ജിതിൻ ജേക്കബ്
രാജ്യാന്തര തലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നൊക്കെ പറഞ്ഞാണ് ബഹളം..
കേരളത്തിൽ നിന്ന് നൂറുകണക്കിന് പേർ ആഗോള ഇസ്ലാമിക തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നപ്പോൾ കേരളത്തിന് അപമാനം ഒന്നും ഉണ്ടായില്ലായിരുന്നോ?
കേരളത്തിൽ നിന്നുള്ളവർ പാകിസ്ഥാൻ തീവ്രവാദികൾക്ക് ഒപ്പം ചേർന്ന് കശ്മീരിൽ ഇന്ത്യൻ സൈന്യത്തിനെതിരെ തീവ്രവാദി ആക്രമണം നടത്തിയപ്പോൾ കേരളത്തിന് അപമാനം ഉണ്ടായില്ലേ?
ശ്രീലങ്കയിലും, ഫ്രാൻസിലും ഉണ്ടായ തീവ്രവാദി ആക്രമണങ്ങളിൽ വരെ മലയാളി ബന്ധം ഉയരുകയും, ഫ്രഞ്ച് അന്വേഷണ സംഘം കേരളത്തിൽ വരുകയും ചെയ്തപ്പോൾ കേരളത്തിന് അപമാനം ഉണ്ടായില്ലേ?
മതനിന്ദ ആരോപിച്ച് മതതീവ്രവാദികൾ ഒരു അധ്യാപകന്റെ കൈവെട്ടിയപ്പോൾ മതേതര കേരളത്തിന് അപമാനം ഉണ്ടായില്ലേ?
മതതീവ്രവാദികളാൽ ക്രൂരമായി ആക്രമിക്കപ്പെട്ട ആ അധ്യാപകനെ ഇടത് – ഇസ്ലാമിക മാധ്യമങ്ങളും, കമ്മ്യൂണിസ്റ്റ് ഭരണകൂടവും വീണ്ടും വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ കേരളത്തിന് അപമാനം ഉണ്ടായില്ലേ?
ഇന്ത്യയിലെ പരമോന്നത കോടതി തീവ്രവാദ പ്രവർത്തനത്തിന്റെ പേരിൽ ഒരുത്തനെ തൂക്കിലേറ്റിയപ്പോൾ ഇവിടെ ആ തീവ്രവാദിക്ക് മയ്യത് നമസ്കാരം നടത്തിയപ്പോൾ കേരളത്തിന് അപമാനം ഉണ്ടായില്ലേ?
ഏറ്റവും കൂടുതൽ സ്വർണം കള്ളക്കടത്ത് നടക്കുന്ന സംസ്ഥാനം എന്ന കുപ്രസിദ്ധി കേരളത്തിന് അപമാനകരം അല്ലേ?
അന്യസംസ്ഥാന അന്വേഷണ ഏജൻസികൾ തീവ്രവാദികളെ കേരളത്തിൽ വന്ന് പൊക്കി കൊണ്ട് പോകുന്നത് കേരളത്തിന് അപമാനകരം അല്ലേ?
ആദിവാസിയെ ആൾക്കൂട്ട ആക്രമണം നടത്തി കൊന്നത് കേരളത്തിന് അപമാനകരം ആയി തോന്നിയില്ലേ?
അതൊക്കെ പോട്ടെ, ‘ദ കേരള സ്റ്റോറി’ എന്ന സിനിമ എന്ത് വ്യാജ പ്രചാരണം ആണ് നടത്തുന്നത്?
കേരളത്തിൽ നിന്ന് ഇസ്ലാമിക സ്റ്റേറ്റിൽ തീവ്രവാദത്തിന് മലയാളികൾ പോയി എന്നതാണോ വ്യാജ പ്രചരണം?
ഇന്ത്യയിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഏറ്റവും കൂടുതൽ തീവ്രവാദികളെ കയറ്റുമതി ചെയ്തത് കേരളം ആണ് എന്നതാണോ വ്യാജ പ്രചാരണം?
ഹൈന്ദവ, ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിന് കൊണ്ടുപോയി എന്നത് വ്യാജ പ്രചരണം ആണോ?
എല്ലാവർക്കും അറിയാവുന്ന കാര്യം ഇപ്പോൾ സിനിമ ആകുന്നു, അത്രേയുള്ളൂ.
നമ്മുടെ കണ്മുന്നിൽ നടന്ന സംഭവങ്ങൾ സിനിമ ആകുന്നതിൽ എന്താണ് ഇത്ര അസഹിഷ്ണുത? വലിയ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കൾ അല്ലേ പ്രബുദ്ധ മലയാളികൾ.
ബിബിസി ക്ക് മാത്രം മതിയോ ആവിഷ്ക്കാര സ്വാതന്ത്ര്യം? ഗുജറാത്ത് കലാപം വംശഹത്യ ആണെന്ന് കേരളത്തിൽ വലിയ വായിൽ പറയാറുണ്ടല്ലോ.
ഒരു വംശഹത്യ എന്നത് ഒരു വംശീയ അല്ലെങ്കിൽ മത വിഭാഗത്തെ കൂട്ടക്കൊല ചെയ്യുകയോ പുറത്താക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള അക്രമാസക്തമായ കലാപമാണ്. അതായത് ഒരുകൂട്ടർ മാത്രം കൊല്ലപ്പെടുകയും, മറ്റൊരു കൂട്ടർ കൊല്ലുകയും ചെയ്യുന്നു!
ഗുജറാത്തിൽ കലാപം തുടങ്ങുന്നത് 27 സ്ത്രീകളും 10 കുട്ടികളുമടക്കം 59 ഹിന്ദു തീർത്ഥാടകർ പൊള്ളലേറ്റു കൊല്ലപ്പെടുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഗോദ്ര സംഭവം മുതൽ ആണ്.
തുടർന്നുള്ള കലാപത്തിൽ 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടു. വംശഹത്യ ആയിരുന്നു എങ്കിൽ ഗുജറാത്തിൽ ഒറ്റ ഹിന്ദു പോലും കൊല്ലപ്പെടില്ലായിരുന്നല്ലോ. 59 ഹിന്ദുക്കൾ ഗോദ്രയിലും 254 പേർ തുടർന്നുള്ള കലാപത്തിലും കൊല്ലപ്പെട്ടിട്ടുണ്ട്.
അങ്ങോട്ട് കയറി ആക്രമിച്ചിട്ട് തിരിച്ചു കിട്ടുമ്പോൾ വംശഹത്യ എന്നൊക്കെ പ്രചരിപ്പിക്കുന്നതാണ് വ്യാജ പ്രചാരണം.
‘ദ കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രൈലർ രണ്ട് ദിവസം കൊണ്ട് 1 കോടിയിൽ അധികം ആളുകൾ കണ്ടു. നിങ്ങൾ പരമാവധി പ്രചാരണം കൊടുക്കുന്നുണ്ട് എന്നറിയാം. കേരളത്തിൽ സിനിമ നിരോധിക്കണം എന്നൊക്കെയാണ് ആഹ്വാനം. നിങ്ങൾ നിരോധിക്കണം, അങ്ങനെ ചെയ്താലേ നിങ്ങളുടെ ഇരട്ടതാപ്പ് വീണ്ടും തുറന്നു കാട്ടാൻ കഴിയൂ.
ഇനി കേരളത്തിൽ സിനിമ നിരോധിച്ചാൽ, അല്ലെങ്കിൽ ബഹിഷ്കരണം, ഫത്വ, ഭീഷണി, ഗുണ്ടായിസം ഒക്കെ കാണിച്ചാൽ ജനം കാണില്ല എന്നാണോ നിങ്ങൾ കരുതുന്നത്? ഈ സിനിമ മലയാളികൾക്ക് വേണ്ടി മാത്രം ഉള്ളതല്ല, നിരവധി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. പിന്നെ ഒ ടി ടി യിലും.
നിങ്ങൾ എത്രയൊക്കെ ബഹളം ഉണ്ടാക്കിയാലും കാണേണ്ടവർ കാണും. കൂടുതൽ ബഹളം വെച്ചാൽ കൂടുതൽ ആളുകൾ കാണും.
കമ്മ്യൂണിസ്റ്റുകാർക്കും, ഇസ്ലാമിസ്റ്റുകൾക്കും മാത്രം അവകാശപ്പെട്ടതാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം. കമ്മ്യൂണിസ്റ്റുകാർ ഹൈന്ദവ, ക്രിസ്ത്യൻ വിശ്വാസങ്ങളെ നിന്ദ്യമായി അവഹേളിച്ചാൽ, രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും അശ്ലീലമായി ചിത്രീകരിച്ചാലും അത് ആവിഷ്ക്കാര സ്വാതന്ത്ര്യം ആണ്, പക്ഷെ കമ്മ്യൂണിസ്റ്റ് – ഇസ്ലാമിക ഭീകരത ആരെങ്കിലും തുറന്നു കാട്ടിയാൽ അത് ആവിഷ്ക്കാര സ്വന്തന്ത്ര്യം അല്ല, മറിച്ച് വിദ്വേഷ പ്രചാരണമാകും. അതങ്ങ് പൂഞ്ഞാറ്റിൽ പറഞ്ഞാൽ മതി.
