * ** ** **
പെണ്ണിന് ,
വെട്ടിയ ഇത്തിരിത്തുമ്പ്
നനവുള്ളിടത്ത് കുഴിച്ചിട്ട്
വളരാൻ കാത്തു നിന്ന
കുട്ടിക്കാലം മുതൽ ,
മുടി ,
താനെന്ന തായ്ത്തടിയുടെ
എമ്പാടും പ്രസരിക്കുന്ന വേര്….
ആൺതൂലിക ,
കവിതയിലും കഥയിലും
അലങ്കരിച്ചു വിളമ്പുന്ന ഭോഗഭോജ്യം .
ഒറ്റപ്പത്തിയൊടായിരമുടലുകൾ
ചുറ്റുപിണഞ്ഞ
പനങ്കുലയും നീലത്തഴയും .
ആകാശഗോപുരത്തിൽ നിന്ന്
ആത്മനാഥനെറിഞ്ഞു കൊടുത്ത
പ്രണയത്തിന്‍റെ
പൊൻചുരുൾക്കയറ്….
മുടിയിരുട്ടിന്റെ സമൃദ്ധിയിൽ
നായകനെയൊളിപ്പിച്ച
വടക്കൻപാട്ടിന്റെ കൗശലം….
പലായനം ചെയ്യും
പെൺകുഞ്ഞിന്‍റെ
ഇത്തിരിച്ചെമ്പൻ ചകിരി….
പരസ്യസുന്ദരിയുടെ ഉടൽക്കമ്പിൽ
ഇളകിപ്പറക്കുന്ന
പട്ടുനൂലിഴപ്പതാക…..
‘കേശമിതു കണ്ടെന്റെ കേശവ ‘ എന്ന ,
പെണ്ണിന്റെ ആദ്യ പടയൊരുക്കത്തിന്‍റെ
ചോര പുരണ്ട ഉറുമി….
മുറിച്ചെറിഞ്ഞ മുലയും മുടിയും
മുളച്ചു കായ്ക്കുന്ന അന്നത്തിന്
യാചിച്ചു നിൽക്കുന്ന
നാളെയുടെ ആത്മനിന്ദ….
** ** ** *
എന്നിട്ടും.. എന്നിട്ടുമെന്തിനാണ്
മഹ്സ അമീനീ ,
ചന്ദ്രബിംബത്തിന്‍റെ ചാരുതയുള്ളവളേ
അവർ നിന്നെ
ഇല്ലാതാക്കിക്കളഞ്ഞത്?
മുടിയും ഉടലും അഴിച്ചുവയ്ക്കുന്ന
അനേകം വേദനകളെ ,
പ്രതിഷേധങ്ങളെ –
ഉടുപ്പിടുവിയ്ക്കുവാൻ ,
തല മറയ്ക്കുവാൻ
അവർ വൃഥാ ശ്രമിച്ചു കൊണ്ടേയിരിക്കുന്നത്..
റഫറൻസ്
- മഹ്സ അമീനി – മുടി പുറത്തു കണ്ടതിന് സദാചാര പൊലീസ് കസ്റ്റഡിയിൽ ഇറാനിൽ മരണപ്പെട്ട പെൺകുട്ടി
- ബിസിനീതന്തുമരീചി കേശൻ – ചിന്താവിഷ്ടയായ സീത(ആശാൻ )
- ഒറ്റപ്പത്തിയൊടായിരമുടലുകൾ – മനസ്വിനി (ചങ്ങമ്പുഴ )
- കേശമിതു കണ്ടെന്റെ കേശവ – ദുര്യോധനവധം ആട്ടക്കഥ
- മുറിച്ചെറിഞ്ഞ മുല – മുലക്കരത്തിനെതിരെയുള്ള വിപ്ലവം
Discussion about this post