കൊച്ചി: ആര്‍എസ്എസ് സൃഷ്ടിച്ച ഹിന്ദുഉണര്‍വ് ഇന്ന് സമസ്തമേഖലയിലും പ്രകടമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതം ഹിന്ദുരാഷ്ട്രമാണെന്നത് സാര്‍വകാലിക സത്യമാണെന്നും അദ്ദേഹം പറഞ്ഞു.അത് പുതിയ ഒരു കണ്ടെത്തലല്ല. എല്ലാക്കാലത്തും അത് അങ്ങനെയാണ്. ഇനിയും അങ്ങനെയായിരിക്കും. ഐസക് ന്യൂട്ടണ്‍ ഭൂഗുരുത്വാകര്‍ഷണ സിദ്ധാന്തം കണ്ടെത്തുന്നതിന് മുമ്പും ആപ്പിള്‍ താഴേക്ക് തന്നെയാണ് പതിച്ചതെന്ന് പറയുന്നതുപോലെ അതൊരു ശാശ്വതസത്യമാണെന്ന് സര്‍കാര്യവാഹ് പറഞ്ഞു. എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആര്‍എസ്എസ് ഇടപ്പള്ളി നഗരം വിജയദോശമിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സജ്ജനങ്ങളെ ശക്തരാക്കുകയും ശക്തരെ സജ്ജനങ്ങളാക്കുകയും ചെയ്യുന്ന സംഘടനാപ്രവര്‍ത്തനമാണ് ആര്‍എസ്എസിന്‍റെത്. വ്യക്തിയെ രാഷ്ട്രഭാവനയിലേക്ക് നയിക്കുന്ന പ്രവര്‍ത്തനമാണത്. എല്ലാ മേഖലയിലും ഹിന്ദുഭാവം ഇന്ന് പ്രകടമാണ്. ഹിന്ദുകുടുംബഭാവത്തില്‍ നിന്ന് ഹിന്ദു രാഷ്ട്രഭാവത്തിലേക്കുള്ള മാറ്റം. അലസനായ ഹിന്ദുവില്‍ നിന്ന് ഊര്‍ജ്ജസ്വലനായ ഹിന്ദുവിലേക്കുള്ള മാറ്റം. അച്ചടക്കമില്ലാത്ത ഹിന്ദുവില്‍ നിന്ന് സംഘടിതഹിന്ദുവിലേക്കുള്ള മാറ്റം.
എല്ലാവരും സ്വയം ഹിന്ദുവാണെന്ന് പറയാന്‍ മത്സരിക്കുന്നു. ആര്‍എസ്എസിന്റെ ഹിന്ദുവല്ല, തങ്ങളാണ് ശരിയായ ഹിന്ദുക്കള്‍ എന്ന് വാദിക്കുമെന്നേ ഉള്ളൂ. ഹിന്ദു, ഹിന്ദുത്വം, ഹിന്ദുയിസം എന്ന വിഷയത്തില്‍ പുസ്തകങ്ങളെഴുതുന്ന തിരക്കിലാണ് എല്ലാവരും. ഗോത്രവര്‍ഗ വിഭാഗങ്ങളിലും തങ്ങള്‍ ഹിന്ദുക്കളാണെന്ന ഭാവമുണര്‍ന്നിരിക്കുന്നു. ലോകമെമ്പാടും ഹിന്ദുത്വം അംഗീകരിക്കപ്പെടുന്നു. യോഗയ്ക്കും ആയുര്‍വേദത്തിനും ഹിന്ദുജീവിതരീതിക്കും ലോകം നല്‍കുന്ന സ്വീകാര്യത അതിന് തെളിവാണ്. ഹിന്ദുത്വത്തെ തകര്‍ക്കാനും ഇകഴ്ത്താനും വേണ്ടി അമേരിക്കയില്‍ ചില സര്‍വകലാശാലകളുടെ സ്‌പോണ്‍സര്‍ഷിപ്പോടെ ചിലര്‍ നടത്താന്‍ ശ്രമിച്ച ‘ഡിസ്മാന്റലിങ് ഗ്ലോബല്‍ ഹിന്ദുത്വ’ എന്ന സമ്മേളനത്തോട് ലോകമെമ്പാടുനിന്നും എതിര്‍പ്പുണ്ടായി. യൂണിവേഴ്‌സിറ്റികള്‍ പരിപാടികളില്‍ നിന്ന് പിന്മാറി. ആര്‍എസ്എസിന്റെ കരുത്ത് കൊണ്ടാണ് ആ പരിപാടി തകര്‍ന്നതെന്ന് പിന്നീട് അവര്‍ പറയുന്ന അവസ്ഥ ഉണ്ടായി.
അയോധ്യയിലും അമര്‍നാഥിലുമൊക്കെ ഹിന്ദുഉണര്‍വ്വിന്റെ വിജയമാണ് പ്രകടമായത്. രാഷ്ട്രമെന്ന ഭാവത്തോടെ സമാജത്തെ സംഘടിപ്പിക്കുന്നതിലാണ് ആര്‍എസ്എസ് ഊന്നുന്നത്. പുറത്തുനിന്നുള്ള വെല്ലുവിളികളെ ചെറുക്കുന്നതിനോടൊപ്പം അകത്തുള്ള കുറവുകളെ നികത്തുകയും വേണം. ഗ്രാമവികാസത്തിലൂടെ, ഗോസേവയിലൂടെ, കുടുംബബോധനങ്ങളിലൂടെ, പരിസ്ഥിതിസംരക്ഷണത്തിലൂടെ തീര്‍ത്തും ഭാവാത്മകമായ പ്രവര്‍ത്തനമാണതെന്നും അദ്ദേഹം പറഞ്ഞു. പാട്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ മുന്‍ ചെയര്‍മാനുമായ ജസ്റ്റിസ് ബെഞ്ചമിന്‍ കോശി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ സംഘചാലക് പി. വിജയകുമാര്‍, ഇടപ്പള്ളി നഗര്‍ സംഘചാലക് ടി.കെ. ഹര്‍ഷന്‍ എന്നിവര്‍ സംബന്ധിച്ചു.










