നാലഞ്ച് കൊല്ലം മുൻപ് നടന്ന ദേശീയ അവാർഡിന്റെ ഓർമ്മ. വയോധികനായ രാഷ്‌ട്രപതി കുറച്ച് അവാർഡുകൾ മാത്രമേ കൊടുക്കുകയുള്ളൂവെന്നും ബാക്കി വാർത്താവിതരണ മന്ത്രി കൊടുക്കുമെന്നും പറഞ്ഞപ്പോൾ ചടങ്ങ് ബഹിഷ്കരിച്ചവർ കേരളത്തിൽ നിന്നുള്ള ചലച്ചിത്രപ്രവർത്തകരായിരുന്നു. പിന്നീടവർ പോസ്റ്റുമാന്റെ കൈയിൽ നിന്ന് അത് സ്വീകരിച്ചു. ഈ അവാർഡുകൾ പല വർഷങ്ങളിലും പലരും വിതരണം ചെയ്തിട്ടുണ്ട്. രാഷ്ട്രപതിയുടെ പേരിലുള്ള ദേശീയ അവാർഡാണത് എന്നതാണ് കാര്യം. ആര് തരുന്നു എന്നുള്ളത് അപ്രധാനമാണ്. ഏതായാലും അന്ന് അവാർഡ് ബഹിഷ്കരിച്ച ചലച്ചിത്രപ്രവർത്തകരുടെ നടപടി വിപ്ലവപ്രവർത്തനമായി മലയാളികൾ ആഘോഷിച്ചു. എന്നാൽ അതേക്കൊല്ലം തന്നെ സംസ്ഥാന അവാർഡുകൾ മുഖ്യമന്ത്രി നേരിട്ട് കൊടുക്കാതെ മേശപ്പുറത്ത് നിരത്തിവച്ചിട്ട് എടുത്തുകൊണ്ടു പോകാൻ പറഞ്ഞപ്പോൾ അനുസരണയോടെ അതെല്ലാം കൈയിലെടുത്ത് ജേതാക്കൾ പോകുന്നതുകണ്ടു. ഒരു പ്രതിഷേധസ്വരവും കേട്ടില്ല. ഇത്തവണ മുഖ്യമന്ത്രി കുറച്ച് അവാർഡുകൾ കൊടുത്ത് സ്ഥലം വിട്ടപ്പോൾ സാംസ്കാരിക മന്ത്രിയിൽ നിന്ന് സന്തോഷപൂർവം ആളുകൾ വാങ്ങിക്കൊണ്ടു പോയി . ഇരുപതു വർഷമായി താൻ സിനിമ കണ്ടിട്ടില്ലെന്നു പറഞ്ഞ സംസ്ഥാന മന്ത്രിയിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നു. അതേ സമയം മന്ത്രിയാവുന്നതിനു മുൻപ് ചലച്ചിത്രപ്രവർത്തകയായിരുന്ന കേന്ദ്രമന്ത്രിക്ക് അയിത്തം. എന്താണിങ്ങനെ എന്നു ഞാൻ ചിന്തിച്ചിരിക്കുമ്പോൾ അലൻസിയർ എനിക്ക് മറുപടി തന്നു. ഇവിടെ ആൺകരുത്തുള്ളവനിൽ നിന്നാണ് അവാർഡ് സ്വീകരിച്ചത്. അവിടെ കൊടുത്തത് സ്ത്രീയായിപ്പോയി.
Discussion about this post