രാഷ്ട്രവിരുദ്ധ മുദ്രാവാക്യങ്ങള്‍ തൊണ്ടകാറി വിളിച്ചുകൂവി ക്ഷീണിച്ചുപോയ ഒരു കൂട്ടരുടെ കടുത്ത അസൂയയും നിരാശയുമാണ് ഗണഗീതങ്ങളോടുള്ള അസ്വസ്ഥത എന്ന് പറയാതെ വയ്യ. ആര്‍എസ്എസുകാരന്‍ പാടുന്ന പാട്ട് എന്നതല്ല ഭാരതമാതാവിനെ വാഴ്ത്തുന്ന പാട്ട് എന്നതുതന്നെയാണ് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. സോവിയറ്റെന്നൊരു നാടുണ്ടല്ലോ, പോകാന്‍ കഴിഞ്ഞെങ്കിലെന്ത് ഭാഗ്യം എന്ന് പണ്ടേക്കുപണ്ടേ പാടി നടക്കുകയും പാടിപ്പിക്കുകയും ചെയ്ത ഉരുപ്പടികള്‍ക്കെന്ത് ഭാരതമാതാവ്. ഞങ്ങടെ നേതവല്ലീച്ചെറ്റ ജപ്പാന്‍കാരുടെ കാല്‍നക്കി എന്ന് നേതാജി സുഭാഷ്ചന്ദ്രബോസിനെയും ഗാന്ധി എന്താക്കി, ഇന്ത്യ മാന്തി പുണ്ണാക്കി എന്ന് മഹാത്മാ ഗാന്ധിജിയെയും അധിക്ഷേപിച്ചവര്‍ക്കെന്ത് ഭഗത് സിംഹനും ഝാന്‍സി റാണിയും?
അനശ്വരനായ സി.വി. രാമന്‍പിള്ള ഒരു പ്രഹസനത്തില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകളെ മോസ്‌കോയില്‍ മഴ പെയ്യുമ്പോള്‍ ഇവിടെ കുട പിടിക്കുന്നവര്‍ എന്ന് പരിഹസിച്ചിട്ടുണ്ട്… കാലമിത്രമാറിയിട്ടും അവര്‍ക്ക് മാത്രം മാറ്റമില്ല. പവിത്ര ഗംഗയെയും പാവന ഭാരതത്തെയും നയിക്കാന്‍ റഷ്യയിലും ചൈനയിലുമൊക്കെ സുപ്രഭാതം ഉദിക്കുമെന്ന് ഉളുപ്പില്ലാതെ പാടി നടക്കുകയാണ് ഇപ്പോഴും അവര്‍ കേരളത്തിലെ തെരുവുകളില്‍….. എംഎല്‍എമാരും എംപിമാരുമടക്കമുള്ള ചെങ്കൊടിക്കാര്‍ പാടിത്തുള്ളുന്ന ഒരു പാട്ടുണ്ട്.
‘പൂക്കളേ നൂറു നൂറു പൂക്കളേ
ലാല്‍സലാം ലാല്‍സലാം
ലാല്‍സലാം സഖാക്കളേ…. ആകെ ഹരം കൊണ്ട് ഉറഞ്ഞുതുള്ളി പുഷ്പിതന്മാര്‍ ഉറക്കെപ്പാടുന്ന അടുത്ത വരികളിലുണ്ട് സ്വദേശപ്രേമം.
വോള്‍ഗ തന്നലകളില്‍
യാങ്സി തന്‍ തടങ്ങളില്‍
ഉദിച്ച സുപ്രഭാതമേ
നീ നയിക്കു ഗംഗയെ
നീ നയിക്കുകിന്ത്യയെ….
