അഞ്ചര പതിറ്റാണ്ടിലേറെക്കാലം ആര്‍എസ്എസ് പ്രചാരകനായിരുന്ന കെ. പുരുഷോത്തമന്‍, സ്വയംസേവകരുടെയും അടുപ്പക്കാരുടെയും പുരുഷേട്ടന്‍ ഏഴര പതിറ്റാണ്ടോളമെത്തുന്ന ജീവിതത്തില്‍നിന്ന് വിടപറയുമ്പോള്‍ ഒരു കര്‍മധീരനെയാണ് സംഘത്തിന് നഷ്ടമാകുന്നത്. ചെറുപ്രായത്തില്‍ സംഘസ്വയംസേവകനാവുകയും യുവത്വത്തിന്റെ തുടക്കത്തില്‍ത്തന്നെ പ്രചാരകനാവുകയും ചെയ്ത പുരുഷേട്ടന്‍ താലൂക്ക്-ജില്ലാ-വിഭാഗ് പ്രചാരകനായി എറണാകുളം, കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ പ്രവര്‍ത്തിച്ച് വലിയ അനുഭവസമ്പത്ത് നേടിയ സംഘാടകനായിരുന്നു. സംഘത്തിന്റെ പ്രാന്തകാര്യാലയമായ മാധവനിവാസില്‍ കാര്യാലയപ്രമുഖായും, ഇടക്കാലത്ത് ജന്മഭൂമി പത്രത്തിന്റെ മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. സംഘം തന്നെ ഏല്‍പ്പിക്കുന്ന ചുമതലകള്‍ എന്തായിരുന്നാലും അത് ഏറ്റെടുത്ത് കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കുക എന്നത് പുരുഷേട്ടന്റെ മുഖമുദ്രയായിരുന്നു.
കാര്‍ക്കശ്യവും കാര്യക്ഷമതയും സമന്വയിച്ച വ്യക്തിത്വമായിരുന്നു പുരുഷേട്ടന്റേത്. സ്വയംസേവകരുമായി ആത്മബന്ധം പുലര്‍ത്തുകയും, പ്രതികൂല സാഹചര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുകയും ചെയ്യുന്നയാളായിരുന്നു. വലിയ പാണ്ഡിത്യവും പ്രസംഗപാടവവുമൊന്നും ഇല്ലാതെതന്നെ സ്വയംസേവകരെ ആകര്‍ഷിക്കാനും പ്രവര്‍ത്തനനിരതരാക്കാനും പ്രത്യേക കഴിവുണ്ടായിരുന്നു. ബൈഠക്കുകളിലും മറ്റും ദീര്‍ഘമായി സംസാരിക്കുന്ന രീതിയില്ലായിരുന്നു. സംഭാഷണ ശൈലിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയും പ്രോത്‌സാഹിപ്പിക്കുകയും ചെയ്യും.
പുരുഷേട്ടന്‍ ഒപ്പമുണ്ടെങ്കില്‍ സ്വയംസേവകര്‍ക്ക് വലിയ ഉത്‌സാഹമാണ്. അസാധ്യമായ ഏത് കാര്യവും അവര്‍ പൂര്‍ത്തിയാക്കും. നിരന്തരമായ യാത്രകളിലൂടെ പുതിയ വ്യക്തികളുമായി ബന്ധം സ്ഥാപിക്കുകയും അത് ഊട്ടിയുറപ്പിക്കുകയും ചെയ്തു. സ്വയംസേവകരുടെ കുടുംബങ്ങളുമായി സ്‌നേഹമസൃണമായ ബന്ധം സ്ഥാപിച്ചു. അവരുടെ ജ്യേഷ്ഠസഹോദരനായി മാറി. തീരദേശങ്ങളിലെ സ്വയംസേവകരുമായും കുടുംബങ്ങളുമായും പുരുഷേട്ടനുണ്ടായിരുന്നത് പതിറ്റാണ്ടുകളുടെ ബന്ധമാണ്. പ്രചാരകനെന്ന നിലയ്‌ക്ക് ഒരിടത്തുനിന്ന് മറ്റിടങ്ങളിലേക്ക് മാറിപ്പോകുമ്പോഴും ഒരു ബന്ധവും മുറിഞ്ഞുപോയില്ല. പരിചയം പുതുക്കേണ്ട ആവശ്യവും വന്നില്ല. പുരുഷേട്ടന്‍ ഓരോരുത്തരേയും അവര്‍ തിരിച്ചും ബന്ധപ്പെട്ടുകൊണ്ടിരുന്നു. കഴിയാവുന്ന അവസരങ്ങളിലെല്ലാം നേരില്‍ കണ്ടു.
