പട്ടാളം മാപ്പിളമാരുടെ വീടുകള്‍ തീവച്ചു നശിപ്പിക്കുകയും അവരില്‍ പലരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പട്ടാളക്കാര്‍ പോയതോടുകൂടെ അവരെ സഹായിച്ചവരോ അവരുടെ വരവില്‍ സന്തോഷിച്ചവരോ ആ ഹിന്ദുക്കളുടെ നേരെ ലഹളക്കാര്‍ തിരിഞ്ഞു. അങ്ങനെ സഹായം ചെയ്തവരില്‍ ചുരുക്കം ചില മാപ്പിളമാരുമുണ്ടായിരുന്നു. 24-ാം തിയതി രാത്രി വരാന്‍ പോകുന്ന ആപത്തുകള്‍ യാതൊന്നും ശങ്കിക്കാതെ തുവ്വൂരിലെ നിവാസികള്‍ അവരവരുടെ വീടുകളില്‍ കിടന്നുറങ്ങുന്നു. അങ്ങനെയുള്ള നൂറോളം വീടുകള്‍ നേരം പുലരുന്നതിനു മുമ്പായി മാപ്പിളമാര്‍ വളഞ്ഞു. അകത്തുള്ളവരോട് പുറത്തിറങ്ങാന്‍ കല്‍പിച്ചു. അവരില്‍ ചിലര്‍ ഓടി രക്ഷപ്പെട്ടു. ശേഷമുള്ളവരില്‍ പുരുഷന്മാരെയെല്ലാം ലഹളക്കാര്‍ കൈയും കാലും കെട്ടി ബന്ധനസ്ഥരാക്കി. സ്ത്രീകളെയും കുട്ടികളെയും ഒന്നും ഉപദ്രവിച്ചില്ല. അതിനുശേഷം ആ വീടുകളെല്ലാം ചുട്ടു. പിടിച്ചുകെട്ടിയവരെയെല്ലാം ചേരിക്കമ്മല്‍കുന്ന് എന്ന സ്ഥലത്തേക്കും പിന്നെ അവിടെ നിന്ന പാങ്ങോട് എന്ന സ്ഥലത്തേക്കും കൊണ്ടുപോയി. അവിടെ കുന്നിന്റെ ചരിവിലുള്ള ഒരു പറമ്പില്‍ കിഴക്കുഭാഗത്തായി ഒരു പാറയുണ്ട്. ആ പാറയുടെ അടുത്തുവച്ച് ഓരോരുത്തരുടെയും വിചാരണ ആരംഭിച്ചു. ഈ വിചാരണ നടത്തിയത് വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയാണെന്നും ചെമ്പ്രശേരി തങ്ങളാണെന്നും ജനങ്ങള്‍ രണ്ടുവിധത്തില്‍ പറയുന്നുണ്ട്. അക്കാലത്ത് പത്രങ്ങളില്‍ പ്രസിദ്ധം ചെയ്തിരുന്ന വര്‍ത്തമാനങ്ങളിലും ഈ വിധം വിരുദ്ധമായിട്ടാണ് കാണുന്നത്. അധികം ജനങ്ങളും വിശ്വസിച്ചു വന്നിട്ടുള്ളത് ഈ ക്രിയ ചെമ്പ്രശേരി തങ്ങളാണ് നടത്തിയിട്ടുള്ളതെന്നാണ്. തങ്ങളാണെങ്കില്‍ തന്നെ അതുലഹളത്തലവനായി പ്രസിദ്ധി നേടിയിട്ടുള്ള കുഞ്ഞിക്കോയ തങ്ങളല്ലെന്നും തുവ്വൂരിലുള്ള ചില മാപ്പിളമാര്‍ ്എന്നോട് പറയുകയുണ്ടായിട്ടുണ്ട്. ആരായാലും ആ പ്രദേശത്ത് വച്ച് ഒരു കഠിനകൃത്യം നടത്തിയിട്ടുണ്ടെന്നതിന് സംശയമില്ല. മേല്‍പറഞ്ഞ പാറയുടെ അടുത്തുവച്ച് അനേകം ഹിന്ദുക്കളെയും ഏതാനും മാപ്പിളമാരെയും ലഹളത്തലവന്‍മാരുടെ ‘മാര്‍ഷ്യല്‍ ലോ’ പ്രകാരം വിചാരണ ചെയ്ത് ഗളച്ഛേദം ചെയ്യുവാന്‍ വിധി കല്‍പിച്ചുവെന്നും അവരെ അപ്പോള്‍തന്നെ ആ പറായില്‍ നിന്നു സുമാര്‍ 15 വാര ദൂരത്തുള്ള കിണറ്റിനരികെ കൊണ്ടുപോയി വെട്ടി കിണറ്റിലിട്ടുവെന്നും ഉള്ളതിന് യാതൊരു സംശയവുമില്ല. മുപ്പത്തിനാല് ഹിന്ദുക്കളെയും രണ്ട് മാപ്പിളമാരെയുമാണങ്ങനെ ഗളച്ഛേദം ചെയ്തത് എന്നാണ് അക്കാലത്തെ ലഹളസ്ഥലത്തുനിന്ന് ഓടിവന്നവര്‍ പറഞ്ഞിട്ടുള്ളത്. ഇരുപതു പേരെ മാത്രമേ അവിടെവച്ചു കൊന്നിട്ടുള്ളവെന്നും ശേഷം പേരെ വേറെ സ്ഥലത്തുവച്ചാണ് കൊന്നതെന്നും മറ്റൊരു വിധത്തിലും കേട്ടിട്ടുണ്ട്. ഏതായാലും ലഹള കഴിഞ്ഞ് കുറച്ചുമാസം കഴിഞ്ഞശേഷം ശ്രീനിവാസശാസ്ത്രിയോടുകൂടി ആ കിണറ്റില്‍ ചെന്നുനോക്കുവാന്‍ ഒരവസം എനിക്കുണ്ടായി. അപ്പോള്‍ അതില്‍ ഇരുപതോളം തല ഞങ്ങള്‍ക്കെണ്ണാന്‍ സാധിച്ചു. ഒരു തല ഈര്‍ച്ചവാള്‍ കൊണ്ട് ഈര്‍ന്നതായി കണ്ടിരുന്നുവെന്ന് ചില സന്ദര്‍ശകര്‍ വര്‍ത്തമാനപ്പത്രങ്ങളില്‍ എഴുതിക്കണ്ടതായി ഓര്‍ക്കുന്നുണ്ട്. പക്ഷേ, ഞങ്ങള്‍ അതു പരിശോധിക്കുകയുണ്ടായില്ല.
ഇപ്രകാരം കൊല ചെയ്യപ്പെട്ടവരില്‍ മൂന്ന് എമ്പ്രാന്തിരിമാരും ഉള്‍പ്പെട്ടിരുന്നു.
ഈ ഘോരകൃത്യം കഴിഞ്ഞതോടുകൂടി ഏറനാടിന്റെ കിഴക്കന്‍ പ്രദേശങ്ങളിലുള്ള ഹിന്ദുക്കള്‍ പല ദിക്കുകളിലേക്കും പാച്ചിലായി. ഉടുത്ത മുണ്ടിന്നിണയില്ലാതെ, ആഹാരത്തിന് വഴിയില്ലാതെ, കാട്ടിലൊളിച്ചും പട്ടിണി കിടന്നും വീടും കുടിയും വെടിഞ്ഞ് എങ്ങോട്ടെന്നറിയാതെ പേടിച്ചരണ്ടു പാഞ്ഞുപോയ ആ അഗതികളുടെ അപകടങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഏവരുടെയും ഹൃദയം പൊട്ടിത്തകരുന്നതാണ്. ഇങ്ങനെയുള്ള അത്യാപത്തുകള്‍ക്ക് അവനവന്റെ ബുദ്ധിമോശമോ, ആലോചനക്കുറവോ വിദൂരമായിട്ടെങ്കിലും കാരണമായിട്ടുണ്ടെങ്കില്‍ ആ മഹാപാപം കരുണാനിധിയായ ജഗദീശ്വരന്‍ പൊറുത്തുരക്ഷിക്കട്ടെയെന്നു പ്രാര്‍ഥിക്കയല്ലാതെ മറ്റെന്തു ചെയ്യാം.
