ഭാരതീയര്‍ ശക്തിയെ ആരാധിക്കുന്നവരാണ്. വിദ്യാശക്തി, ധനശക്തി, ആയുധശക്തി എന്നിവയാണ് പ്രധാന ശക്തികള്‍. ഭാരതത്തില്‍ ഈ മൂന്നുശക്തികളും വേണ്ടുവോളമുണ്ടായിരുന്നു. വിദ്യാശക്തിയില്‍ ലോകഗുരുസ്ഥാനമായിരുന്നു ഭാരതത്തിന്. വിവേകാനന്ദ സ്വാമിജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ”പാശ്ചാത്യര്‍ മാംസം വേവിച്ച് തിന്നാന്‍ പഠിച്ചിട്ടില്ലാത്ത കാലത്താണ് ഭാരതീയര്‍ വേദോപനിഷത്തുക്കളും പുരാണങ്ങളുമെല്ലാം ആവിഷ്‌കരിച്ചത്.” സാമ്പത്തികമായി ഭാരതം മുന്‍പന്തിയിലായത് കൊണ്ടാണ് അറബികള്‍, ചീനക്കാര്‍, പോര്‍ച്ചുഗീസുകാര്‍, ഫ്രഞ്ചുകാര്‍, ഇംഗ്ലീഷുകാര്‍ എന്നിവര്‍ ഇവിടേയ്ക്കാകൃഷ്ടരായത്. കായികശക്തിയിലും ആയുധ ശക്തിയിലും മനോവീര്യത്തിലും അഗ്രഗണ്യരായതുകൊണ്ടാണ് ലോകം ജയിച്ച് കീഴടക്കാനിറങ്ങിത്തിരിച്ച അലക്‌സാണ്ടറെ ഭാരതത്തിന്റെ വടക്കു പടിഞ്ഞാറന്‍ കോണില്‍ വെച്ച് നാം തിരിച്ചയച്ചത്. പിന്നെ എന്തുകൊണ്ട് ഭാരതം അടിമയായി?
സാധാരണ നിലയില്‍ ഒരു രാഷ്ട്രം അടിമയാകാനുള്ള പ്രധാനകാരണം ഈ പറഞ്ഞ മൂന്നു ശക്തികളില്‍ ഏതിന്റെയെങ്കിലും ഒന്നിന്റെ അഭാവമായിരിക്കും. ഇതുമൂന്നും ഉണ്ടായിട്ടും ഭാരതം എന്തേ അടിമയായി? ഇതായിരുന്നു ആര്‍.എസ്.എസ്. സ്ഥാപകനായ പരമപൂജനീയ ഡോക്ടര്‍ജിയെ അലട്ടിയിരുന്ന ചോദ്യം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുമ്പോഴും ജയില്‍ വാസമനുഷ്ഠിക്കുമ്പോഴും ഡോക്ടര്‍ജി നിരന്തരമായി ഈ ചോദ്യം ചോദിച്ചു. അവസാനം ഉത്തരം കണ്ടെത്തുകയും ചെയ്തു. ഈ ശക്തികളെല്ലാമുണ്ടെങ്കിലും ഒരു സമാജത്തിന്റെയും രാഷ്ട്രത്തിന്റെയും നിലനില്‍പ്പിനും വളര്‍ച്ചക്കും അവശ്യം ആവശ്യമായ സംഘബോധം അഥവാ സംഘടിത ജീവിതം എന്ന സ്വഭാവം ഭാരതീയരില്‍ നഷ്ടമായിട്ടുണ്ട് എന്ന് ഡോക്ടര്‍ജി കണ്ടെത്തി. അതിന്റെ പുനഃസ്ഥാപനത്തിന് ഡോക്ടര്‍ജി ആവിഷ്‌ക്കരിച്ച അനന്യ സാധാരണമായ പദ്ധതിയാണ് ശാഖാപദ്ധതി. തൊണ്ണൂറ്റി അഞ്ച് വര്‍ഷം മുമ്പുള്ള ഒരു വിജയദശമി നാളിലാണ്, ആദ്യത്തെ ശാഖ തുടങ്ങിക്കൊണ്ട് സംഘസ്ഥാപനം നടന്നത്.
