2020 ഓഗസ്റ്റ് 11 ന് നടന്ന ബെംഗളൂരൂ കലാപം സർക്കാരിന്റെയും നിയമപാലകരുടെയും മാത്രമല്ല, വലിയ രീതിയിൽ സമൂഹത്തിന്റെയും കണ്ണുതുറപ്പിക്കുന്നതാണ്. ഇതിന്റെ പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച് നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്. ഇത്രയും അധികം ആളുകൾക്ക് അതും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സംഘടിക്കാനായത് യാതൊരു ആസൂത്രണവും ഇല്ലാതെ നടപ്പാക്കാൻ സാധിക്കുമോ? സാമൂഹ്യ മാധ്യമങ്ങളിൽ കൂടി ഒരു സന്ദേശം നൽകി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇത്രയധികം ആളുകൾക്ക് പൂർണ്ണമായ തയ്യാറെടുപ്പോടുകൂടി വ്യാപകമായ ആക്രമണം നടത്താൻ എങ്ങനെ സാധിക്കും? മുൻകൂട്ടിയുള്ള ആസൂത്രണവും കൃത്യമായ മാർഗ്ഗനിർദ്ദേശവും കൂടാതെ പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് ഇത്ര വ്യാപകമായി ഉണ്ടായ നാശനഷ്ടവും പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടമാടിയ ക്രൂരമായ ആക്രമണവും എങ്ങനെയാണ് ഒന്നിന് പിറകേ ഒന്നായി തുടർച്ചയായി നടത്താൻ സാധിക്കുന്നത്?
ധാരാളം തെരുവുകളുടെയും ഇടുങ്ങിയ റോഡുകളുടെയും വലിയ സാന്നിദ്ധ്യമുള്ള കിഴക്കൻ ബംഗളൂരുവിൽ ചൊവ്വാഴ്ച രാത്രി പോലീസിന് എതിരേ നടന്ന അക്രമങ്ങൾ അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കെജി ഹള്ളി, ഡിജെ ഹള്ളി പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള കാവൽബൈരസന്ദ്ര, കെജി ഹള്ളി, ഡിജെ ഹള്ളി എന്നീ മൂന്ന് പ്രദേശങ്ങളിലാണ് അക്രമം വ്യാപിച്ചത്. പോലീസ് വെടിവയ്പിൽ 3 പേർ കൊല്ലപ്പെടുകയും കലാപത്തിനിടെ വിവിധ സ്ഥലങ്ങളിൽ 60 ലധികം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
2020 ഓഗസ്റ്റ് 11 ചൊവ്വാഴ്ച രാത്രി ബെംഗളൂരുവിൽ നടന്ന വ്യാപകമായ കലാപങ്ങളുടെ ഉത്ഭവം കാവൽബൈരസന്ദ്ര പ്രദേശത്തെ പ്രാദേശിക ന്യൂനപക്ഷ സമുദായ അംഗങ്ങളുടെ യോഗത്തോടു കൂടിയായിരുന്നു. പ്രാദേശിക കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവസാമൂർത്തിയുടെ ബന്ധുവിന്റെ നിന്ദ്യമായ ഫേസ്ബുക്ക് പോസ്റ്റ് ചർച്ച ചെയ്യുകയായിരുന്നു യോഗത്തിന്റെ ലക്ഷം. യോഗ തീരുമാനപ്രകാരം ഈ വിഷയം ഏറ്റെടുക്കാനും എംഎൽഎയോടും പോലീസിനോടും നേരിട്ട് കണ്ട് കാര്യങ്ങൾ അന്വേഷിക്കാനും അംഗങ്ങൾ തീരുമാനിച്ചു.