സംഘത്തിന്റെ ഏത് പ്രവര്‍ത്തനത്തിലും പുരുഷേട്ടന് വിട്ടുവീഴ്ചയില്ലായിരുന്നു. തീരുമാനിച്ച കാര്യങ്ങള്‍ നടന്നിരിക്കണം എന്ന നിര്‍ബന്ധബുദ്ധി ഒരിക്കല്‍േപ്പാലും കയ്യൊഴിഞ്ഞില്ല. ഇത് പലപ്പോഴും രസകരമായ അനുഭവങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഒരിക്കല്‍ ആലുവാപുഴയുടെ തീരത്തെ മാതൃഛായയില്‍ സംഘത്തിന്റെ പ്രാന്തീയ തലത്തിലുള്ള ഒരു ബൈഠക്ക് നടക്കുകയാണ്. പവര്‍കട്ട് ഭയന്ന് ഒരു ജനറേറ്റര്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ സമയമെത്തിയപ്പോള്‍ അത് പണിമുടക്കി. പലപ്രാവശ്യം ശ്രമിച്ചിട്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല. പ്രതീക്ഷിച്ചപോലെ പുരുഷേട്ടന്‍ പാഞ്ഞെത്തി. ”ഇനിയും സ്റ്റാര്‍ട്ടാവുന്നില്ലെങ്കില്‍ ഞാനിത് പുഴയിലേക്ക് എടുത്തെറിയും.” പുരുഷേട്ടന്‍ പ്രഖ്യാപിച്ചു. യന്ത്രം ഭയന്നുപോയിരിക്കണം! ഒരുതവണ കൂടി വലിച്ചു. അത് സ്റ്റാര്‍ട്ടായി. പുരുഷേട്ടന്റെ സാന്നിധ്യത്തില്‍ മുള്‍മുനയില്‍ നിന്നിരുന്ന സ്വയംസേവകര്‍ക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്.
രണ്ട് വര്‍ഷക്കാലമാണ് പുരുഷേട്ടന്‍ ജന്മഭൂമിയുടെ എംഡിയായിരുന്നതെങ്കിലും അതൊരു നിര്‍ണായക ഘട്ടമായിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധി ബാധിച്ച് സ്ഥാപനം മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. നേതൃത്വം ഏറ്റെടുക്കാന്‍ ആരും സന്നദ്ധരായിരുന്നില്ല എന്നുതന്നെ പറയാം. അപ്പോഴാണ് സംഘനിര്‍ദ്ദേശപ്രകാരം പുരുഷേട്ടന്‍ ചുമതലയേല്‍ക്കുന്നത്. മാധ്യമപ്രവര്‍ത്തനവുമായോ മാനേജ്‌മെന്റ് രീതികളുമായോ മുന്‍പരിചയമൊന്നും ഇല്ലായിരുന്നുവെങ്കിലും ഒരു പ്രചാരകന്റെ സഹജമായ സംഘടനാ സാമര്‍ത്ഥ്യംകൊണ്ട് ജന്മഭൂമിയെ നിലനിര്‍ത്താനും കുറെയൊക്കെ മുന്നോട്ടു നയിക്കാനും പുരുഷേട്ടന് കഴിഞ്ഞു.