സംഘശാഖയുടെ ഉദ്ദേശ്യമെന്താണ്? ശാഖയില്‍ വരുന്ന വ്യക്തികളെ സംസ്‌കരിച്ചെടുക്കുക എന്നത് തന്നെ. നമ്മുടെ നാട്ടില്‍ സംസ്‌കൃതരായ വ്യക്തികള്‍ ഉണ്ടായിരുന്നു. പക്ഷെ അവര്‍ക്ക് സ്വാഭിമാനം ഉണ്ടായിരുന്നില്ല. അതിനാല്‍ സംസ്‌കാരത്തോടൊപ്പം സ്വാഭിമാനവും സംഘശാഖകളില്‍ക്കൂടി വ്യക്തികള്‍ നേടുന്നു. സംസ്‌കൃതിയും സ്വാഭിമാനവുമുള്ള വ്യക്തികള്‍ എണ്ണത്തില്‍ കുറവാണെങ്കില്‍ക്കൂടിയും നമ്മുടെ സമാജത്തില്‍ ഉണ്ടായിരുന്നു. പക്ഷെ അവര്‍ അസംഘടിതരായിരുന്നു. സംസ്‌കാരത്തിനും സ്വാഭിമാനത്തിനുമൊപ്പം സംഘടിത സ്വഭാവം കൂടി വ്യക്തികളില്‍ സംഘം വളര്‍ത്തുന്നു. ഇങ്ങനെയുള്ള വ്യക്തികള്‍ സമാജത്തില്‍ വളര്‍ന്നുവന്നാല്‍ സമാജത്തിലെ സമസ്തപ്രശ്‌നങ്ങളും അവര്‍ക്കു പരിഹരിക്കാന്‍ കഴിയും. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ മാത്രമല്ല ഭാവിയില്‍ അപ്പോഴപ്പോഴായി ഉണ്ടാകുന്ന സകല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇത്തരം വ്യക്തികളുടെ സംഘടിതശക്തിക്ക് സാധിക്കും. ഇതുകൊണ്ടാണ് ”ഭാരതത്തില്‍ പ്രശ്‌നങ്ങള്‍ അനേകമാണ് പക്ഷെ പരിഹാരം ഒന്നു മാത്രം; സംഘശാഖകള്‍” എന്ന് സ്വര്‍ഗ്ഗീയ ബാളാസാഹേബ് ദേവറസ്ജി പറഞ്ഞത്. ഇങ്ങനെയുള്ള സംഘ ശക്തിയെയാണ് സ്വയംസേവകര്‍ പൂജിക്കുന്നത്. ഈ ശക്തിയുടെ സന്ദേശമാണ് വിജയദശമിയെക്കുറിച്ചുള്ള പുരാണ കഥകള്‍ ഉദ്‌ഘോഷിക്കുന്നത്. മഹിഷാസുരനെ നിഗ്രഹിക്കാന്‍ ദേവന്മാരായ ദേവന്മാരെല്ലാം ശ്രമിച്ചു. പക്ഷെ അവര്‍ക്കു മനസ്സിലായി തനിച്ചു ചെയ്യാന്‍ കഴിയുന്ന കാര്യമല്ല ഇതെന്ന്. അവര്‍ തങ്ങളുടെ ശക്തികളെയെല്ലാം സമാഹരിച്ചു മഹത്തായ ഒരു ശക്തിക്കു രൂപം കൊടുത്തു. ആ ‘ശക്തിദേവിക്ക്’ ഓരോ ദേവനും അവരുടെ വിശിഷ്ടമായ ആയുധം കൊടുത്തു. സര്‍വ്വ ശസ്ത്ര ധാരിണിയായ ആ ദേവി ദുഷ്ടാസുര നിഗ്രഹം നടത്തി.
