നോർത്ത് ഈസ്റ്റിലെ ഏഴ് സുന്ദരികളിൽ ഒന്നാണ് മേഘാലയ. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾക്കൊപ്പം, വെള്ളച്ചാട്ടങ്ങൾ, വനങ്ങൾ, പാലങ്ങൾ, വനപാതകൾ, നിറഞ്ഞൊഴുകുന്ന നദികൾ എന്നിവ മേഘാലയയുടെ മനോഹാരിതക്ക് മാറ്റ് കൂട്ടുന്നു. അതിൽ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് വേരുകൾ കൊണ്ട് നിർമിച്ച ജീവനുള്ള പാലങ്ങൾ (Living root bridge). മേഘായയിലെ ചിറാപുഞ്ചിയിലും സമീപപ്രദേശങ്ങളിലുമാണ് ഈ വിസ്മയക്കാഴ്ചയുള്ളത്.
ഒരു ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കാനുള്ള കഴിവിനും സ്വയംപര്യാപ്തതയ്ക്കും പേരുകേട്ട ഖാസി ഗോത്രക്കാർ നിർമിച്ചതാണിത് വിശ്വസിക്കപ്പെടുന്നു. കിഴക്കൻ മേഘാലയയിൽ കാണപ്പെടുന്ന ഈ ഗോത്രവിഭാഗത്തിന്റെ പൈതൃകങ്ങളിൽ ഒന്നാണ് ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ.
നദികള്‍ക്കു കുറുകെ ജീവനുള്ള മരവേരുകൾ പരസ്പരം പിണഞ്ഞുകെട്ടി നിർമ്മിച്ച കാൽനട പാലമാണിത്. പ്രധാനമായും നദികൾ മുറിച്ചുകടക്കാൻ ഉപയോഗിക്കുന്നു. ഒരേസമയം അമ്പതോ അതിലധികമോ ആളുകളെ ഉൾക്കൊള്ളാനുള്ള ദൃഢത ഈ പാലത്തിനുണ്ട്. പ്രകൃതിയുമായി ഇണങ്ങി ചേർന്ന നിർമിതിയായ ഈ പാലം യുനസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് ഈ വേരുപാലങ്ങള്‍, റബ്ബര്‍ ഫിഗ് (ഫിക്കസ് ഇലാസ്റ്റിക്ക) എന്ന് അറിയപ്പെടുന്ന റബ്ബർ മരത്തിൻ്റെ വേരുകളിൽ നിന്നാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. നദിയുടെ ഇരുകരയിലുമുള്ള മരങ്ങളുടെ ശക്തവും കയര്‍ പോലെയുള്ളതുമായ വേരുകള്‍ പൊള്ളയായ കമുകിന്‍ തടിയ്ക്കുള്ളിലൂടെ, മുളന്തണ്ടില്‍ ഉറപ്പിച്ചുകെട്ടി മറുകരയിലേക്ക് കടത്തിവിടുന്നതിലൂടെയാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്. പൂർണവളർച്ച എത്തുമ്പോൾ ഇതിനെ മണ്ണിലേക്കിറക്കും. ആവശ്യത്തിനു വേരുകളും കരുത്തും ആയിക്കഴിഞ്ഞാല്‍ ഇതിന്റെ മുകളില്‍ കല്ലുകൾ, തടി പലകകൾ എന്നിവ പാകി പാലമാക്കും. ചില പാലങ്ങൾക്ക് 100 അടിയിൽ കൂടുതൽ നീളമുണ്ട്, പൂർണത ലഭിക്കാൻ 10 മുതൽ 15 വർഷം വരെ എടുക്കും. പൂർണ്ണവളർച്ചയെത്തിയാൽ, ഈ വേരുകൾ 500 വർഷത്തോളം നീണ്ടുനിൽക്കും. ചിറാപുഞ്ചിയിൽ ഇവയുടെ ഡബിൾ ഡെക്കർ പതിപ്പും ഷില്ലോങ്ങിൽ സിംഗിൾ ഡെക്കറും ധാരാളമായി കാണപ്പെടുന്നു.
ആധുനിക നിർമാണ രീതികളെ വെല്ലുന്ന രീതിയിൽ സൂക്ഷ്മമായി നിർമിച്ച ഈ പാലങ്ങൾ ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ മാർഗ്ഗമാണ്. കോൺക്രീറ്റ് പാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ലിവിംഗ് റൂട്ട് പാലങ്ങൾ സമയവും ഉപയോഗവും കൊണ്ട് കൂടുതൽ ശക്തവും പ്രതിരോധശേഷിയുള്ളതുമായി മാറുന്നു.
പ്രകൃതിയെ മനുഷ്യജീവിതവുമായി കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകുന്ന ഭാരതസംസ്ക്കാരത്തിന്റെ പ്രതീകങ്ങളിൽ ഒന്നായ ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ ഭാരതത്തിലെ ഗോത്രങ്ങളുടെ കരകൗശല നൈപുണ്യവും, വരും തലമുറകൾക്ക് ഹരിതവും സുരക്ഷിതവുമായ ഭാവി കെട്ടിപ്പടുക്കുവാനുള്ള പ്രചോദനവും നൽകുന്നു.
Discussion about this post