ഓരോ രാഷ്ട്രത്തിനും സംസ്കാരത്തിനും അതിൻ്റേതായ ജീവിത ദർശനവും പാരമ്പര്യവും ഉണ്ടായിരിക്കും. അതാണ് അതിൻ്റെ സവിശേഷതയും വ്യത്യസ്തതയും.വൈവിധ്യപൂർണമായ ലോകസാഹചര്യത്തിൽ ഓരോ രാഷ്ട്രത്തിനും അതിൻ്റേതായ പങ്ക് വഹിക്കാനുണ്ടെന്ന് സ്വാമി വിവേകാനന്ദനും മഹർഷി അരവിന്ദനും വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയംനാഗരികതകൾ തുടരുകയും നശിക്കുകയും ചെയ്യുന്നുവെന്നാണ് ലോക ചരിത്രം നൽകുന്ന പാഠം.സംസ്കാരത്തെയും പാരമ്പര്യത്തെയും അനുസന്ധാനം ചെയ്യുന്ന ജനതയുടെ തിരോഭാവമാണ് സംസ്കാരങ്ങളുടെ മൃതിക്ക് കാരണമാവുന്നത്. അധിനിവേശങ്ങൾ കൊണ്ട് മാത്രമല്ല ആത്മ വിസ്മൃതിയും സംസ്കാരങ്ങളുടെ തിരോധാനത്തിന് കാരണമായിട്ടുണ്ട്. ഭാരതത്തിൻ്റെ വേരുകൾ അനാദിയായ അതിൻ്റെ പാരമ്പര്യത്തിൽ ഉറച്ചു നിന്നു കൊണ്ടാണ് അതിൻ്റെ ചരിത്ര യാത്ര തുടർന്നത്. കാലത്തിനും ചരിത്രഗതികൾക്കും അധിനിവേശങ്ങൾക്കും കീഴ്പ്പെടാതെ നിലനിന്ന ചുരുക്കം ചില സംസ്കാരങ്ങളിൽ ഒന്നാണ് ഭാരതത്തിൻ്റേത്.
അത് മനുഷ്യൻ്റെ ചിന്തയുടെയും മനസിൻ്റെയും സീമകളെയും കടന്ന് പിന്നോട്ട് പിന്നോട്ട് നീണ്ടു കിടക്കുന്നു. “മറ്റേത് നാട്ടിലേക്ക് കടക്കും മുമ്പ് പ്രാജ്ഞത തനത് ഇരിപ്പിടമാക്കിയ പ്രാചീന ഭൂവിഭാഗമത്രേ ഭാരതം ” എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഇത് കൊണ്ടാണ്. അതിപ്രാചീനകാലത്തിൻ്റെ സുദൃഢമായ വേരുകളിലാണ് ഭാരതം ഇന്നും ഉറച്ച് നിൽക്കുന്നത്. കാലഗണനയെ സംബന്ധിച്ചും ഭാരതത്തിൻ്റെ കാഴ്ചപ്പാടിന് ഏറെ വ്യത്യസ്തതകളുണ്ട്. ബ്രഹ്മദേവന്റെ ആയുഷ്ക്കാലത്തിന്റെ ഏറ്റവും ചെറിയ അംശമായ ‘ നേരിയ കമല പത്രം കിഴിക്കുവാനെടുക്കുന്ന സമയത്തിൻ്റെ അംശം മുതൽ കണക്കുകൂട്ടിയെടുത്ത ഋഷിമാരുടെ നാടാണിത്. ഓരോ രാഷ്ട്രത്തിനും അതിൻ്റേതായ കാലഗണനാ സമ്പ്രദായമുണ്ട്. വൈദേശിക ആധിപത്യത്തിന് കീഴ്പ്പെട്ട മണ്ണ് ആധുനിക കലണ്ടറിലേക്ക് മാറിയ സാഹചര്യത്തിൽ പരമ്പരാഗത കാലഗണനയ്ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്ന ചോദ്യമുയരാം.എന്നാൽ ഭാരതീയരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സന്ദർഭങ്ങളിലെല്ലാം വരുന്ന മുഹൂർത്തങ്ങൾ അതത് പ്രദേശവുമായി ബന്ധപ്പെട്ട കലണ്ടർ പ്രകാരമാണ് ഇന്നും നടക്കുന്നത്. പിറന്നാൾ, ശ്രാദ്ധം, ക്ഷേത്ര ഉത്സവങ്ങൾ എന്നിവയിലെല്ലാം പ്രാദേശിക കലണ്ടറുകളെയാണ് മിക്കവാറും പിന്തുടരുന്നത്. ഭാരതീയ കാലഗണന പ്രകാരം പൊതുവേ വർഷാരംഭമായി പരിഗണിക്കപ്പെടുന്നത് വർഷ പ്രതി