നന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന വ്യക്തികള്‍ തന്നെയാണ് ദേവന്മാര്‍. അവര്‍ക്ക് തനിച്ച് തിന്മയെ തുരത്താന്‍ പറ്റില്ല. അതിനാല്‍ തനിക്ക് സ്വായത്തമായ ഏറ്റവും നല്ല സിദ്ധികള്‍ ഒരുമിച്ചു ചേര്‍ത്ത് സംഘശക്തിയായി പ്രവര്‍ത്തിക്കുക. അപ്പോള്‍ ഒരു ദുഷ്ടശക്തിക്കും വിജയിക്കാന്‍ പറ്റില്ല. ഇതാണ് വിജയദശമിയുടെ സന്ദേശം.
ശക്തിയെക്കുറിച്ചു പറയുമ്പോള്‍ പലര്‍ക്കും പല ധാരണകളുമുണ്ടാകും. മറ്റുള്ളവരെ ആക്രമിക്കാനോ മറ്റുള്ളവരുടേത് അപഹരിക്കാനോ ആണ് ശക്തി എന്ന് ചിന്തിക്കും. ഭാരതീയ സ്വഭാവമതല്ല. ധര്‍മ്മത്തിലടിയുറച്ച ശക്തിയെയാണ് ഭാരതീയര്‍ ആദരിക്കുന്നത്. രാവണനും ബലശാലിയായിരുന്നു. വിദ്യാശക്തി, സാമ്പത്തിക ശക്തി, കരബലം ഇത് മൂന്നും രാവണനുണ്ടായിരുന്നു. പക്ഷെ തന്റെ ശക്തി അധാര്‍മ്മിക കാര്യങ്ങള്‍ക്കാണ് രാവണന്‍ ഉപയോഗിച്ചിരുന്നത്. സ്വാര്‍ത്ഥ പൂരണമായിരുന്നു രാവണന്റെ ലക്ഷ്യം. അതുകൊണ്ട് രാവണനെ നമ്മള്‍ മാനിക്കുന്നില്ല. ആ രാവണനെ വെല്ലാന്‍ നവരാത്രികളില്‍ ശ്രീരാമന്‍ ശക്തിപൂജ നടത്തി. വിജയദശമിക്ക് രാവണനെ വധിച്ചു. അധാര്‍മ്മികതയ്ക്ക് മേല്‍ ധാര്‍മ്മിക ശക്തിയുടെ വിജയമാണ് അത്. അതിനാലാണ് ഇന്ദ്രപ്രസ്ഥത്തില്‍ രാമലീലയ്ക്ക് പ്രാധാന്യം കൈവരുന്നത്.
”ആരെയും ഭയപ്പെടാത്ത ശക്തി, ആരെയും ഭയപ്പെടുത്താത്ത ശക്തി” എന്ന് ശ്രീ ഗുരുജി സംഘത്തിന്റെ ശക്തി സങ്കല്‍പ്പത്തിന് വ്യക്തമായ നിര്‍വ്വചനം കൊടുത്തു. ആരെയും ഭയപ്പെടുത്താത്ത ശക്തി ആണെങ്കിലും അധാര്‍മ്മിക ശക്തികള്‍ ധാര്‍മ്മിക ശക്തികളെ ഭയപ്പെടുന്നു. അതുകൊണ്ട് അവര്‍ സംഘപ്രവര്‍ത്തനത്തെ നിരന്തരം അപലപിക്കുന്നു. കുറ്റപ്പെടുത്തുന്നു. സംഘത്തെക്കുറിച്ച് നിരന്തരമായി തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നു. അതുകൊണ്ട് ശുദ്ധാത്മക്കളായ പലരും സംഘത്തെ ശരിയായ രീതിയില്‍ അല്ല കാണുന്നത്. അത്തരക്കാരെ സമീപിച്ച് തത്ത്വബോധം വരുത്തേണ്ടതും അവരെ സംഘശക്തിയില്‍ ലയിപ്പിക്കേണ്ടതും സ്വയംസേവകരുടെ കടമയാണ്.