ചെമ്പ്രശേരി തങ്ങള്‍
ലഹളയുടെ രണ്ടാമത്തെ ഘട്ടത്തിന്റെ ആരംഭത്തില്‍ ഒറാളെ ജീവനോടെ തോലുരുച്ചുകൊന്നുവെന്നും അനേകം പേരെ വെട്ടി കിണറ്റിലിട്ടുവെന്നും പലവിധത്തിലുള്ള കഠോരകൃത്യങ്ങള്‍ നടന്നിരുന്നുവെന്ന്ും ജനങ്ങള്‍ കേട്ടും വിശ്വസിച്ചും വന്നിരുന്നു. ചെമ്പ്രശേരി കുഞ്ഞിക്കോയ തങ്ങളെപ്പറ്റി ചില വിവരണങ്ങള്‍ കൊടുക്കുന്നത് ഈ സന്ദര്‍ഭത്തില്‍ അനൗചിത്യമായിരിക്കില്ല. തോലുരിച്ചു കൊന്നുവെന്ന പ്രസ്താവം ഭോഷ്‌കാണെന്നാണ് എന്റെ അന്വേഷണത്തില്‍ അറിഞ്ഞിട്ടുള്ളത്. തങ്ങള്‍ അക്രമങ്ങളൊന്നും നടത്തിയിട്ടില്ലെന്നു പറയുവാന്‍ ഞാന്‍ തയ്യാറല്ലെങ്കിലും തുവ്വൂരില്‍ ടന്ന കൂട്ടക്കൊലയും മറ്റും നടത്തിയത് അയാളല്ലെന്നുതന്നെയാണ് അറിയുന്നത്.
ചെമ്പ്രശേരി കുഞ്ഞിക്കോയ തങ്ങള്‍ ആ പ്രദേശത്ത് സ്ഥാപിച്ച ഖിലാഫത്ത് കമ്മിറ്റിയിലെ പ്രസിഡന്റായിരുന്നു. വളരെ സാത്വികനും ദൈവവിശ്വാസമുള്ളവനും എല്ലാവരോടും വളരെ ദയയും അനുഭാവവുമുള്ള ആളുമായിട്ടാണ് ഇദ്ദേഹത്തെ പലരും വര്‍ണിച്ചു കേട്ടിട്ടുള്ളത്. ആരെപ്പറ്റി എന്തെങ്കിലും പറയുമ്പോഴെല്ലാം ‘പാവം, പാവം’ എന്ന വാക്കുകള്‍ ഉച്ചരിക്കുന്നത് അദ്ദേഹത്തിന്റെ ഒരു പതിവായിരുന്നു. ഞാന്‍ സഹകരണത്യാഗിയാകുന്നതിന് അല്‍പം മുമ്പാണ് ഈ തങ്ങളെ ആദ്യമായി കണ്ടത്. ഒരുവിധം വെളുത്ത് തടിച്ചു, നീണ്ട്, ആകൃതിഗുണങ്ങള്‍ തികഞ്ഞ ദേഹത്തോടുകൂടിയ തങ്ങളെ വളരെ ശാന്തനും സാത്വികനുമായിട്ടാണ് എനിക്കു തോന്നിയത്. അദ്ദേഹത്തെപ്പറ്റി ലഹളക്കാലത്തു കേട്ട സംഗതികള്‍ എനിക്ക് വലിയ അത്ഭുതത്തിന് കാരണമായി. അതിനാലാണ് ഞാന്‍ ആ സംഗതിയെപ്പറ്റി പ്രത്യേകം പലരോടും അന്വേഷിക്കാനിടയായത്. എന്റെ അന്വേഷണത്തില്‍ ഈ അക്രമപ്രവര്‍ത്തനങ്ങളൊന്നും ഈ തങ്ങളല്ല ചെയ്തിട്ടുള്ളത് എന്നുതന്നെയാണറിവായത്. ആ വംശത്തില്‍ത്തന്നെയുള്ള ഇമ്പിച്ചിക്കോയ തങ്ങള്‍ കുഞ്ഞഹമ്മദ് ഹാജിയുടെ കൂട്ടത്തിലും അല്ലാതെയും പല അക്രമങ്ങള്‍ പ്രവര്‍ത്തിച്ചതായി തുവ്വൂരില്‍ നിന്നും മറ്റും എനിക്ക് വിവരം