തകര്‍ച്ചയുടെ വക്കിലെത്തിനിന്ന ജന്മഭൂമിയെ എങ്ങനെയെങ്കിലും രക്ഷിക്കുന്നതിനാണ് എംഡി എന്ന നിലയ്‌ക്ക് പുരുഷേട്ടന്‍ മുന്‍ഗണന നല്‍കിയത്. സംഘപ്രചാരകനെന്ന നിലയ്‌ക്കുള്ള വിപുലമായ വ്യക്തിബന്ധങ്ങള്‍ ഇതിനുപയോഗിച്ചു. പുരുഷേട്ടന്‍ ചോദിച്ചാല്‍ സാമ്പത്തികമായി സഹായിക്കാന്‍ നിരവധിയാളുകളുണ്ടായി. ഒരുകാലത്ത് തന്റെ പ്രവര്‍ത്തനമേഖലയായിരുന്ന തൃശൂരിലെ തൃപ്രയാര്‍, വാടാനപ്പള്ളി മേഖലകളില്‍നിന്നും ആലപ്പുഴയിലെ പല പ്രദേശങ്ങളില്‍നിന്നും വലിയ സഹായം ലഭിച്ചു. സ്വയംസേവകരിലും സംഘ അനുഭാവികളിലും സാമ്പത്തികശേഷിയുള്ളവര്‍ ആരൊക്കെയെന്ന് പുരുഷേട്ടന് നന്നായറിയാം. പുരുഷേട്ടനായതുകൊണ്ട് ആവശ്യം നിരസിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. അവര്‍ക്ക് അത്രയ്‌ക്ക് അടുപ്പമുണ്ടായിരുന്നു.
പുരുഷേട്ടന്റെ ജന്മഭൂമിയിലേക്കുള്ള വരവ് ജീവനക്കാര്‍ക്ക് വലിയ ആശ്വാസമായിരുന്നു. വളരെനാള്‍ അരക്ഷിതാവസ്ഥയുടെ പിടിയിലായിരുന്ന അവര്‍ക്ക് ആത്മവിശ്വാസം ലഭിച്ചു. തവണകളായിട്ടാണെങ്കിലും ശമ്പളം കിട്ടുമെന്ന സ്ഥിതിയുണ്ടായതാണ് ഇതിനു കാരണം. ജീവനക്കാര്‍ക്ക് വലിയ വാഗ്ദാനങ്ങളൊന്നും നല്‍കിയിരുന്നില്ല. പക്ഷേ വാക്കു പറഞ്ഞാല്‍ വാക്കായിരുന്നു. എങ്ങനെയെങ്കിലും അത് സാധിച്ചുകൊടുക്കും. ഇതിനോടകം ചിലര്‍ സ്ഥാപനം വിട്ടിരുന്നു. വിട്ടുപോകാന്‍ ആഗ്രഹിച്ച പലരും പിന്നീട് തീരുമാനം മാറ്റി. സംഘത്തിന്റെ സഹായത്തോടെ അങ്ങനെയൊരു സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് സ്ഥാപനം മാറുകയുണ്ടായി.