കോൺഗ്രസ് നിയമസഭാംഗത്തിന്റെ അനന്തരവൻ നവീൻ അയോദ്ധ്യയിൽ രാമ ക്ഷേത്രത്തിനായി ഭൂമി പൂജ നടത്തിയതിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ സന്ദേശമിട്ടിരുന്നു. ഇതിൽ പ്രകോപിതരായ ഏതാനും വ്യക്തികൾ വളരെ അധിക്ഷേപരമായ ചില സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ഇതിന്റെ മറുപടിയെന്നോണം വീണ്ടും സാമൂഹ്യ മാധ്യമത്തിൽ ഇട്ട പോസ്റ്റ് ന്യൂനപക്ഷ മതവികാരം വൃണപ്പെടുത്തുന്നതാണ് എന്ന തരത്തിൽ നടന്ന വ്യാപകമായ പ്രചരണമാണ് കലാപത്തിന് വിത്ത് പാകിയത്. ചില പ്രാദേശിക എസ്‌ഡിപിഐ പ്രവർത്തകർ ഉൾപ്പെടെയുള്ള സാമുദായിക നേതാക്കൾ ഇത് ഏറ്റെടുത്ത് നടപടിയെടുക്കാൻ തങ്ങൾ പ്രതിനിധീകരിക്കുന്ന സമൂഹത്തിനു മേൽ സമ്മർദ്ദം ചെലുത്തി. അങ്ങനെയാണ് യോഗം കൂടുന്നതും തീരുമാനങ്ങൾ എടുക്കുന്നതും.
യോഗ തീരുമാനപ്രകാരം എസ്‌ഡിപിഐ പ്രവർത്തകരടങ്ങുന്ന ഒരു സംഘം ശ്രീനിവാസമൂർത്തിയുടെ വീട്ടിലേക്കും മറ്റൊരു സംഘം കെജി ഹള്ളി പോലീസ് സ്റ്റേഷനിലേക്കും പോയി. പോലീസ് സ്റ്റേഷനിൽ എത്തിയ സംഘം പരാതി നൽകിയ ശേഷം ഉടനടി കുറ്റാരോപിതനായ നവീനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സൈബർ കുറ്റകൃത്യവും തന്ത്രപ്രധാനവുമായ പ്രശ്‌നവുമായതിനാൽ മുതിർന്ന ഉദ്യോഗസ്ഥർ എത്തുന്നതുവരെ കാത്തിരിക്കണമെന്ന് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ സംഘത്തോട് പറഞ്ഞു. എന്നാൽ നവീനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അവർ ഭീഷണി സ്വരത്തിൽ ആവശ്യപെട്ടുകൊണ്ടിരുന്നു. ശരിയായ തെളിവുകളില്ലാതെ അത് സാധ്യമല്ലെന്ന് പോലീസുകാർ വിശദീകരിക്കുകയും നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തെങ്കിലും അവർ അത് അംഗീകരിക്കാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് സാമൂഹ്യ മാധ്യമത്തിലിട്ട പോസ്റ്റിനെതിരായ പരാതി സ്വീകരിക്കാൻ പോലീസ് വിസമ്മതിച്ചതായി ഒരു കിംവദന്തി പരന്നു. കലാപത്തിനുള്ള ആഹ്വാനവും നടപടികളും ഇതേ തുടർന്ന് ആരംഭിക്കുകയായിരുന്നു.
അന്ന് രാത്രി 7 മണിയോടെ പുലകേശിനഗർ എംഎൽഎ ശ്രീ അഖണ്ഡ ശ്രീനിവസാമൂർത്തിയുടെ വീടിന് മുന്നിൽ ആരംഭിച്ച നാടകങ്ങൾ രാത്രി 12 മണി വരെ നീണ്ടുനിന്നു. രാത്രി 10 മണിയോടുകൂടി കാര്യങ്ങൾ വഷളായി. കെജി ഹള്ളി, ഡിജെ ഹള്ളി പോലീസ് സ്റ്റേഷനുകൾ ജനക്കൂട്ടം ആക്രമിച്ച് പൂട്ടിയിടുകയും പോലീസ് വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. രണ്ട് സ്റ്റേഷനുകളിലെയും സഹപ്രവർത്തകരെ സഹായിക്കുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാഞ്ഞെത്തിയ അധിക പോലീസ് സേനയെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് കല്ലുകൾ, ഇഷ്ടികകൾ, കുപ്പികൾ, മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിച്ച് കലാപകാരികൾ ആക്രമിച്ച് തടസ്സപ്പെടുത്തി.
