ആര്‍എസ്എസിനെക്കുറിച്ച് പറയാതെയുള്ള ആധുനിക ഭാരതത്തിന്റെ ചരിത്രം അപൂര്‍ണ്ണമായിരിക്കും. 1925 ല്‍ സ്ഥാപിതമായ ആര്‍എസ്എസ് ശതാബ്ദിയില്‍ എത്തിനില്‍ക്കുന്നു. അവഗണന, പരിഹാസം, എതിര്‍പ്പ് എന്നീ അവസ്ഥകള്‍ കടന്ന് ഈ ഹിന്ദുത്വ പ്രസ്ഥാനം എങ്ങനെയാണ് സ്വീകാര്യത നേടിയതെന്ന അറിവ് പലതലമുറകളെയും പ്രചോദിപ്പിക്കും. ആര്‍എസ്എസിന്റെ പൊതുവായ ചരിത്രവും, കേരളത്തില്‍ 1942 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയതിന്റെ ചരിത്രവും രേഖപ്പെടുത്താന്‍ ഔദ്യോഗികമായി തീരുമാനിച്ചിരുന്നു. ‘രാഷ്‌ട്രീയ സ്വയംസേവക സംഘം കേരളത്തില്‍’ എന്ന ശീര്‍ഷകത്തില്‍ അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥപരമ്പരയുടെ ആദ്യ ഭാഗം പ്രകാശനം ചെയ്യപ്പെട്ടിരിക്കുന്നു.
ആര്‍എസ്എസ് സ്ഥാപിതമായി പതിനേഴ് വര്‍ഷം കഴിഞ്ഞ് പ്രവര്‍ത്തനം ആരംഭിച്ച കേരളത്തില്‍ രാജ്യത്തെ മറ്റിടങ്ങളില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്തമായ വെല്ലുവിളികളാണ് ഈ സംഘടനയ്‌ക്ക് നേരിടേണ്ടിവന്നത്. ഹൈന്ദവമായ നവോത്ഥാനത്തിന്റെ ഒരു പശ്ചാത്തലം ഉണ്ടായിരുന്നെങ്കിലും മതപരവും രാഷ്‌ട്രീയവുമായ എതിര്‍പ്പുകള്‍ അഭിമുഖീകരിക്കേണ്ടിവന്നു. നവോത്ഥാനത്തെ ഹൈജാക്കു ചെയ്ത ശക്തികള്‍ ആര്‍എസ്എസിന്റെ ആശയങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വലിയ തെറ്റിദ്ധാരണ പരത്തി. എന്നിട്ടും പ്രവര്‍ത്തനത്തില്‍ മുന്നേറ്റം നടത്താന്‍ ആര്‍എസ്എസിന് കഴിഞ്ഞു. അപ്പോഴും എതിരാളികള്‍ സൃഷ്ടിച്ച തെറ്റായ പ്രതിച്ഛായ ജനങ്ങളുടെ മനസ്സില്‍ നിലനിന്നു. ഇങ്ങനെയൊരു പശ്ചാത്തലം ഉള്ളതിനാല്‍ ആര്‍എസ്എസിന്റെ ചരിത്രവും ആശയങ്ങളും ശരിയായി പ്രചരിപ്പിക്കേണ്ടത് ഇക്കാലത്തെയും ആവശ്യമാണ്. ഇതിന്റെ വലിയ ചുവടുവയ്‌പ്പാണ് ഈ ഗ്രന്ഥപരമ്പര.