കിട്ടീട്ടുമുണ്ട്. ചെമ്പ്രശേരി തങ്ങന്മാര്‍ രണ്ടുപേരുണ്ടായിരുന്നതുകൊണ്ടും അതില്‍ പ്രധാനി കുഞ്ഞിക്കോയ തങ്ങളായിരുന്നതുകൊണ്ടും ഇമ്പിച്ചിക്കോയ തങ്ങളുടെ അപരാധങ്ങളെല്ലാം കുഞ്ഞിക്കോയ തങ്ങള്‍ വഹിക്കേണ്ടി വന്നതില്‍ അത്ഭുതമൊന്നുമില്ല. കിണറ്റിനടത്തുവച്ച് വെട്ടിക്കൊല്ലുന്ന വര്‍ത്തമാനം ഈ വലിയ തങ്ങള്‍ കേട്ട് ‘പാവം, പാവം’ എന്നു പറഞ്ഞുകൊണ്ടുചെന്ന് കൊല്ലാന്‍ ശേഷിച്ചിട്ടുള്ളവരെ രക്ഷപ്പെടുത്തിയെന്നുകൂടെ വര്‍ത്തമാനമുണ്ട്.
ചെമ്പ്രശേരി തങ്ങള്‍ ഈ ലഹളയില് ഏര്‍പ്പെടുവാനുള്ള കാരണം കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. ലഹളയുടെ ആരംഭത്തില്‍ തന്നെ കുഞ്ഞഹമ്മദ് ഹാജി തങ്ങളുടെ അടുത്തുചെന്ന് പല സൂത്രങ്ങളും പ്രയോഗിച്ചു വശത്താക്കിയിരുന്നു. തങ്ങളുടെ അനുഗ്രഹമുണ്ടായാല്‍ ഉണ്ടയെല്ലാം പഞ്ഞിയായിപ്പോകുമെന്നും വെടിതന്നെ പൊട്ടുകയില്ലെന്നും മാപ്പിളമാരില്‍ പലരും വിശ്വസിച്ചിരുന്നതുകൊണ്ട് ലഹളക്കാരുടെ സംഘം വര്‍ധിപ്പിക്കാന്‍ തങ്ങളുടെ സഹായം വളരെ ആവശ്യമാണെന്നു കാണുകയാലാണ് കുഞ്ഞഹമ്മദ് ഹാജി ആ കാര്യത്തില്‍ അത്ര പരിശ്രമിച്ചത്. അതുപ്രകാരം തങ്ങള്‍ ലഹളയ്‌ക്കൊരുമ്പെട്ടു. വെടി കൊള്ളുകയില്ലെന്നും ഉണ്ട വെള്ളമായോ പഞ്ഞിയായോ പോകുമെന്നും മറ്റും ജനങ്ങളെ വിശ്വസിപ്പിച്ചു. പക്ഷേ യുദ്ധത്തിനൊരുങ്ങിപ്പുറപ്പെട്ടപ്പോഴേക്ക് ലഹള ഒരുവിധം സമാധാനമായതിനാല്‍ തങ്ങള്‍ അബദ്ധത്തില്‍പ്പെട്ട് ചെമ്പ്രശേരിയിലും അടുത്തപ്രദേശത്തുമായി കഴിയുകയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ചെമ്പ്രശേരി മുതലായ പ്രദേശങ്ങളില്‍ പട്ടാളം വന്നതും പല മാപ്പിളമാരെയും അറസ്റ്റ് ചെയ്തതും വേറെ പല അക്രമങ്ങളും പ്രവര്‍ത്തിച്ചതും. അതു കേട്ടപ്പോള്‍ തങ്ങള്‍ പരിഭ്രമിച്ച് എന്തോ പറഞ്ഞിരിക്കണം. അതല്ലാതെ ഈ വിധം അക്രമങ്ങളൊന്നും നടത്തുവാന്‍ താന്‍ അനുവദിക്കുകയോ ആജ്ഞാപിക്കയോ ചെയ്തിരുന്നില്ല എന്നാണ് ഞാന്‍ ചോദിച്ചവരെല്ലാം എ്‌ന്നോട് പറഞ്ഞ്. സത്യം ദൈവത്തിനറിയാം.