അക്രമികൾ തെരുവുവിളക്കുകൾ വ്യാപകമായി തകരാറിലാക്കിയതോടെ ഇരുട്ടിൽ റോഡ് തടസ്സങ്ങൾ നീക്കാൻ പോലീസ് നന്നേ പാടുപെട്ടു. കലാപകാരികൾ കേടുപാടുകൾ വരുത്തുകയും തീകൊളുത്തുകയും ചെയ്ത വാഹനങ്ങൾ നടുറോഡിൽ ഇട്ട് പോലീസ് വാഹനങ്ങളെ വിവിധ സ്ഥലങ്ങളിൽ തടഞ്ഞിട്ടു.
വ്യാപകമായ ആക്രമണങ്ങളിൽ വാഹനങ്ങളും കെട്ടിടങ്ങളും ഉൾപ്പടെ വളരെയധികം വസ്തുവകകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായി. അറുപതോളം പോലീസ് ഉദ്യോഗസ്ഥന്മാർക്ക് പരിക്കേറ്റു.
കലാപത്തിന് അറുതി വരുത്തിനായി പോലീസ് നടത്തിയ വെടിവയ്പിൽ മൂന്ന് ആളുകൾ മരണമടഞ്ഞു. ഇതേക്കുറിച്ച് ബാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ കമാൽ പന്ത് പറഞ്ഞത് ഇതാണ്:
” 75 പോലീസ് ഉദ്യോഗസ്ഥരോടൊപ്പം എനിക്ക് കെജി ഹള്ളിയുടെ ചെറിയ തെരുവുകളിലൂടെ നടക്കേണ്ടിവന്നു. ഞങ്ങൾ നടന്നു പോയ വഴികളിൽ തെരുവ് വിളക്കുകൾ ആദ്യം കല്ലെറിഞ്ഞു തകർത്ത് പ്രദേശം മുഴുവൻ ഇരുട്ടിലാക്കപ്പെട്ടു. അടുത്ത നിമിഷം, പൂച്ചട്ടികൾ, പല വലുപ്പത്തിലുള്ള കല്ലുകൾ, കുപ്പികൾ, ടയറുകൾ, മരക്കഷണങ്ങൾ, ഇഷ്ടികകൾ എന്നിവ ഞങ്ങളുടെ നേരെ വന്ന് പതിച്ചു കൊണ്ടിരുന്നു. ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ സംരക്ഷണ കവചങ്ങൾ തകർന്നു, എന്റെ സേനാംഗങ്ങൾക്ക് പരിക്കേറ്റു. അപ്പോഴാണ് ഞങ്ങൾ വായുവിലേക്ക് വെടിവയ്ക്കാൻ ഉത്തരവിട്ടത് “
അഗ്നിശമന സേനയിലെ ഒരംഗം പറഞ്ഞത് ഇതാണ്:
കെജി ഹള്ളി പോലീസ് സ്റ്റേഷനിൽ എത്താൻ ടാനറി റോഡിലൂടെ കടന്നുപോയ ഒരു ഫയർ ആൻഡ് എമർജൻസി സർവീസ് ഫയർ ട്രക്കിന് ആൾക്കൂട്ടത്തിന്റെ ആക്രമണം കാരണം മുന്നോട്ട് പോകാൻ സാധിച്ചില്ല. രണ്ട് ഫയർ ടെൻഡറുകൾ ഇതിനകം സ്ഥലത്തെത്തി അഗ്നിക്കിരയായ വാഹനങ്ങളുടെ തീ അണച്ചുകൊണ്ടിരുന്നു. സ്റ്റേഷന് അര കിലോമീറ്റർ മുമ്പ് ഒരു ജനക്കൂട്ടം ഞങ്ങളുടെ പാത തടഞ്ഞു. അവർ ഞങ്ങളുടെ വാഹനത്തിന്റെ ചില്ലുകൾ തകർത്തു. അവരിൽ ചിലർ ഞങ്ങളെ വാഹനത്തിൽ നിന്നും പുറത്തേക്ക് വലിച്ചിട്ട് മർദ്ദിച്ചു. ഭാഗ്യവശാൽ ഞങ്ങളെ കണ്ട ഒരു സായുധ പോലീസ് സംഘം ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നെങ്കിലും ജനക്കൂട്ടം അവരെയും വളഞ്ഞു.”
