ഇന്തോനേഷ്യൻ നഗരമായ കിഴക്കൻ ജാവയുടെ തലസ്ഥാനമായ സുരബായയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചെയ്യുന്ന മൗണ്ട് ബ്രോമോ, 7,641 അടി ഉയരമുള്ള ടെംഗർ പർവതനിരകളുടെ ഭാഗമാണ്. സൃഷ്ടിയുടെ ദേവനായ ‘ബ്രഹ്മ’യുടെ ജാവനീസ് ഉച്ചാരണത്തിൽ നിന്നാണ് ‘ബ്രോമോ’ എന്ന പേര് ഈ പർവതത്തിന് ലഭിച്ചത്. 800 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും, 2392 മീറ്റർ ഉയരവുമുള്ള ഈ പർവതം ബ്രോമോ ടെംഗർ സെമേരു (Bromo Tengger Semeru) ദേശീയ ഉദ്യാനത്തിൻ്റെ ഭാഗമാണ്. ഇന്തോനേഷ്യയിലെ മറ്റ് അഗ്നിപർവതങ്ങളെ അപേക്ഷിച്ച് ഇത് ചെറുതായിരിക്കാമെങ്കിലും, ബ്രോമോ പർവതത്തിന് മുകളിലുള്ള സൂര്യോദയവും, പ്രകൃതിദൃശ്യങ്ങളും സന്ദർശകർക്ക് മറക്കാനാവാത്ത അനുഭവം നല്കുമെന്നതിൽ സംശയമില്ല. ഇന്തോനേഷ്യയിലെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. അതിമനോഹരമായ ദൃശ്യവിരുന്നിനൊപ്പം ഈ അഗ്നിപർവതത്തിൻ്റെ മുകളിൽ ഒരു ഗണപതി വിഗ്രഹവുമുണ്ട് എന്ന് പറഞ്ഞാൽ പലർക്കും അവിശ്വസനീയമായി തോന്നും.
ഏകദേശം 127 സജീവ അഗ്നിപർവതങ്ങളുള്ള ഇന്തോനേഷ്യയിൽ, 700 വർഷം പഴക്കമുള്ള ഈ ഗണേശ വിഗ്രഹം അഗ്നിപർവത സ്ഫോടനത്തിൽ നിന്ന് സമീപവാസികളെ സംരക്ഷിക്കുന്നതായി ടെംഗർനീസ് ജനത (Tenggerese) ഇന്നും വിശ്വസിക്കുന്നു. മജാപഹിത് രാജകുമാരന്മാരുടെ പിൻഗാമികളെന്ന് അവകാശപ്പെടുന്ന കിഴക്കൻ ജാവയിലെ ജാവനികളുടെ ഒരു ഉപ-വംശീയ വിഭാഗമാണ് ടെംഗർനീസ് ജനത. ഏകദേശം 100,000 ജനസംഖ്യയുള്ള ഈ വിഭാഗം ടെംഗർ പർവതനിരകളിൽ 30 ഗ്രാമങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ഈ ഗോത്രപൂർവികർ സ്ഥാപിച്ചതാണെന്ന് ഈ വിഗ്രഹം എന്ന് ഐതിഹ്യങ്ങൾ പറയപ്പെടുന്നു. പ്രദേശവാസികൾ നിത്യേന തങ്ങളുടെ രക്ഷകനായ ഗണേശ ഭഗവാന് പൂജയും, ധാരാളം വഴിപാടുകളും അർപ്പിക്കുന്നു.
ബ്രോമോ പർവതത്തിന്റെ അടിവാരത്തിനടുത്തു സ്ഥിതി ചെയ്യുന്ന പോട്ടെൻ ക്ഷേത്രം (Poten Temple – Pura Luhur Poten) ടെംഗർനീസ് ജനതയുടെ ഏറ്റവും വിശുദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ്. ബ്രഹ്മാവിൻ്റെ ആൾരൂപമായ ഇസ സാങ് ഹ്യാങ് വിധി വാസയ്ക്ക് (Isa Sang Hyang Widhi Wasa) സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം അഗ്നിപർവതത്തിൽ നിന്നുമുള്ള കറുത്ത പാറകൾ കൊണ്ട് നിർമ്മിച്ചതാണ്. ഇവിടെ മനോഹരമായ മറ്റൊരു ഗണപതി വിഗ്രഹവുമുണ്ട്.
‘യദ്‌ന്യ കസദജ്’ (Yadnya Kasadaj) എന്നതാണ് ഇവിടുത്തെ പ്രധാന ഉത്സവം. ഇന്തോനേഷ്യൻ ഹിന്ദുക്കളുടെ വിശ്വാസമനുസരിച്ച്, പരമോന്നത ദൈവമായ ‘വിഡി വാസ’ക്ക് വേണ്ടിയാണ് ഈ ഉത്സവം കൊണ്ടാടുന്നത്. പ്രദേശവാസികൾ യാഗങ്ങൾ അർപ്പിക്കുന്നതിനുപുറമെ, പണവും പഴങ്ങളും പൂക്കളും അഗ്നിപർവതത്തിന്റെ അടിവാരത്തിലേക്ക് എറിയുന്നു. നാടിൻറെ അഭിവൃദ്ധിക്കു വേണ്ടിയാണിതെന്നാണ് വിശ്വാസം.
ഭാരതത്തിൻ്റെ ഭൗതിക അതിരുകൾക്കപ്പുറം സംസ്കാരങ്ങളെ രൂപപ്പെടുത്തുന്നതിലും സ്വാധീനിക്കുന്നതിലും സനാതന ധർമ്മം വലിയ സ്വാധീനം ചെലുത്തിയെന്നതിന് തെളിവാണ് ഇവിടുത്തെ ആരാധനാമൂർത്തികളായ ബ്രഹ്മാവും വിഘ്നേശ്വരനും.
ബ്രോമോ ഇപ്പോഴും ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിൽ ഒന്നാണ്, ആയതിനാൽ വിനോദസഞ്ചാരികൾക്ക് നിരോധിച്ചിരിക്കുന്ന ചില പ്രദേശങ്ങളുണ്ട്.
Discussion about this post