ചെമ്പ്രശേരിയില്‍ ഈ സംഭവങ്ങള്‍ കഴിഞ്ഞതിനുശേഷം ലഹളക്കാര്‍ ലഹളയില്‍ ചേരാത്തവരെ പല ദേഹോപദ്രവങ്ങളും ഏല്‍പിക്കാന്‍ തുടങ്ങിയതായി ചേരാത്തവരെ പല ദേഹോപദ്രവങ്ങളും ഏല്‍പിക്കാന്‍ തുടങ്ങിയതായി പല ദിക്കില്‍ നിന്നും വര്‍ത്തമാനങ്ങള്‍ കിട്ടിത്തുടങ്ങി. അവയില്‍ അരീക്കോട്ടുവച്ച് എരഞ്ഞിക്കല്‍ നാരായണിയമ്മ എന്ന സ്ത്രീയെ ചില മാപ്പിളമാര്‍ വെട്ടി മുറിയാക്കിയതും ആ സ്ത്രീ അവരുടെ ആക്രമണത്തെ ധീരതയോടെ ചെറുത്തതും പ്രത്യേകം പ്രസ്താവയോഗ്യമാണ്. സെപ്റ്റംബര്‍ 26-ാം തീയതിയോ മറ്റോ ആണ് ഈ സംഭവം നടന്നത്. ആ സ്ത്രീയും അവരുടെ സഹോദരിയും മാത്രമേ അവരുടെ വീട്ടിലുണ്ടായിരുന്നുള്ളൂ. രാത്രി സമയത്ത് ചില മാപ്പിളമാര്‍ അകത്തു പ്രവേശിക്കുന്നതു കണ്ടപ്പോള്‍ ഓടി രക്ഷപ്രാപിക്കാന്‍ നാരായണിയമ്മ ശ്രമിച്ചു. അപ്പോള്‍ മാപ്പിളമാരില്‍ ഒരാള്‍ കത്തികൊണ്ടവരെ വെട്ടി. മരണവേദനയോടുകൂടി നാരായണിയമ്മ അങ്ങോട്ടും വെട്ടി. അപ്പോള്‍ത്തന്നെ മുറിപ്പെടുത്തിയ മാപ്പിള ഓടിയെങ്കിലും ശേഷമുള്ള മാപ്പിളമാര്‍ ആയമ്മയുടെ നേരെ തിരിഞ്ഞു. ഒടുവില്‍ ആയമ്മ ബോധംകെട്ടു വീണു. പക്ഷേ, തന്നെ എതിര്‍ത്ത രണ്ടുമൂന്നാളുകളെ മുറിപ്പെടുത്തിയതിനുശേഷമാണ് ആയമ്മ വീണത്. ആയമ്മയുടെ സഹോദരി ഈ തിരക്കില്‍കൂടി രക്ഷപ്രാപിച്ചു. ഇതെല്ലാം കേട്ടുസഹായത്തിനോടിവന്ന പള്ളിയില്‍ കൃഷ്ണന്‍ നായരെ മാപ്പിളമാര്‍ അടിച്ചുവീഴ്ത്തി. അയാല്‍ മരിച്ചുവെന്നു കരുതി അവര്‍ അയാളെ ഇട്ടേച്ചു പോയി. പിറ്റേന്ന് അരീക്കോട്ടുള്ള ഒരു മാപ്പിള പ്രമാണിയുടെ സഹായത്തോടുകൂടെ ആ സ്ത്രീയെ കോഴിക്കോട്ട് ആശുപത്രിയില്‍ കൊണ്ടുവന്നു. അപ്പോള്‍ ആ സ്ത്രീയുടെ ദേഹത്തില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്ന 100 ക. യോടുകൂടെയാണ് കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. ഇത് കൊള്ളക്കാര്‍ക്ക് കൊണ്ടുപോവാന്‍ സാധിച്ചിരുന്നില്ല.