എന്തെങ്കിലും പിടികിട്ടുന്നുണ്ടോ.. ഇന്ത്യയെ നയിക്കാന്‍, ഗംഗയെ നയിക്കാന്‍ കമ്മ്യൂണിസത്തെ വിളിച്ചുവരുത്തണമെന്നാണ് ആഹ്വാനം. അതും ഇവിടുള്ളതൊന്നും പോരാ റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും വരണം. ഇതിനപ്പുറം രാജ്യവിരുദ്ധതയെന്താണ് വേറെയുള്ളത്.
ഈയടുത്ത കാലത്താണ് ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പുകസയുടെ വിജൃംഭിതവീര്യവുമായ ഒരു പുമാന്‍ ഒഎന്‍വി കുറുപ്പിന്റെ മനോഹരമായ ഒരു പാട്ടിനെ വ്യാഖ്യാനിച്ചുകേട്ടത്.
‘വെള്ളാരംകുന്നിലെ
പൊന്മുളം കാട്ടിലെ
പുല്ലാങ്കുഴലൂതും കാറ്റേ വാ… ‘ എന്ന പാട്ട്.
ഇപ്പറയുന്ന വെള്ളാരംകുന്ന് ഹിമാലയമാണെന്നാണ് പുകസക്കാരന്‍ പുകച്ചുകൂട്ടി കണ്ടുപിടിച്ചത്. പൊന്മുളംകാട് എന്ന് പറഞ്ഞാല്‍ ചൈനയാണത്രെ. അതായതുത്തമാ…. പൊന്മുള എന്നാൽ മഞ്ഞനിറമുള്ള മുള. അതെവിടെയാ…. ചൈനയില്‍. അവിടെ പുല്ലാങ്കുഴലൂതുന്ന കാറ്റിനെ കവി വിളിക്കുകയാണ്. എങ്ങോട്ടാണെന്നറിയുമോ? പട്ടിണിയും പരിവട്ടവും കൊണ്ട് കരുവാളിച്ചുപോയ കരുമാടിക്കുട്ടന്മാര്‍ കൊതിതുള്ളും തോപ്പിലേക്ക്. അതേത് തോപ്പെന്ന് അന്തം വിടുന്ന അന്തങ്ങളോട് നിരൂപകപ്രമാണി ചിറി കോട്ടി പുച്ഛമിട്ട് പറയും, ഇന്ത്യ എന്ന്. അതാണ് പ്രകൃതം.
കറുപ്പ് തിന്ന് മയങ്ങിയ
മഞ്ഞക്കാടത്തത്തിന്‍നേരെ
ഇവിടെപ്പുതിയൊരു
താണ്ഡവമാടാന്‍ വരുന്നു ഭാരതവീരന്‍ എന്ന് ചൈനയുടെ അതിക്രമകാലത്ത് ദേശാഭിമാനികളെ കോള്‍മയിരണിയിച്ച കവിയെയാണ് ഇയാള്‍ ചൈനീസ് ഭക്തനാക്കാന്‍ ശ്രമിച്ചതെന്ന് ഓര്‍ക്കണം. കേരളത്തിന്റെ കോണില്‍ ഈ പാര്‍ട്ടിയെ ഒതുക്കിക്കെട്ടിയ ഭാരതത്തിലെ ജനകോടികള്‍ക്ക് നന്ദി പറയാതെങ്ങനെ.
ആര്‍എസ്എസുകാര്‍ ശാഖയില്‍ പാടുന്ന പാട്ടുകള്‍ ഉള്‍ക്കൊള്ളുന്ന ഗാനാഞ്ജലിയിലെ ഒരു ഗീതം ഇങ്ങനെയാണ് തുടങ്ങുന്നത്,
അനുപദമനുപദമന്യദേശങ്ങള്‍ തന്‍
അപദാനം പാടുന്ന പാട്ടുകാരാ
ഇവിടുത്തെ മണ്ണിന്റെ മഹിമകള്‍ പാടുവാന്‍
ഇനിയുമില്ലാത്മാഭിമാനമെന്നോ?