സംഘപ്രചാരകനെന്ന നിലയ്‌ക്ക് തീരദേശങ്ങളുമായുള്ള അടുത്ത പരിചയത്തിന്റെ പശ്ചാത്തലത്തില്‍നിന്നാണ് ഭാരതീയ മത്‌സ്യപ്രവര്‍ത്തക സംഘത്തിന്റെ സംഘടനാ സെക്രട്ടറിസ്ഥാനത്ത് പുരുഷേട്ടന്‍ നിയോഗിക്കപ്പെടുന്നത്. ഇവിടെയും സുദൃഢമായ വ്യക്തിബന്ധങ്ങള്‍ സംഘടനാപ്രവര്‍ത്തനത്തെ മുന്നോട്ടു നയിക്കാന്‍ സഹായിച്ചു. പലപ്പോഴും സംഘടനാ വിഷയങ്ങളില്‍ പുരുഷേട്ടന്‍ മുന്നോട്ടുവയ്‌ക്കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവര്‍ക്കും സ്വീകാര്യമായി. അഭിപ്രായഭിന്നതകള്‍ ഉണ്ടെങ്കില്‍ അത് അവസാനവാക്കായി പരിഗണിക്കപ്പെട്ടു. തീരപ്രദേശങ്ങളിലെ വീടുകളില്‍ സംഘപ്രചാരകനെന്ന നിലയ്‌ക്കും മത്‌സ്യപ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയെന്ന നിലയിലും പുരുഷേട്ടനുള്ള സ്വീകാര്യത ഈ ലേഖകന് നേരിട്ട് അറിയാന്‍ കഴിഞ്ഞിട്ടുള്ളതാണ്. ഓരോ വീടുകളിലേക്കും ചെല്ലുമ്പോള്‍ അവരുടെ സന്തോഷവും ആത്മാഭിമാനവും ഒന്നുവേറെതന്നെയായിരുന്നു.
പ്രാന്തകാര്യാലയ പ്രമുഖായിരുന്നപ്പോള്‍ പുരുഷേട്ടന്റെ പ്രവര്‍ത്തനത്തിന്റെ മറ്റൊരു മുഖം പ്രകടമായി. ആശയക്കുഴപ്പങ്ങളില്ലാതെ തീരുമാനങ്ങളെടുത്തു. കൃത്യമായിത്തന്നെ ഓരോ കാര്യത്തിലും ഇടപെട്ടു. വളരെയധികം വിദ്യാര്‍ത്ഥികള്‍ കാര്യാലയത്തില്‍ താമസിച്ച് പഠിക്കാനെത്തി. ഇവരുടെ കുടുംബാംഗങ്ങള്‍ ഇടയ്‌ക്കിടെ വന്നുകൊണ്ടിരുന്നു. അവരുമായി പഠന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. വല്ലാത്ത വിശ്വാസത്തോടെയും ഉറപ്പോടെയുമാണ് അവര്‍ തിരിച്ചുപോയിരുന്നത്. അപൂര്‍വം അവസരങ്ങളില്‍ വിദ്യാര്‍ത്ഥികളുമായി പുറത്തുപോകും. ഇഷ്ടമുള്ള ഭക്ഷണം വാങ്ങിക്കൊടുക്കും. ഇങ്ങനെ കാര്യാലയത്തില്‍ നിന്ന് പഠിച്ച പലരും പിന്നീട് വലിയ നിലയിലെത്തി.
വിവിധ നിലകളില്‍ പ്രവര്‍ത്തനനിരതനായിരുന്ന പുരുഷേട്ടന്‍ പക്ഷേ ആരോഗ്യകാര്യത്തില്‍ വലിയ ശ്രദ്ധ കൊടുത്തില്ല. പ്രമേഹം പിടിമുറുക്കിയപ്പോഴും ഒരുതരം കൂസലില്ലായ്മയായിരുന്നു. അപ്പോഴും ഊര്‍ജസ്വലമായി ഓരോന്നും ചെയ്തുകൊണ്ടിരുന്നു. വളരെ പെട്ടെന്ന് രോഗം മൂര്‍ഛിച്ചു. ആഴ്ചയില്‍ മൂന്നു പ്രാവശ്യം ഡയാലിസിസ് വേണ്ടിവന്നു. എന്നിട്ടും ആത്മവിശ്വാസത്തിനും ആജ്ഞാശക്തിക്കും കുറവൊന്നുമുണ്ടായില്ല. എല്ലാം ഇനി ഓര്‍മകളില്‍ മാത്രം. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഇതേ സംഘകാര്യം ചെയ്യാനാവും പുരുഷേട്ടന്‍ ഇഷ്ടപ്പെടുക. ആ ആത്മാവിന് നിത്യശാന്തി നേരുന്നു.
Discussion about this post