ഇക്കാലത്തുതന്നെ കോട്ടയ്ക്കല്‍ അടുത്തു പുത്തൂരില്‍ നടന്ന ഒരു സംഭവം പ്രസ്താവയോഗ്യമാണ്. കന്നിമാസം 14-ാനു (സെപ്റ്റംബര്‍ 24) രാത്രി ഏകദേശം എട്ടു മണിക്ക് സുമാര്‍ മുന്നൂറോളം മാപ്പിളമാര്‍ പുത്തൂരിലുള്ള വിളക്കിനാല കുറ്റിപ്പുറത്ത് എന്ന വീടിനെ ആക്രമിച്ച് അതില്‍ ബലമായി പ്രവേശിച്ചു. അപ്പോള്‍ അവിടെയുണ്ടായിരുന്ന കരുണാകരന്‍ നായര്‍ ഒരു വെട്ടുകത്തിയും വടിവവാളുമായി പുറത്തുചാടി മാപ്പിളമാരെ എതിര്‍ത്തു. അവരില്‍ നാലുപേരെ അയാള്‍ കൊന്നു. കുറെപ്പേരെ മുറിപ്പെടുത്തി. പിന്നെ പടിക്കലേക്കു പാഞ്ഞു. പായുന്നവഴിക്ക് ഒരു മാപ്പിള അയാളെ കുന്തം കൊണ്ടെറിഞ്ഞു. അയാളുടെ കഴുത്തില്‍ തറയ്ക്കുകയും അയാള്‍ നിലംപതിച്ചു മരണപ്പെടുകയും ചെയ്തു. അതിനുശേഷം മാപ്പിളമാര്‍ കൊള്ള ചെയ്ത മുതലെല്ലാം കൊണ്ടുപോയി.
ഈ രണ്ടു സംഭവങ്ങളും കൊള്ള ചെയ്യുവാനുള്ള ശ്രമത്തിലുണ്ടായ ചില ദേഹോപദ്രവങ്ങള്‍ അല്ലാതെ കല്‍പിച്ചുകൂട്ടിയുള്ള കൊലയോ അതിനുള്ള ഒരുക്കമോ ആയിരുന്നില്ല. ലഹളക്കാലത്ത് മാപ്പിളമാരുടെ ആക്രമണത്തെ ചെറുക്കാതെ ഭീതിയോടുകൂടി പായുക മാത്രമാണ് ഹിന്ദുക്കള്‍ ചെയ്തതെന്ന ഒരു അപഖ്യാതി അവരെപ്പറ്റി നാട്ടിലെല്ലാം പരന്നിട്ടുണ്ട്. ഇതില്‍ വളരെ വാസ്തവമുണ്ട്. എങ്കിലും അവര്‍ ഭീരുക്കളാണെന്നു തീര്‍ച്ചവിധി കല്‍പിക്കുന്നതിനു മുമ്പ് ചില പ്രത്യേക സംഗതികള്‍ ആലോചിക്കേണ്ടതുണ്ട് എന്ന് പറയാതെ കഴികയില്ല.