ഈ വര്‍ഷത്തെ വിജയദശമി ആഘോഷിക്കുമ്പോള്‍ സംഘം 95 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സംഘ സ്വയംസേവകര്‍ നാലു തലമുറ പിന്നിടുമ്പോള്‍ സംഘത്തിന്റെ ആറാമത്തെ സര്‍സംഘചാലകാണ് ഈ പ്രസ്ഥാനത്തെ നയിക്കുന്നത്. സംഘസ്ഥാപകനായ ഡോക്ടര്‍ജി പറഞ്ഞിട്ടുണ്ടായിരുന്നു: ”സംഘത്തിന്റെ രജതജൂബിലിയും സുവര്‍ണ്ണ ജൂബിലിയും ഡയമണ്ട് ജൂബിലിയും ശതാബ്ദിയും ഒന്നും ആഘോഷിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല. എത്രയും വേഗം സംഘം അതിന്റെ ജന്മദൗത്യം പൂര്‍ത്തിയാക്കി ഹിന്ദു സമാജത്തില്‍ ലയിച്ചു കാണാനാണ് എന്റെ ആഗ്രഹം” എന്ന്. സംഘവും സമാജവും ഒന്നായി തീരണം. സംഘടിതവും, ബലിഷ്ഠവുമായ ഹിന്ദു സമാജം നിലവില്‍ വരണം. സംഘം വേറിട്ട് നില്‍ക്കേണ്ട ആവശ്യം ഇല്ലാതായിത്തീരണം. ഡോക്ടര്‍ജിയുടെ സങ്കല്‍പ്പം എത്രകണ്ട് വിജയിച്ചു, അഥവാ വിജയത്തോടടുത്തു എന്ന് നാം ആലോചിക്കേണ്ട സമയമാണ് ഇത്. 95 വര്‍ഷം പ്രവര്‍ത്തിച്ച സംഘം രാഷ്ട്രീയത്തിലും സമാജത്തിലും ഉണ്ടാക്കിയ പരിവര്‍ത്തനം എന്താണ് എന്ന് അതിന്റെ ജന്മദിനം ആഘോഷിക്കുന്ന അവസരത്തില്‍ ചിന്തിക്കേണ്ടത് സ്വാഭാവികമാണ്. ഈ ചോദ്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുജിയോട് ഒരു പത്രക്കാരന്‍ ചോദിച്ചിരുന്നു. അതിന് ഗുരുജി നല്‍കിയ മറുപടി: ”സംഘസ്ഥാപനം നടത്തിയില്ലെങ്കില്‍ ഭാരതത്തിന്റെ സ്ഥിതി എന്തായിരിക്കുമെന്ന് ചിന്തിക്കുകയാണ്” എന്ന്. ഇതിനൊരുദാഹരണം ലോകം നേരില്‍ അനുഭവിച്ചറിഞ്ഞു. 2012-2013 വര്‍ഷം ഭാരതത്തെ സംബന്ധിച്ചിടത്തോളം എല്ലാ രംഗവും തകര്‍ന്നടിയുകയായിരുന്നു. ഭാരതത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമായി നിന്ന അവസരത്തില്‍ സംഘത്തിന്റെ സര്‍സംഘചാലക് 2013ലെ വിജയദശമിദിനത്തില്‍ നല്‍കിയ ആഹ്വാനം, സംഘവും സംഘപരിവാര്‍ പ്രസ്ഥാനവും ഏറ്റെടുത്ത് പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഭാരതത്തിലുണ്ടായ ഭരണമാറ്റം ഭാരതത്തെ ഒരു കൊടും വിപത്തില്‍ നിന്നും രക്ഷിച്ചു. ഭാരതം മരിക്കുകയില്ല എന്ന് സ്വാമി വിവേകാനന്ദന്‍ പ്രവചിച്ചിരുന്നു. ഭാരതത്തിന്റെയും ലോകത്തിന്റെയും നിയതിയെ നിര്‍ണ്ണയിക്കുന്ന ജഗദീശ്വരന്‍ എല്ലാ ആപത്ഘട്ടങ്ങളിലും ഭാരതത്തിന് വേണ്ട ഊര്‍ജ്ജം പ്രദാനം ചെയ്തിട്ടുണ്ട്. അതാണ് 2014ലെ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്. അവഗണിക്കാനാവാത്ത ഒരു ജനശക്തി ഭാരതത്തില്‍ അധികാരത്തില്‍ വന്നു എന്ന് കണ്ടപ്പോള്‍ തന്നെ ഭാരതത്തെ പുച്ഛിച്ചു തള്ളിയിരുന്ന പല ലോക രാഷ്ട്രങ്ങളും ഭാരതത്തെ അഭിനന്ദിക്കാനും പിന്‍തുടരാനും തയ്യാറായി മുന്നോട്ട് വരുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അവരുടെ സമീപനത്തില്‍ വന്ന മാറ്റം ശക്തമായ ഒരു ഭരണകൂടം ഇവിടെ നിലവില്‍ വന്നു എന്നതു കൊണ്ടാണ്. ദുര്‍ബ്ബലന്‍ ഇന്നത്തെ ലോകക്രമത്തില്‍ സഹതാപം പോലും അര്‍ഹിക്കുന്നില്ല.
ദുര്‍ബ്ബലമായിരുന്ന ഭാരതത്തെ ലോകം പുച്ഛിച്ചു തള്ളിയിരുന്നു. അതേ ലോകം തന്നെ ഇന്ന് ഭാരതത്തെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ച നാം കണ്ടു കൊണ്ടിരിക്കുകയാണ്. നമ്മുടെ അന്തിമ ലക്ഷ്യം രാഷ്ട്രീയാധികാരം കരസ്ഥമാക്കുക എന്നതല്ല. രാഷ്ട്രത്തിന്റെ പരംവൈഭവമാണ് സംഘത്തിന്റെ ദൗത്യം. സമഗ്രമായ സമാജപരിവര്‍ത്തനത്തിലൂടെ മാത്രമേ പരംവൈഭവം നേടാനാവൂ.
സംഘപ്രവര്‍ത്തനത്തിന്റെ തൊണ്ണൂറ്റി അഞ്ച് വര്‍ഷത്തെ നിരന്തര തപസ്സിന്റെ ഫലമായി രാഷ്ട്ര ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദേശീയ ബോധത്തിന്റെ ജാഗരണം നടന്നുകൊണ്ടിരിക്കുകയാണ്. വിവേകാനന്ദ സ്വാമി പറഞ്ഞത് പോലെ ”ഭാരത രാഷ്ട്രം ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്. അതിനെ തടഞ്ഞു നിര്‍ത്താന്‍ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ല.” ഈ ഉണര്‍വ്വിനെ നിലനിര്‍ത്താനും വ്യാപിപ്പിക്കാനും ഇനിയും തപസ്സ് തുടരേണ്ടതുണ്ട്. ഈ തപസ്സ് കൊണ്ടുണ്ടാകുന്ന സംഘ ശക്തി ഭാരതത്തെ വീണ്ടും ജഗദ്ഗുരുസ്ഥാനത്തേക്ക് ഉയര്‍ത്തും.
ഈ സംഘശക്തി പൂജക്കായി വിജയദശമി നാളില്‍ നമുക്ക് പുനര്‍പ്പണം ചെയ്യാം.
(ആര്‍.എസ്.എസ്. സഹ പ്രാന്തസംഘചാലകാണ് ലേഖകന്‍)
Discussion about this post