പദയാണ്. യുഗാദിയെന്ന് വിളിക്കപ്പെടുന്ന ചാന്ദ്ര വർഷാരംഭത്തിന് ഭാരത ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. വിക്രമാദിത്യൻ ശകന്മാരെ പരാജയപ്പെടുത്തിയതിൻ്റെ സ്മരണയ്ക്കായി വിക്രമ വർഷത്തിൻ്റെ ആരംഭമായും ഇത് കണക്കാക്കപ്പെടുന്നു.. ബിസി 57 ലാണ് വിക്രമസംവത്സരംആരംഭിച്ചത്. ഉജ്ജയിനിലെ രാജാവായ വിക്രമാദിത്യൻ്റെ പേരിലാണിത് അറിയപ്പെടുന്നത്. ശകരാജാക്കന്മാരുടെ ക്രൂര ഭരണത്തിനടിയിലായിരുന്ന ഉജ്ജയിനിയെ മോചിപ്പിച്ചത് നീതിമാനായി വാഴ്ത്തപ്പെടുന്ന വിക്രമാദിത്യനിലൂടെയാണ്. ആധുനിക ചരിത്രവുമായി ബന്ധപ്പെട്ട് ഈ ദിനത്തിൻ്റെ പ്രത്യേകത ആർഎസ്എസ് സ്ഥാപകനായ ഡോക്ടർ ഹെഡ്ഗേവാറിൻ്റെ ജന്മദിനം കൂടിയാണ് എന്നതാണ്. സംഘ ശാഖകളിൽ ആദ്യ സർസംഘചാലകന് പ്രണാമമർപ്പിക്കുന്ന ദിനം കൂടിയാണന്ന്.ഭാരതത്തിൻ്റെ സ്വാതന്ത്ര്യം പൂർണ്ണതയിലെത്തുന്നത് രാഷ്ട്ര സ്വത്വത്തെ അതിൻ്റെ ജീവിതാവിഷ്കാരങ്ങളിൽ പ്രകടിപ്പിക്കുമ്പോഴാണെന്നും ദേശീയ ജനതയെ അതിന് പ്രാപ്തമാക്കാൻ നിയതമായ പദ്ധതികൾ വേണമെന്നും നിഷ്കർഷിച്ചുവെന്നതാണ് ചരിത്രത്തിൽ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
1889 ഏപ്രിൽ ഒന്നിനാണ് ഡോക്ടർ ഹെഡ്ഗേവാർ ജനിക്കുന്നത്.1925 സപ്തംബർ 27 വിജയദശമി നാളിൽ സംഘം സ്ഥാപിക്കുന്നത് വരെയുള്ള രണ്ടരപ്പതിറ്റാണ്ട് കാലത്തെ അദ്ദേഹത്തിൻ്റെ ജീവിതം സംഭവബഹുലമായിരുന്നു. ഭാരതസ്വാതന്ത്ര്യ സമരത്തിൻ്റെ നിർണ്ണായക കാലഘട്ടങ്ങളിലൂടെ രാജ്യം കടന്നുപോവുകയായിരുന്നു സ്വാതന്ത്ര്യ സമരത്തിൻ്റെ അവസാന മൂന്നു പതിറ്റാണ്ടുകൾ അതായത് 1920, 30, 40 കാലഘട്ടം സംഘർഷഭരിതമായിരുന്നു. 1920, 1930 കാലഘട്ടങ്ങളിലെ സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ച അദ്ദേഹം സ്വാതന്ത്ര്യ സമരത്തോടൊപ്പം സഞ്ചരിക്കുകയും അതേ സമയം യഥാർത്ഥ സ്വാതന്ത്ര്യത്തിൻ്റെ സ്വത്വബോധത്തിലേക്ക് ജനതയേയും രാഷ്ട്രത്തേയും നയിക്കേണ്ടതിന് പുതിയ വഴികൾ കണ്ടെത്തണമെന്ന അഗാധ അന്വേഷണങ്ങളിലുമായിരുന്നു. 1921 ആഗസ്ത് 19 ന് അറസ്റ്റ് ചെയ്യപ്പെട്ട് കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ജയിൽവാസമനുഷ്ഠിച്ച് 1922 ജൂലൈ 12ന് വിമോചിക്കപ്പെട്ട അദ്ദേഹം നാൽപ്പത്തി ഒന്നാമത്തെ വയസിൽ ഉപ്പുസത്യഗ്രഹത്തിൻ്റെ ഭാഗമായ വന സത്യഗ്രഹത്തിൽ പങ്കെടുത്ത് രണ്ടാമതായി അകോലാ ജയിലിലടക്കപ്പെടുന്നു. 1931 ഫെബ്രുവരി 14നാണ് അദ്ദേഹം മോചിതനാകുന്നത്. സ്വാതന്ത്ര്യ സമര കാലത്തും അതിന് മുമ്പുമുണ്ടായിരുന്ന നിരവധി രാഷ്ടീയ, വിപ്ളവ, മത, സാംസ്കാരിക സംഘടനകളുടെ ചരിത്രവും ഉള്ളടക്കവും അദ്ദേഹം വിശദമായി മനസ്സിലാക്കി. ഭാരത് സ്വയം സേവക മണ്ഡൽ, അനുശീലൻ സമിതി, ഹിന്ദുമഹാസഭ, ഇന്ത്യൻ നാഷനൽ കോൺഗ്രസ് തുടങ്ങിയ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സമരത്തിൽ വ്യത്യസ്ത
