ന്യൂദല്‍ഹി: നിസ്വാര്‍ത്ഥ സേവനത്തിലൂടെയും രാഷ്ട്രനിര്‍മാണത്തിലൂടെയും ആര്‍എസ്എസ് തലമുറകളെ പ്രചോദിപ്പിച്ചുവെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍. ശ്യാം ജാജുവും അനുപം ത്രിവേദിയും ചേര്‍ന്ന് രചിച്ച ആര്‍എസ്എസ് @100: എ സെഞ്ച്വറി ഓഫ് സര്‍വീസ്, യൂണിറ്റി ആന്‍ഡ് സാക്രിഫൈസ് എന്ന പുസ്തകം ഉപരാഷ്ട്രപതിഭവനില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘശതാബ്ദിയോട് അനുബന്ധിച്ച് ഒരു പുസ്തകത്തിന്റെ പ്രകാശനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വ്യക്തിപരമായ ബഹുമതിയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സംഘത്തെക്കുറിച്ചുള്ള തമിഴ് ഗീതം അനുസ്മരിച്ചുകൊണ്ട്, നൂറ് വര്‍ഷത്തെ ഈ യാത്രയില്‍ ആര്‍എസ്എസ് സേവനത്തിന്റെ പവിത്രനദിയായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ സാംസ്‌കാരികമായ അടിവേരുകളും പൈതൃകവും പാരമ്പര്യങ്ങളും പുനരുജ്ജീവിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ് സംഘത്തിന്റെ യാത്രയെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. സേവനം, ഐക്യം, ത്യാഗം എന്നീ ആദര്‍ശങ്ങള്‍ തലമുറകളായി സ്വയംസേവകര്‍ക്ക് പ്രചോദനമാണ്. യുവത്വത്തിന്റെ അസംസ്‌കൃത ഊര്‍ജ്ജത്തെ ദേശീയതയുടെ ആത്മാവിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന പരിശീലനകേന്ദ്രമാണ് ആര്‍എസ്എസ് ശാഖകളെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
പരിപാടിയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആര്‍എസ്എസ് ഉത്തര ക്ഷേത്ര സംഘചാലക് പവന്‍ ജിന്‍ഡാല്‍, ദല്‍ഹി നിയമസഭ സ്പീക്കര്‍ വിജേന്ദര്‍ ഗുപ്ത, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്സ് പ്രസിഡന്റ് റാം ബഹാദൂര്‍ റായ്, എഴുത്തുകാരായ ശ്യാം ജാജു, അനുപം ത്രിവേദി, പ്രഭാത് പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ പ്രഭാത് കുമാര്‍ എന്നിവരും പങ്കെടുത്തു.
















Discussion about this post