കപിലവസ്തുവിലെ സിദ്ധാർത്ഥൻ കൺമുമ്പിലെ ബലിത്തറകളിൽ സമർപ്പിക്കപ്പെട്ട സാധുമൃഗങ്ങളുടെ ജീവരക്തത്താൽ സംപ്രീതനാകുന്ന നിരർത്ഥകമായ ഈശ്വരനെ തേടിയുള്ള യാത്രയിൽ ആണ് ബുദ്ധനായത്.
പൂക്കോടിലെ മൃഗശാസ്ത്ര കലാലയത്തിലെ സിദ്ധാർത്ഥൻ എന്ന സാധുവിദ്യാർത്ഥി ചെന്നു പെട്ടത് ഒരുപറ്റം വന്യമൃഗങ്ങൾക്കിടയിലായിരുന്നു. മനുഷ്യൻ്റെ ചുടുരക്തത്താൽ സംപ്രീതനാകുന്ന രാഷ്ട്രീയ തമ്പുരാൻമാർക്ക് മുമ്പിൽ വിനിമ്രശിരസ്കരാക്കുന്ന ഒരു കൂട്ടം അടിമ മൃഗങ്ങൾക്കിടയിൽ . ( സാക്ഷാൽ മൃഗങ്ങൾ എന്നോട് ക്ഷമിക്കുക)
സിദ്ധാർത്ഥൻ്റെ കുറ്റം കൂട്ട് ചേരാതിരിക്കലായിരുന്നു. ആകാശത്തേക്ക് ചുരുട്ടിയ മുഷ്ടി പായിച്ച് വിപ്ലവാഹ്വാനം മുഴക്കാത്തതായിരുന്നു.
കൂട്ടം കൂടിയ ഹിംസൃമൃഗങ്ങൾ മുഷ്ടിയുയർത്തി ഗ്വാ ഗ്വാ വിളിക്കവെ മൂന്ന് നാൾ നീണ്ട ആൾകൂട്ട വിചാരണയിൽ ശിക്ഷ വിധിച്ച് നഗ്നനാക്കി തൊലി പൊളിച്ച് അവനെ……..
ആ കലാലയ മുറ്റത്ത് വീണ രക്തതുള്ളികൾ വിപ്ലവ ചെങ്കീരികൾ നക്കി കുടിക്കവേ ചുറ്റും കൂടിയ കാട്ടുചെന്നായ് കൂട്ടം ഇങ്കുലാബാ വിളിക്കുന്നുണ്ടായിരുന്നു.
പൂക്കോടിലെ ബലിത്തറയിൽ ഹോമിക്കപ്പെട്ട സിദ്ധാർത്ഥൻ ഒരു ബുദ്ധനായി തീരുകയായിരുന്നു.
നരബലിയുടെ പ്രത്യയശാസ്തത്തിൽ കെട്ടിപ്പൊക്കിയ ചുവന്ന കോട്ടകൊത്തളങ്ങളിൽ വാഴുന്ന രക്തദാഹിയായ മരപ്പട്ടികളെ സാമാന്യജനത്തിന് മുന്നിൽ തൊലിയുരിച്ച മഹാ ബുദ്ധൻ.
ഗ്രാമങ്ങളും കാമ്പസുകളും മറ്റുള്ള ആശയധാരകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ട കമ്മ്യൂണുകളായി പരിവർത്തിതപ്പെടുമ്പോൾ സംജാതമാക്കുന്ന അപകടകരമായ സാമൂഹിക വ്യവസ്ഥയിലേക്ക്
ലക്ഷാവധി വരുന്ന മലയാളികളെ യാഥാർത്ഥ്യ ബോധത്തിലേക്ക് ഉയർത്തുന്ന ശ്രീബുദ്ധൻ.
ചിതലരിച്ച പടിഞ്ഞാറിൻ്റെ ചോര ചുകപ്പാർന്ന ഗീബൽസിയൻ പ്രത്യയശാസ്ത്രത്തെ അറബി കടലിൻ്റെ ആഴങ്ങളിലേക്ക് വലിച്ചെറിയാൻ……
സിദ്ധാർത്ഥ് അങ്ങയുടെ മാതാപിതാക്കളുടെ നെഞ്ചുരുകിയൊലിക്കുന്ന കണ്ണീർ കണങ്ങൾ
ജനിച്ചതും ഇനിയും ജനിക്കാതിരിക്കുന്നതുമായ തലമുറകൾക്ക് രക്ഷാ കവചമായിരുന്നെങ്കിൽ.
നീതിന്യായ കോടതിയുടെ ചങ്ങല കെട്ടാർന്ന തെളിവ് മുറികളിൽ നിറം മാറിയ പെരുഞ്ചാഴികൾ അഭിമന്യുവിൻ്റെ തിരുശേഷിപ്പുകൾ കവർന്നെടുക്കുമ്പോൾ
സിദ്ധാർത്ഥ് നീയൊരു ബുദ്ധനാണ്
ഇനിയും സിദ്ധാർത്ഥിനെ മറവിയുടെ ആഴങ്ങളിൽ ഉപേക്ഷിച്ച് സാമാന്യവത്കരിക്കാനാണ് നമ്മുടെ ഭാവമെങ്കിൽ വേട്ടപ്പട്ടികൾക്ക് മുമ്പിൽ പൂമുഖ വാതിൽ തുറന്നിട്ട കേവല പ്രബുദ്ധർ മാത്രമാണ് മലയാളികൾ…
Discussion about this post