ഹിന്ദുക്കളുടെ ജാതിവിഭാഗവും തീണ്ടല്‍ മുതലായ അനാചാരങ്ങളും അവരെ തമ്മില്‍ എത്രമാത്രം അകറഅറിയിരിക്കുന്നുവെന്നും ഇങ്ങനെയുള്ള ആപത്തുകളില്‍ ഏകോപിച്ച് ശത്രുക്കളോട് എതിര്‍പ്പാന്‍ സാധിക്കാതെ അവരെ എത്രമാത്രം ദുര്‍ബലരാക്കിയിരിക്കുന്നുവെന്നും മുമ്പൊരവസരത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ ആ കാരണം കൊണ്ടു മാത്രമല്ല മാപ്പിളമാരോട് എതിര്‍ക്കാന്‍ അവര്‍ തീരെ അശക്തരായിത്തീര്‍ന്നത്. ഏറനാട് മാത്രമല്ല അവര്‍ മിക്കവാറും നിരത്തിന്റെ വകത്തും അങ്ങാടിയില്‍ തെരുവുകളുടെ സമ്പ്രദായത്തിലുമാണ് താമസിച്ചിരുന്നത്. ഏതെങ്കിലും കാര്യത്തിന് ഒരുമിച്ചുകൂടുവാന്‍ അവര്‍ക്ക് ക്ഷണനേരം കൊണ്ട് സാധിക്കുന്നു എന്നുമാത്രമല്ല വിട്ടുതാമസിക്കുന്നവര്‍പോലും ഒരുമിച്ചുകൂടി വേണ്ടുന്ന ആലോചനകള്‍ ചെയ്യുവാന്‍ അവരുടെ പള്ളികള്‍ അവര്‍ക്ക് അത്യന്തം ഉപകരിക്കുകയും ചെയ്യുന്നു. ലഹളക്കാലത്ത് പ്രത്യേകിച്ചും ഇത് എല്ലാവര്‍ക്കും അനുഭവപ്പെട്ട സംഗതിയാണ്. ലഹളയുടെ ആരംഭത്തോടുകൂടി നാട്ടിലുള്ള സകല ആയുധങ്ങളും അവര്‍ കരസ്ഥമാക്കി. അതിനുശേഷം സംഘം സംഘമായിട്ടാണ് അവര്‍ ഹിന്ദുക്കളുടെ വീടുകള്‍ കൊള്ള ചെയ്യുവാന്‍ തുടങ്ങിയത്. അവരില്‍ പുരുഷന്മാര്‍ മിക്കവാറും അതതു ദിക്കില്‍തന്നെ പ്രവര്‍ത്തിച്ച് ഉപജീവനം കഴിക്കുന്നവരാണ്. എന്നാല്‍ ഹിന്ദുക്കളുടെ സ്ഥിതി ഇതില്‍ നിന്നെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു. അവര്‍ മിക്കവരും അധികം ദൂരം വിട്ടുതാമസിക്കുന്നു. ഓരോ പറമ്പില്‍ ഹിന്ദുക്കളുടെ രണ്ടു വീടുകള്‍ ഒരുമിച്ചു കാണുന്നത് ദുര്‍ലഭമാണ്. അവരില്‍ ഉയര്‍ന്ന ജാതിക്കാര്‍ ദേഹാധ്വാനമുള്ള പ്രവൃത്തികളെ നിന്ദ്യമായിക്കരുതി, മാന്യമായ കൃഷിപ്രവൃത്തിയെ മിക്കവാറും ഉപേക്ഷിച്ചിരുന്നു. വിദ്യാഭ്യാസമുള്ളവരെല്ലാം ഗുമസ്തന്മാരായും മറ്റു ഉദ്യോഗസ്ഥന്മാരായും വിദ്യാഭ്യാസമില്ലാത്തവര്‍ കോണ്‍സ്റ്റബിള്‍മാരും ശിപായിമാരും ഭൃത്യന്മാരും ആയും അവനവനും വീട്ടുകാര്‍ക്കും ഗുണമില്ലാതെ അന്യദിക്കുകളില്‍ കാലയാപനം ചെയ്യുന്നു. അവരുടെ ദേഹബലം പ്രായേണ ക്ഷയിച്ചിരിക്കുന്നുവെന്നു മാത്രമല്ല, ഒരുമിച്ചു ചേരാനോ, പ്രവര്‍ത്തിക്കാനോ സൗകര്യം നല്‍കുന്ന യാതൊരു സ്ഥാപനവും അവര്‍ക്കില്ലതാനും. അതിനാല്‍ സംഘം ചേര്‍ന്ന് ആയുധങ്ങളുമായി അക്രമത്തിനിറങ്ങിയ മാപ്പിളമാരോട് എതിര്‍ക്കുവാന്‍ അവര്‍ തീരെ അശക്തരായി. മാപ്പിളമാര്‍ ദേഹോപദ്രവം ഏല്‍പിക്കാന്‍ തുടങ്ങിയ രണ്ടാമത്തെ ഘട്ടത്തില്‍ അവരില്‍ ചിലര്‍ വളരെ ധൈര്യവും പരാക്രമവും കാണിച്ചിരുന്നുവെങ്കിലും അധിക ജനങ്ങളുടെ നേരെ ഏകന്റെയോ ചുരുക്കം ചിലരുടെയോ ധീരതയും ബലപ്രയോഗവും നിഷ്ഫലമായിത്തന്നെ കലാശിച്ചു. മതം മാറുവാന്‍ നിര്‍ബന്ധിക്കപ്പെട്ട അവസരത്തില്‍ ശാന്തധീരനായി ചുഴലിപ്പുറത്ത് വാസുദേവന്‍ നമ്പൂതിരി മരണത്തെ വരിച്ചു. ഇദ്ദേഹം ഏതു സമുദായത്തിനും അഭിമാനിക്കാവുന്ന ശൂരപുരുഷന്‍ തന്നെയായിരുന്നു. തന്റെ വീടിനെയും കുടുംബത്തെയും രക്ഷിക്കാന്‍ വേണ്ടി ജീവന്‍ ബലികൊടുത്ത വേറെയും പല ഉദാഹരണങ്ങളുണ്ട്. അവയെല്ലാം ഇവിടെ വിവരിക്കുവാന്‍ ഒരുങ്ങുന്നില്ല.
മേല്‍ പ്രസ്താവിച്ച വിധം അല്‍പം ചിലര്‍ ലഹളക്കാരുടെ നേരെ ബലവും ഉപായവും പ്രയോഗിച്ച് എതിര്‍ത്തുവെങ്കിലും ആകപ്പാടെ ഹിന്ദുക്കള്‍ നാടും വീടും വിട്ടോടിപ്പോവുകയാണ് ചെയ്തത്. പക്ഷേ, ഇതുകൊണ്ടൊന്നും ഹിന്ദുക്കള്‍ യാതൊരു പാഠവും പഠിച്ചതായി തോന്നുന്നില്ല. അവനവന്റെ സമുദായത്തിലുള്ള അസമത്വങ്ങള്‍ തീര്‍ത്ത് ദേഹബലവും സംഘബലവും വര്‍ധിപ്പിക്കുവാന്‍ അവര്‍ ശ്രദ്ധിക്കാത്തപക്ഷം അവരെപ്പോഴും ഈ ആപത്തുകള്‍ക്ക് വശപ്പെടുവാന്‍ വഴിയുള്ളതാണെന്നതിനു സംശയമില്ല. മാപ്പിളമാര്‍ അജ്ഞാനത്തിലും അന്ധവിശ്വാസത്തിലും മുഴുകിയിരിക്കുന്നിടത്തോളം കാലം ഹിന്ദുക്കള്‍ക്ക് അവരില്‍ നിന്ന് ഇപ്രകാരമുള്ള ആപത്തുകള്‍ നേരിടാനിടയുള്ളതാണ്. അതിനാല്‍ മാപ്പിളമാരെ പരിഷ്‌കരിക്കുവാനും തങ്ങളുടെ സമുദായത്തില്‍ ബാധിച്ചിട്ടുള്ള ദോഷങ്ങള്‍ തീര്‍ക്കുവാനും ഹിന്ദുക്കള്‍ ബാധ്യസ്ഥരായിരിക്കുന്നു.
Discussion about this post