പോലീസ് റിപ്പോർട്ടുകൾ പ്രകാരം എല്ലായിടത്തും വ്യാപകമായി അക്രമാസക്തരായ ജനക്കൂട്ടം ഉണ്ടായിരുന്നു. ഒരു ഭാഗത്ത് നിന്ന് ജനക്കൂട്ടത്തെ നീക്കം ചെയ്തയുടനെ തന്നെ മറ്റൊരു ഭാഗത്ത് ഒന്നിച്ചു കൂടുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. പല റൗണ്ട് വെടിവെയ്പിനും ടിയർഗാസ് ഷെല്ലുകൾ ഉതിർത്തതിനും ശേഷമാണ് കലാപം അവസാനിപ്പിക്കാൻ സാധിച്ചത്.
അക്രമത്തിന് പ്രേരിപ്പിക്കുന്നതിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) വഹിച്ച പങ്ക് കർണാടക സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 2009 ൽ സ്ഥാപിതമായ എസ്ഡിപിഐ ഇസ്ലാമിക മതമൗലിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യുടെ രാഷ്ട്രീയ സംഘടനയാണ്. രാജ്യത്തുടനീളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന വിവിധ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിൽ എസ്ഡിപിഐ വളരെ സജീവമായിരുന്നു. എസ്‌ഡിപിഐയുടെ മാതൃ സംഘടനയായ പിഎഫ്‌ഐ വിവിധ സാമൂഹ്യവിരുദ്ധ, ദേശവിരുദ്ധ പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തവും വിവിധ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധവും ഉണ്ടെന്ന ആരോപണം നേരിടുന്ന സംഘടനയാണ്. 2020 ജനുവരിയിൽ ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ 19 പേരുടെ മരണത്തിന് ഇടയാക്കിയ സി.എ.എ. വിരുദ്ധ പ്രക്ഷോഭത്തിനോട് അനുബന്ധിച്ചു നടന്ന അക്രമങ്ങൾക്ക് പ്രേരണ നൽകിയ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണം എന്ന് തെളിവുകൾ സഹിതം ആവശ്യപ്പെട്ടിരുന്നു.
ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ഇപ്പോൾ നടന്ന ബാംഗ്ലൂർ കലാപത്തെ ഒരു ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. ദില്ലി, യുപി, കേരളം, കർണ്ണാടക എന്നിങ്ങനെ കലാപങ്ങൾ അരങ്ങേറുന്ന സംസ്ഥാനങ്ങളുടെ പട്ടിക നിരന്തരം വളർന്നുകൊണ്ടിരിക്കുകയാണ്. തീവ്രവാദികൾ, ദേശവിരുദ്ധർ, അർബൻ നക്സലുകൾ എന്നിവരുടെ ഒരു ഐക്യമുന്നണി രാജ്യത്ത് നടത്തുന്ന വർദ്ധിച്ചുവരുന്ന അക്രമങ്ങൾ ആകസ്മികമായോ പ്രാദേശികമായ പ്രകോപനത്താലോ സംഭവിക്കുന്നതല്ല. രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താനുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണിത്. ഇസ്‌ലാമിക ഭീകരതയും ചുവപ്പ് ഭീകരതയുമായുള്ള സങ്കലനം ഭീകരമായ ഒരു വിഷക്കൂട്ടാണ്. ഇതിനെ ഇല്ലാതാക്കാൻ ഭാരതവും ലോകത്തിൽ സമാധാനം കാംക്ഷിക്കുന്ന മറ്റ് ലോകരാഷ്ട്രങ്ങളും സംയുക്തമായി പ്രവർത്തിക്കണം. ആത്യന്തികമായി പൊതുജനങ്ങളും ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും തെറ്റായ അഭ്യൂഹങ്ങൾക്ക് ചെവി കൊടുക്കാതെ ജാഗ്രത പാലിക്കുകയും വേണം. തീവ്രവാദികളുടെയും ദേശവിരുദ്ധരുടെയും പിടിയിൽ നിന്ന് നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനു വേണ്ടി നടക്കുന്ന പ്രവർത്തനങ്ങളിൽ നമ്മുടെ സാന്നിദ്ധ്യവും സഹകരണവും അത്യന്താപേക്ഷിതമാണ്.
എന്നാൽ ഏറ്റവും സുപ്രധാനവുമായ വിഷയം, സമീപകാലത്ത് രാജ്യമെമ്പാടും നടന്ന കലാപങ്ങളുടെ ഒരു പരമ്പരയിൽ നിന്ന് അതിന്റെ പ്രവർത്തനത്തെക്കുറിച്ച് നമുക്ക് എന്തെങ്കിലും നിഗമനത്തിലെത്താൻ കഴിയുമോ എന്നുള്ളതാണ്. തീർച്ചയായും ഒരു കൃതമായ നിഗമനത്തിൽ എത്തിച്ചേരാൻ സാധിക്കും. പെട്ടെന്നുളള ഒരു സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം വ്യാപകമായ കലാപങ്ങൾ സംഘടപ്പിക്കപ്പെടുന്നു എന്നുള്ളതുകൊണ്ട് മുൻകൂട്ടിയുളള ഒരു പദ്ധതിയുടെ ഭാഗമായി ഭാരതത്തിന്റെ വിവിധ കോണുകളിൽ പതിയിരിക്കുന്ന, ഇത്തരം സന്ദേശത്തിനായി കാത്തിരിക്കുന്ന, ദേശവിരുദ്ധരുടെ ധാരാളം സ്ലീപ്പിംഗ് സെല്ലുകൾ ഉണ്ടെന്ന് ഉറപ്പിക്കാനാകും. ഏതു സമയത്തും ലഭിക്കുന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിവിധ അക്രമ പ്രവർത്തനങ്ങളിലൂടെ പോലീസിനെ തടസ്സപ്പെടുത്തിക്കൊണ്ട് സമൂഹത്തിൽ വലിയ തോതിലുള്ള നശീകരണവും കൊലപാതകവും നടത്താനുമുളള കൃത്യമായ ക്രമീകരണമാണ് ഉള്ളതെന്ന് ഇതുവരെ നടന്ന സംഭവങ്ങളിൽ നിന്നും അനുമാനിക്കാവുന്നതാണ്. കൃത്യമായ അന്വേഷണങ്ങളിലൂടെ ഇക്കൂട്ടരെ കണ്ടെത്താനും അവരുടെ ദേശവിരുദ്ധ, തീവ്രവാദ ഗൂഢാലോചനകളും പദ്ധതികളും നിർവ്വീര്യമാക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും സുരക്ഷാ സേനകളുടെയും പരമാവധി ശ്രദ്ധയും പരിശ്രമവും ശക്തമായ നടപടികളും എത്രയും പെട്ടന്ന് ഉണ്ടാകണം.
Discussion about this post