വേദികൾ ഉണ്ടാകുന്നതിന് പകരം സ്വാതന്ത്ര്യ സമരത്തിൽ പൊതുവേദിയെന്ന നിലയിൽ കോൺഗ്രസിനെ മുന്നിൽ നിർത്തണമെന്നായിരുന്നു ഡോ. ഹെഡ്ഗേവാറിൻ്റെ സുചിന്തിതമായ തീരുമാനം.എന്നാൽ ഹിന്ദുമഹാസഭയുടെ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുക എന്ന ദൃഢതീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടത്.ദേശീയ ജനതയെ സംഘടിപ്പിക്കുന്നതിൽ മഹാസഭയുടെ മതപരമായ സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഡോ. ഹെഡ്ഗേവാറിൻ്റെ വീക്ഷണം. ഡോ. മുംജെയുമായി വ്യക്തിപരമായ ബന്ധങ്ങളുണ്ടായിരുന്നെങ്കിലും സൈദ്ധാന്തിക വിഷയങ്ങളിൽ മുംജെയുടെ നിലപാടുകളെ അദ്ദേഹം അംഗീകരിച്ചില്ല. മുസ്ലീം വർഗീയ രാഷ്ട്രീയത്തിൻ്റെ പ്രതിക്രിയ എന്ന നിലയിലല്ല മറിച്ച് സംശുദ്ധമായ ദേശീയതയുടെ ആശയതലത്തിലായിരിക്കണം ദേശീയ സംഘടനയെ രൂപപ്പെടുത്തണ്ടത് എന്നായിരുന്നു ഡോക്ടർജി മുന്നോട്ടുവെച്ചത്.വീര സവർക്കരോട് ആദരവ് പ്രകടിപ്പിക്കുമ്പോൾത്തന്നെ ഹിന്ദു മഹാസഭയുടെ കൊടിക്കീഴിൽ സംഘമുണ്ടാകില്ല എന്ന വ്യക്തമായ നിലപാട് അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. സാമ്രാജ്യത്വ വിരുദ്ധ സമരം ബഹുകേന്ദ്രിതമാകാതിരിക്കാൻ കോൺഗ്രസിൻ്റെ സമരമുഖത്ത് ഭാരതീയർ അണിനിരക്കണമെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തിൽ വ്യക്തമാക്കുമ്പോഴും മുസ്ലീം പ്രീണനത്തെയും ദേശീയതയേയും സംബന്ധിച്ച കോൺഗ്രസ് സമീപനത്തിലുള്ള അഭിപ്രായ ഭിന്നത അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഭാരതത്തിൻ്റെ ചരിത്രവും വർത്തമാനവും പരിഗണിച്ച് ഭാവിയെ മുന്നിൽക്കണ്ട് ദേശീയതയിൽ വിട്ടുവീഴ്ചയില്ലാത്ത ഒരു സംഘടന എന്ന വീക്ഷണമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. ഭാരതം നമ്മുടെ സർവ്വസ്വവുമാണ് എന്ന വിചാരവും വികാരവും പ്രകടിപ്പിക്കുന്ന ദേശീയ ജനതയെ സൃഷ്ടിക്കുക എന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തത്. പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ ഹിന്ദു സാമൂഹ്യ പ്രസ്ഥാനങ്ങളുടെ ചരിത്രത്തെ സൂക്ഷ്മമായി അപഗ്രഥിച്ചു കൊണ്ടാണ് സംഘത്തിൻ്റെ ആശയാടിത്തറയ്ക്ക് അദ്ദേഹം രൂപം നൽകിയത്.