മറ്റുള്ളവരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യം എന്താകണം എന്ന് നിങ്ങൾ തീരുമാനിക്കേണ്ട.
‘ദ കേരള സ്റ്റോറി’ എന്ന സിനിമയല്ല കേരളത്തെ അപമാനിക്കുന്നത്, കേരളം ഭീകരവാദത്തിന്റെ നഴ്സറി ആയി മാറിയതാണ് കേരളത്തിന് അപമാനകരം. ഭീകരവാദത്തിനെതിരെ ലോകം മുഴുവൻ ഒരുമിക്കുകയാണ്. സമാധാനത്തോടെ കഴിഞ്ഞിരുന്ന യൂറോപ്പിലെ ജനം ഉൾപ്പെടെ ഇപ്പോൾ ഭയത്തോടെ കഴിയുന്നു.
ഇസ്ലാമിക ഭീകരവാദത്തിനെതിരെ അതിശക്തമായ പ്രതിരോധം ഇനിയുമുണ്ടാകും. അത് സിനിമയുടെ രൂപത്തിലും, ബുക്കുകൾ ആയും, ലേഖനങ്ങൾ ആയും, വീഡിയോകൾ ആയും ഒക്കെ വരും. നിങ്ങൾ ഇസ്ലാമിക ഭീകരവാദത്തിന് പിന്തുണ കൊടുക്കുമ്പോൾ അല്ലെങ്കിൽ വെള്ള പൂശുമ്പോൾ മറ്റുള്ളവർ അതിനെ പ്രതിരോധിക്കുന്നു, അതാണ് ഇവിടെ നടക്കുന്നത്.
ഇസ്ലാമിക ഭീകരവാദത്തെ തുറന്നു കാട്ടുന്നത് കേരളത്തെ അപമാനിക്കൽ ആണ് എന്ന ക്ലിഷേ വേണ്ട. കേരളത്തെ ഇസ്ലാമികവൽക്കരിക്കാനുള്ള പദ്ധതിയെ കുറിച്ച് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ പറയുന്നത് ഉൾപ്പെടെ സിനിമയിൽ ഉണ്ട്. ഇസ്ലാമിക ഭീകരവാദത്തെ തുറന്നു കാണിക്കുമ്പോൾ കേരളത്തെ അപമാനിക്കുന്നതായി തോന്നുന്നത്, കേരളം ഒരു ഇസ്ലാമിക രാജ്യമായി ചിലർക്ക് സ്വയം തോന്നുന്നത് കൊണ്ടാണ്.
മതേതര ചിന്തയുള്ള , ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരാൾക്കും ‘ദ കേരള സ്റ്റോറി’ എന്ന സിനിമ കേരളത്തെ അപമാനിക്കുന്നതായി തോന്നില്ല. ഇനി അങ്ങനെ ആർക്കെങ്കിലും തോന്നുന്നു എങ്കിൽ അതാണ് ഏറ്റവും അപകടകരം.
വളരെ ചെറിയ ഒരു വിഭാഗം ചെയ്യുന്നതിന് ബാക്കി ഉള്ള 90% പേരെ എന്തിന് സംശയത്തിന്റെ നിഴലിൽ നിർത്തണം എന്നൊക്കെ ചോദിക്കുന്നവർ ഉണ്ട്. ഈ 90% പേരിൽ എത്രപേർ ഒരു ചെറിയ വിഭാഗം ചെയ്യുന്ന ഭീകര പ്രവർത്തനത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്? വളരെ അപൂർവമായി ഒറ്റപെട്ട ശബ്ദങ്ങൾ അല്ലാതെ കേരളത്തിൽ ആരും മതത്തിന്റെ പേരിൽ നടക്കുന്ന ഭീകര പ്രവർത്തനങ്ങൾക്ക് എതിരെ ശബ്ദിച്ചു കണ്ടിട്ടില്ല. അതാണ് കൂടുതൽ ഭയപ്പെടുത്തുന്നത്.
‘ദ കേരള സ്റ്റോറി’ ഒരു സിനിമയായി കാണുക. ഇഷ്ടമുള്ളവർ കാണട്ടെ, അല്ലാത്തവർ കാണേണ്ട. പക്ഷെ ഇപ്പോഴത്തെ മോങ്ങൽ കണ്ടാൽ കാണാൻ താൽപ്പര്യം ഇല്ലാത്തവരെ കൂടി ഇവർ തീയറ്ററിൽ എത്തിക്കും എന്നാണ് തോന്നുന്നത്.
Discussion about this post