ആര്‍എസ്എസ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് 1942 ലാണല്ലോ. അതു മുതല്‍ സംഘടനാപരമായി കേരള സംസ്ഥാനം രൂപീകൃതമായ 1964 വരെയുള്ള ചരിത്രമാണ് ആദ്യഭാഗത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. സംഘം പ്രവര്‍ത്തനം തുടങ്ങുമ്പോഴുള്ള ചരിത്ര പശ്ചാത്തലം ആമുഖത്തില്‍ ഇങ്ങനെ പ്രതിപാദിച്ചിട്ടുണ്ട്. ‘അടിമപ്പെട്ടും കീഴടങ്ങിയും ജീവിക്കാന്‍ വിധിക്കപ്പെട്ടിരുന്ന ഹിന്ദുക്കള്‍, ന്യൂനപക്ഷ പ്രീണനം നടത്തിക്കൊണ്ടിരുന്ന രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും നേരിട്ടുകൊണ്ടിരുന്ന അവഗണനയില്‍ നിന്ന് മോചനം ലഭിക്കാന്‍ ദാഹിച്ചിരുന്ന കാലമായിരുന്നു അത്.’ ഈയൊരു കാലഘട്ടത്തില്‍ നിന്ന് ഹിന്ദു സമൂഹത്തെ മോചിപ്പിക്കാന്‍ തുടക്കത്തില്‍ എന്തൊക്കെയാണ് ആര്‍എസ്എസ് ചെയ്തതെന്ന് ഈ ഗ്രന്ഥത്തില്‍ വായിക്കാം.
നിരവധിയാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷതകള്‍. ആര്‍എസ്എസിനെക്കുറിച്ച് മറ്റുള്ളവര്‍ക്കുമാത്രമല്ല, സംഘടനാ പ്രവര്‍ത്തകര്‍ക്കുമുള്ള പല ധാരണകളും തിരുത്തുന്നു എന്നതാണ് ആദ്യത്തേത്. കേരളത്തില്‍ സംഘ പ്രവര്‍ത്തനം തുടങ്ങിയത് കോഴിക്കോടാണെന്നതും, ആദ്യ പ്രചാരകനായി എത്തിയത് ദത്തോപാന്ത് ഠേംഗ്ഡിയാണെന്നതും പൊതുധാരണയാണ്. എന്നാല്‍ സംഘപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത് തിരുവനന്തപുരത്താണെന്നും, ആദ്യ പ്രചാരകനായി എത്തിയത് ഡോ. ഹെഡ്‌ഗേവാര്‍ ആരംഭിച്ച ആദ്യ ശാഖയില്‍ പങ്കെടുത്ത നീലകണ്ഠ യശ്വന്ത് തേലംഗ് ആണെന്നും ഈ പുസ്തകം രേഖപ്പെടുത്തുന്നു. കാശി ഹിന്ദു സര്‍വ്വകലാശാലയില്‍ തേലംഗിന്റെ സുഹൃത്തായിരുന്ന കേശവന്‍ നായര്‍ അവിടെ ശാഖയില്‍ പങ്കെടുത്തിരുന്നുവെന്നും, ഡോ.ഹെഡ്‌ഗേവാറിനെ ആദ്യമായി നേരില്‍ കണ്ട മലയാളി ഈ തിരുവനന്തപുരം സ്വദേശിയാണെന്നും കണ്ടെത്തിയിരിക്കുന്നു. ഇതുപോലുള്ള നിരവധി വിവരങ്ങള്‍ ഈ പുസ്തകം വായനക്കാര്‍ക്ക് നല്‍കുന്നുണ്ട്.
കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്‍പു തന്നെ സംഘസ്ഥാപകനായ ഡോ. ഹെഡ്‌ഗേവാറുമായി സംസ്ഥാനത്തിന് ബന്ധമുണ്ട്! സ്വാതന്ത്ര്യ സമരത്തില്‍ പങ്കുചേര്‍ന്ന് 1932 ല്‍ ഹെഡ്‌ഗേവാര്‍ നടത്തിയ വനസത്യാഗ്രഹത്തോട് ഐക്യം പ്രഖ്യാപിച്ച് കാസര്‍കോട് വനസത്യാഗ്രഹം നടന്നിരുന്നുവെന്നത് പലര്‍ക്കും തീര്‍ത്തും പുതിയ അറിവായിരിക്കും.
കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ വ്യാപനം, ജില്ലകള്‍ തോറും പ്രവര്‍ത്തനം തുടങ്ങിയത്, ഗാന്ധിവധത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിച്ച നിരോധനം കേരളത്തില്‍ വിജയകരമായി നേരിട്ടത് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ക്രമാനുഗതമായി പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വിവിധ ഇടങ്ങളില്‍ സംഘപ്രവര്‍ത്തനം തുടങ്ങുന്നതിനും വ്യാപി
പ്പിക്കുന്നതിനും കേരളത്തിലെ ആദ്യകാല പ്രചാരകന്മാരും മറ്റുള്ളവരും നേരിട്ട പ്രതിസന്ധികളും വെല്ലുവിളികളും എടുത്തുപറയുന്നുണ്ട്. ടി.എന്‍. ഭരതന്‍, ടി.എന്‍. മാര്‍ത്താണ്ഡന്‍, പി.മാധവന്‍, പി.പരമേശ്വരന്‍, ആര്‍.വേണുഗോപാല്‍, ആര്‍. ഹരി, എ.വി. ഭാസ്‌കരന്‍ തുടങ്ങിയവരും, ഇപ്പോഴും പ്രചാരകന്മാരായി തുടരുന്ന എം.എ. കൃഷ്ണന്‍, എസ്. സേതുമാധവന്‍ തുടങ്ങിയവരും നടത്തിയ പ്രവര്‍ത്തനങ്ങളുടെ രേഖാചിത്രങ്ങളും ഈ പുസ്തകത്തില്‍ വരച്ചിടുന്നുണ്ട്. മഹാരാഷ്‌ട്രയില്‍ നിന്നു വന്ന് മലയാളിയായിത്തീര്‍ന്ന കെ. ഭാസ്‌കര്‍ റാവുവിന്റെ സംഭാവനകളും അനുസ്മരിക്കുന്നു. പ്രചാരകന്മാരാവാതെ തന്നെ ആദ്യകാലത്ത് സംഘപ്രവര്‍ത്തനം നടത്തുകയും, പിന്നീട് സമൂഹത്തില്‍ അറിയപ്പെടുകയും ചെയ്ത വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ആദ്യകാലത്തെ പ്രതികൂലമായ സാഹചര്യത്തിലും സംഘത്തോട് സഹകരിച്ച പ്രമുഖ വ്യക്തികളെക്കുറിച്ചും, അവരുടെ സംഭാവനകളെ കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. ആഗമാനന്ദ സ്വാമികള്‍, സ്വാമി ചിന്മയാനന്ദ, എന്‍എസ്എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭന്‍, മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കര്‍, കേരള ഗാന്ധി കെ.കേളപ്പന്‍, സാഹിത്യ നിരൂപകന്‍ കുട്ടികൃഷ്ണമാരാര്‍, പ്രമുഖ എഴുത്തുകാരായ പുത്തേഴത്ത് രാമന്‍ മേനോന്‍, ചിറയ്‌ക്കല്‍ ടി. ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവരുടെ സംഘവുമായുള്ള ബന്ധവും പ്രതിപാദിച്ചിരിക്കുന്നു.
രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറുടെ കേരള സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവരങ്ങളും അത്യപൂര്‍വമായ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളത് അക്കാലത്തു തന്നെ സംഘത്തിന് സമൂഹത്തില്‍ ലഭിച്ചിരുന്ന സ്വീകാര്യതയ്‌ക്ക് തെളിവാണ്. ആലുവ നഗരസഭ ഗുരുജിക്ക് സ്വീകരണം കൊടുത്ത വിവരവും, എറണാകുളം സന്ദര്‍ശിച്ച ഗുരുജിയുടെ അന്നത്തെ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ പറമ്പത്തറയോടൊത്തുള്ള ചിത്രവും അധികമാര്‍ക്കും അറിയാത്തതാണ്. ഇതുപോലെ തന്നെയാണ് ഗാന്ധിവധത്തിന്റെ പേരില്‍ സംഘത്തെ കുറ്റപ്പെടുത്തിയതിന് ‘ദേശാഭിമാനി’ പത്രം മാപ്പുപറഞ്ഞതിന്റെ വാര്‍ത്ത സഹിതം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച രാമസിംഹനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്തത്, 1948 ലെ സംഘ നിരോധനം സംബന്ധിച്ച സര്‍ക്കാരിന്റെ വിജ്ഞാപനം, ഇതിനെതിരെ നടത്തിയ സത്യഗ്രഹം തുടങ്ങിയവയുടെ ‘മാതൃഭൂമി’ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയും മുഖപ്രസംഗവും വിലപ്പെട്ട ചരിത്രരേഖകളാണ്. രാമസിംഹന്‍ ആരാധിച്ചിരുന്നതും പിന്നീട് പുനര്‍നിര്‍മിച്ചതുമായ മാട്ടുമ്മല്‍ നരസിംഹ ക്ഷേത്രത്തിന്റെ ചിത്രം നല്‍കിയിട്ടുള്ളത് പ്രതീകാത്മകമാണ്. ആദ്യകാലത്ത് സംഘവും കേരളവും നേരിട്ട വിവിധ പ്രശ്‌നങ്ങളോട് എങ്ങനെയാണ് പ്രതികരിച്ചതെന്ന് ‘കേസരി’ വാരികയുടെ പഴയ താളുകളില്‍ നിന്നെടുത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത് ചരിത്രത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്. ശ ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിച്ചതിനെക്കുറിച്ച് ശബരിമല ക്ഷേത്ര ധ്വംസന പ്രതിഷേധ കമ്മിറ്റി പുറത്തിറക്കിയ അഭ്യര്‍ത്ഥനയും അതേപടി പ്രസിദ്ധീകരിച്ചിരിക്കുന്നു.
ആധുനിക കേരളത്തിന്റെ ചരിത്രത്തിന് സമാന്തരമായി സഞ്ചരിക്കുന്നതല്ല ആര്‍എസ്എസിന്റെ ചരിത്രമെന്ന് ഈ പുസ്തകം ഓര്‍മ്മിപ്പിക്കുന്നു. കേരളത്തനിമ എന്നത് അടിസ്ഥാനപരമായി ഭാരതപ്പഴമയുടെ പ്രതിഫലനമാണ്. കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ ദേശീയ ധാരയില്‍ നിന്ന് അടര്‍ത്തി മാറ്റാനാണ് ഇവിടെ വേരുറപ്പിച്ച രാഷ്‌ട്രീയ-മത ശക്തികള്‍ ശ്രമിച്ചു പോന്നിട്ടുള്ളത്. പ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ ഈ ശക്തികളെ എതിരിട്ട് ദേശീയ ധാരയെ ആര്‍എസ്എസ് എങ്ങനെയാണ് ശക്തിപ്പെടുത്തിയതെന്ന് അറിയാന്‍ ഈ പുസ്തകത്തിലൂടെ കഴിയും. എഡിറ്റര്‍ കെ.പി. രാധാകൃഷ്ണന്‍, സി.എം. രാമചന്ദ്രന്‍, ഡോ. എ. ധീരജ്, ഇ.സി. അനന്തകൃഷ്ണന്‍, എം. ശ്രീഹര്‍ഷന്‍ എന്നിവരടങ്ങുന്ന പത്രാധിപസമിതി ശ്രമകരമായ ഒരു അക്ഷര ദൗത്യം വിജയകരമായി നിര്‍വഹിച്ചിരിക്കുന്നു. അടുത്ത നാല് ഭാഗങ്ങളോടെ പൂര്‍ത്തിയാവുന്ന ഈ ഗ്രന്ഥ പരമ്പര പലനിലയ്‌ക്കും മുതല്‍ക്കൂട്ടായിരിക്കും.
Discussion about this post