സനാതന സാംസ്ക്കാരിക ചേതനയുടെ അടിസ്ഥാനത്തിൽ ദേശീയതയെ നിർവ്വചിക്കാനും അതിൻ്റെ അടിസ്ഥാനത്തിൽ സംഘം ആരംഭിക്കുകയും ചെയ്തു കൊണ്ട് ഹെഡ്ഗേവാർ പറഞ്ഞു –
“സ്വപ്രേരണയാലും സ്വന്തം ഇച്ഛയാലും രാഷ്ട്ര സേവനത്തിൻ്റെ ദൗത്യമേറ്റെടുക്കാൻ സ്വയം തയ്യാറാകുന്ന വ്യക്തികളുടെ രാഷ്ട്ര കാര്യത്തിനായി ഉണ്ടാക്കിയ സംഘടനയാണ് രാഷ്ട്രീയ സ്വയംസേവക സംഘം. ഓരോ രാഷ്ട്രത്തിലും ആ രാഷ്ട്രത്തിലെ ജനങ്ങൾ ദേശസേവനത്തിനായി ഇത്തരം സംഘടനകൾ സ്ഥാപിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട ഹിന്ദുരാഷ്ട്രം അഥവാ ഭാരതം നമ്മുടെ പ്രവർത്തന മേഖലയായതുകൊണ്ട് അതിന്റെ നന്മക്കും രക്ഷക്കുമായി ഈ രാജ്യത്ത് സംഘം സ്ഥാപിച്ചിരിക്കുന്നു. ഈ സംഘത്തിലൂടെ രാഷ്ട്രത്തിൻ്റെ എല്ലാ വിധത്തിലുമുള്ള ഉന്നതിക്കായി നാം പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നു.”
മഹത്വപൂർണ്ണമായ ആശയാടിത്തറയിൽ സംഘടനയുടെ ജാതകം കുറിച്ചുവെന്ന് മാത്രമല്ല ഇതിൻ്റെ ലക്ഷ്യം സാധ്യമാക്കുന്നതിനുള്ള പദ്ധതിയും അദ്ദേഹം ആവിഷ്കരിച്ചു. ചരിത്രത്തിൽ ഇത്തരം ശ്രമങ്ങൾക്കിടയിൽ ഉണ്ടായ പരാജയങ്ങളുടെ ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊണ്ടാണ് സംഘആശയത്തിൻ്റെ അടിത്തറയായി ആദർശ വ്യക്തിത്വങ്ങളെ സൃഷ്ടിക്കാനുള്ള പദ്ധതിയും ശാഖയിലൂടെ അദ്ദേഹം ആവിഷ്കരിച്ചത്.ആദർശ വ്യക്തിത്വത്തെക്കുറിച്ച് പ്രസംഗിക്കുകയായിരുന്നില്ല മറിച്ച് അതിൻ്റെ ആൾരൂപമായി അദ്ദേഹം സ്വയം മാറി. ജീവിതത്തിൽ നിന്ന് ജീവിതത്തിലേക്ക് പരിണമിച്ച് വികസിച്ച ഒരു സംഘടനയുടെ ലോകത്തിലൊരിടത്തുമില്ലാത്ത ഉദാഹരണമായി രാഷ്ട്രീയ സ്വയംസേവക സംഘം മാറി. ഡോക്ടർജിയുടെ ജീവിത പുസ്തകമാണ് സംഘത്തിൻ്റെ വിചാരധാരയും പദ്ധതിയും. ഇതിനെ പിന്തുടർന്നു കൊണ്ടാണ് അനേകായിരങ്ങൾ അതിൻ്റെ ഭാഗമായി പിന്നീട് മാറിയത്. സംഘം ഭാരതത്തിൽ സൃഷ്ടിച്ച ഐതിഹാസികമായ പരിവർത്തനത്തിൻ്റെ മൂലസ്രോതസ് ആ മഹത് ജീവിതത്തിൽ നിന്നാണ് ആരംഭിച്ചത്. യുഗപരിവർത്തന ദിനമായി വർഷപ്രതിപദ അറിയപ്പെടുന്നത് ഇത് കൊണ്ടു കൂടിയാണ്.
Discussion about this post