പേരില്‍ ദേശാഭിമാനവും വരികളില്‍ നിറയെ ദേശവിരുദ്ധതയും കുത്തിനിറയ്ക്കുന്ന മാധ്യമങ്ങള്‍ക്കും ഇത് ബാധകമാണ്. എന്തായാലും വന്ദേഭാരതില്‍ ഭാരതത്തെ വന്ദിക്കുകയല്ലാതെ വന്ദേ ചൈന എന്ന് പാടാന്‍ പറ്റില്ലല്ലോ. ചത്ത എലിയെ വീട്ടില്‍ നിന്ന് തൂക്കിയെറിയുന്ന ലാഘവത്തോടെ ലോകമെമ്പാടുമുള്ള ചുവപ്പന്‍ തുരുത്തുകളെല്ലാം കമ്മ്യൂണിസത്തെ കുഴികുത്തിമൂടി, വികസനത്തിന്റെയും പുരോഗതിയുടെയും വിശാല ലോകത്തിലേക്ക് തിരിഞ്ഞിട്ടും കുണ്ടുകിണറ്റില്‍ നിന്ന് തല പൊക്കി നോക്കാനുള്ള സാമാന്യ വിവേകം പോലും മാക്രിസ്റ്റുകള്‍ക്ക് ഉദിക്കാത്തതെന്തുകൊണ്ടാണെന്ന് വിപ്ലവം മോഹിച്ച് ഇന്നും പിന്നാലെ പോകുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്.
നെഹ്‌റുവിന് ശേഷം ഇഎംഎസ് എന്നും ചെങ്കോട്ടയിലും ചെങ്കൊടി പാറുമെന്നും ഒരുകാലത്ത് സ്വപ്‌നം കണ്ടിരുന്നവരുടെ വാഗ്ദത്തഭൂമിയുടെ ഇപ്പോഴത്തെ വിസ്തൃതി നിരാശയ്ക്ക് വലിയ കാരണമാണ്. ആ നിരാശയില്‍ മുഴുകി ഭ്രാന്ത് പിടിപെട്ടതുകൊണ്ടാണ് ഭാരതം എന്ന് കേള്‍ക്കുമ്പോഴേ അടിമുടിയടിമുടി അവര്‍ക്ക് വിറ കയറുന്നത്.
ഭാരതം, ഭാരതാംബ, കാവിക്കൊടി, നിലവിളക്ക്, പരമപവിത്രം മുതല്‍ ഇപ്പോള്‍ പൂജ, ശ്രീകോവില്‍, ബലിഹവ്യം, നിര്‍മാല്യം …. എല്ലാം പ്രശ്‌നമാണ്. കാലില്‍ തൊട്ടുതൊഴരുത്, നമസ്‌തെ പറയരുത്, ശരണം വിളിക്കരുത്…. അങ്ങനെയങ്ങനെ സഹ്യമലയ്ക്കിപ്പുറത്ത്, കോടമഞ്ഞിന്‍ പട്ടുടുത്ത് പ്രബുദ്ധമലയാളി പുരയ്ക്ക് മീതേ വളര്‍ത്തിയ പാഴ്മരത്തെ സംരക്ഷിക്കാൻ കോട്ടകെട്ടാനുള്ള ശ്രമത്തിലാണ് പാവങ്ങള്‍. അവരറിയുന്നില്ല ഓരോ നിമിഷവും പാടിയും പറഞ്ഞും എതിര്‍ത്തും കലഹിച്ചും അവര്‍ സംഘമാവുകയാണെന്ന്. അല്ലെങ്കില്‍ നോക്കൂ… സര്‍വകലാശാലയിലേക്ക് ഗണവേഷധാരിയായ വിസിയുടെ ചിത്രവുമായി പോയത് ആരാണ്? ഗവര്‍ണറെ തോല്‍പിക്കാന്‍ തെരുവ് തോറും ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം വിളിച്ച് സമ്മേളനങ്ങള്‍ നടത്തിയതാരാണ്. ഗണഗീതം കേട്ട് അസൂയ മുഴുത്ത് സാരേ ജഹാം സേ അച്ഛാ എന്ന് ഈണത്തില്‍ പാടിയതാരാണ്….
