നാലുപതിറ്റാണ്ടു മുമ്പ്
ദേശീയവാദികളുടെ ആഗ്രഹ സാഫല്യമായി പിറന്നുവീണ ജന്മഭൂമി ദിനപത്രം ഇന്ന് ഒമ്പത് എഡിഷനുകളായി വളര്‍ന്നു. കേരളത്തിനു പുറത്ത് എഡിഷന്‍ ബെംഗളൂരിലാണ്. ഏറ്റവും പുതിയത് കൊല്ലത്ത്.
ദിനപത്രങ്ങളുടെ കാര്യത്തില്‍ എന്നും കേരളം മുന്നില്‍ത്തന്നെയായിരുന്നു. ഉയര്‍ന്ന സാക്ഷരതയും ഒരു പക്ഷേ, അതിന് കാരണമാകാം. ഏതായാലും പലതില്‍ ഒന്നായിത്തീരാനല്ല നാലുപതിറ്റാണ്ടു മുമ്പ് മലയാള പത്രത്തറവാട്ടില്‍ ജന്മഭൂമി പ്രഭാത ദിനപത്രമായി പിറന്നത്.
മറ്റു പത്രങ്ങളിലൂടെ ലഭിക്കാത്ത, എന്നാല്‍ മലയാളികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വാര്‍ത്തകള്‍ നിരവധിയുണ്ട്. അവ കലര്‍പ്പില്ലാതെ ജനങ്ങളിലെത്തിക്കാനുള്ള ദൗത്യബോധം ജന്മഭൂമിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു.
1975 ഏപ്രില്‍ 28ന് ജന്മഭൂമി കോഴിക്കോട്ടുനിന്ന് സായാഹ്നപത്രമായി പിറന്നപ്പോള്‍ അതിലെ മുഖപ്രസംഗത്തില്‍ പ്രസ്താവിച്ചത് എന്നും ഏറെ പ്രസക്തമാണ്. അതിങ്ങനെ.
”ദേശീയബോധ പ്രചോദിതവും അധികാര വടംവലികള്‍ക്കും തത്വദീക്ഷയില്ലാത്ത കക്ഷിരാഷ്ട്രീയ മത്സരങ്ങള്‍ക്കും അതീതമായി, രാജ്യസ്നേഹത്തേയും ജനസേവന വ്യഗ്രതയേയും മുന്‍നിര്‍ത്തിയും ജനതാമധ്യത്തില്‍ കഴിവതു പ്രവര്‍ത്തിക്കണമെന്നുള്ള ഗണ്യമായ ഒരു വിഭാഗത്തിന്റെ ആത്മാര്‍പ്പണമനോഭാവവും ശുഭാപ്തി വിശ്വാസവുമാണ് ജന്മഭൂമിയുടെ ഉദയം കുറിക്കാന്‍ കാരണമായിട്ടുള്ളത് എന്ന് സവിനയം ഇവിടെ രേഖപ്പെടുത്തുന്നു.
ജന്മഭൂമി തികച്ചും ഒരു സ്വതന്ത്രദേശീയ ദിനപത്രമാണ്. ദേശീയൈക്യവും ധാര്‍മിക ബോധവും ജനക്ഷേമവും രാജ്യസ്നേഹവും മുന്‍നിര്‍ത്തി മാത്രമായിരിക്കും ഓരോ പ്രശ്നങ്ങളെയും അത് നോക്കിക്കാണുകയും ചിന്തിക്കുകയും ചെയ്യുന്നത്. മനുഷ്യസഹജമായ തെറ്റുകള്‍ ഞങ്ങള്‍ക്കും സംഭവിക്കാം. കഴിവുകള്‍ പരിമിതവുമാണ്. മഹത്തായ ഒരു ഉദ്ദേശ്യത്തിന്റെയും പ്രസ്ഥാനത്തിന്റെയും ചെറിയ തുടക്കമായി ഇതു ഞങ്ങള്‍ കരുതുന്നു. ഇതിന് എല്ലാവരുടേയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു..”
(തുടരും)
Discussion about this post