ഗോരഖ്പൂര്‍ (യുപി): നവരാത്രിപൂജകള്‍ക്ക് ഗോരക്ഷാധീശ്വരനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തുന്നതിന്റെ ആവേശത്തിലാണ് ഗോരഖ്പൂരിലെ ജനങ്ങള്‍. മുഖ്യമന്ത്രിപദമേറ്റതിന് ശേഷം ഗോരക്ഷാപീഠത്തിലെ ചടങ്ങുകളില്‍ പൂര്‍ണസമയം പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഗുരു ഗോരഖ്നാഥിന്റെ തപോഭൂമിയായ ഗോരക്ഷപീഠം ഇക്കുറി ശക്തിപൂജയ്ക്ക് ഒരുങ്ങുന്നത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നേതൃത്വത്തിലാണ്. നവരാത്രിപൂജകള്‍ക്ക് തുടക്കം കുറിക്കുന്ന ഇന്ന് പ്രധാനപുരോഹിതനായ യോഗി കമല്‍നാഥും ഗോരക്ഷപീഠാധിപതി കൂടിയായ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ ശക്തികലശം സ്ഥാപിക്കും. ഇതോടെ ശക്തിപൂജയുടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.
നവരാത്രി സാധനയുടെ അവസാനദിവസമായ വിജയദശമിയില്‍ ഭഗവാന്‍ ശ്രീരാമനെ പൂജിക്കുന്ന ചടങ്ങ് ഗോരക്ഷാപീഠത്തിന്റെ പ്രത്യേകതയാണ്. ദസറ ദിനത്തില്‍ രാഘവ-ശക്തി കൂടിക്കാഴ്ചയുടെ പരിപാടിയില്‍ ഗോരക്ഷപീഠാധീശ്വരന്‍ തന്നെ പങ്കെടുക്കും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഗോരഖ്പൂരിലെത്തും. വൈകിട്ട് 5 മണിക്ക് ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ പരമ്പരാഗത കലശ യാത്ര പുറപ്പെടും. ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ യോഗി കമല്‍നാഥ് ത്രിശൂലമേന്തും. പാരമ്പര്യമനുസരിച്ച്, ത്രിശൂലം വഹിക്കുന്ന വ്യക്തി നവരാത്രിപൂജകളുടെ അവസാന ദിവസം വരെ ക്ഷേത്രത്തില്‍ തങ്ങണം. യോഗി ആദിത്യനാഥ് ഭീമ സരോവറില്‍ നിന്നുള്ള ജലവുമായി മഠത്തിന്റെ ഒന്നാം നിലയില്‍ കലശം സ്ഥാപിച്ച് ശക്തിപൂജ നടത്തും.
ദുര്‍ഗാഷ്ടമി നാളില്‍ യോഗി ആദിത്യനാഥ് മഹാനിശാപൂജ നടത്തും. മഹാനവമിദിനത്തില്‍ പെണ്‍കുട്ടികളുടെ പാദം കഴുകി മാതൃ രൂപത്തില്‍ പൂജിക്കും. ഒക്ടോബര്‍ 15 ന് വിജയദശമി ദിനത്തില്‍ രാവിലെ 9 ന് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക ആരാധന നടത്തും. വൈകിട്ട് 4 മുതല്‍, യോഗി രഥത്തിലേറി മാനസരോവര്‍ ക്ഷേത്രപ്രദക്ഷിണം നടത്തും. തുടര്‍ന്ന് മാനസസരോവര്‍ രാംലീല മൈതാനത്ത് ശ്രീരാമചന്ദ്രഭഗവാന്റെ കിരീടധാരണം നടക്കും.
Discussion about this post