അര്‍ത്ഥം അറിയാതെയാണെങ്കിലും ബലികുടീരങ്ങളേ എന്ന ഒന്നാന്തരം ദേശഭക്തിഗാനം ആസ്ഥാനപ്പാട്ടായി സ്വീകരിച്ചവരാണവര്‍. 1857ലെ രാജ്യത്തെ ആദ്യത്തെ സംഘടിത സായുധ സ്വാതന്ത്ര്യസമരത്തിന്റെ ശതാബ്ദിയില്‍ തിരുവനന്തപുരത്ത് രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് പങ്കെടുത്ത പരിപാടിയില്‍ പാടാന്‍ വയലാര്‍ എഴുതിയ പാട്ടാണ് ബലികുടീരങ്ങളേ….. ആ ബലികുടീരങ്ങളിൽ ത്രസിക്കുന്നത് നാനാസാഹേബിന്റെയും താത്യാ തോപ്പെയുടെയും ഝാന്‍സിറാണിയുടെയും മംഗള്‍ പാണ്‌ഡെയുടെയുമൊക്കെ ധീര സ്മൃതികളാണ്. ആ പാട്ടിലെ പൊന്‍കൊടിയെ ചെങ്കൊടിയാക്കി നാടകമാടി നടന്നവര്‍ക്ക് രണസ്മാരകങ്ങളില്‍ ജന കോടികൾ ചാർത്തുന്ന മാലയുടെ നിറം സിന്ദൂരമായതെങ്ങനെയെന്ന് അറിയാത്തത് അവരുടെ മാത്രം തെറ്റാണ്.
സ്‌കൂള്‍ പ്രവേശനകാലത്ത് പള്ളിക്കൂടങ്ങളില്‍ കുഞ്ഞുങ്ങളുടെ പാട്ടും നൃത്തവും പൊതുവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക പേജുകളില്‍ പ്രസിദ്ധീകരിക്കുക പതിവുണ്ട്. എന്തിന് അങ്കണവാടികളില്‍ ബിര്‍നാണി നല്കണമെന്ന് ശിവന്‍കുട്ടിയപ്പൂപ്പന്‍ ഉത്തരവിട്ടത് വരെ അങ്ങനെയൊരു വീഡിയോയുടെ പുറത്താണ്. റയില്‍വേ അപരാധം ചെയ്തുവെന്ന വാദത്തിന് അത്രയേ പ്രസക്തിയുള്ളൂ…
കൂമ്പാളക്കോണകത്തിലെ കാരണവന്മാരെ (പ്രയോഗം സാക്ഷാല്‍ വി.ടി. ഭട്ടതിരിപ്പാടിന്റേത്) ഇറക്കി സംഘപ്രാര്‍ത്ഥനയ്ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടാക്കുന്ന നേരംകൊണ്ട് നമുക്ക് നാടിന് വേണ്ടി എന്തെങ്കിലും ചെയ്യാം. തെറ്റ് തിരുത്തി, നല്ല പാട്ടുകള്‍ ഒത്തുചേര്‍ന്ന് പാടാനുള്ള അവസരമുണ്ടാകണം. ചാനലുകാരന്‍ വയറ്റിപ്പിഴപ്പിനും റേറ്റിങ്ങിനും നീട്ടുന്ന നീണ്ട കോലിനറ്റത്ത് ഒരു ചൂണ്ടക്കൊളുത്തുണ്ടെന്ന് ഓര്‍ക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്. അതുകൊണ്ട് വരൂ സഖാവേ… സഹോദരാ…. അസൂയയും നിരാശയും മറന്ന് നമുക്ക് ഒരുമിച്ച് പാട്ടുകള്‍ പാടാം. നാടിന്റെ പാട്ടുകള്‍….



















Discussion about this post