പട്ടാമ്പി: പ്രസിദ്ധമായ രായിരനെല്ലൂര്‍ മലകയറ്റം ഇന്ന്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ക്ക് മാത്രമാണ് ഇത്തവണയും അനുമതിയുളളത്. മലകയറ്റത്തിന് മുന്നോടിയായി മലമുകളിലെ ദേവി ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന നടന്നു. ഇത് രണ്ടാം തവണയാണ് മലകയറ്റം ചടങ്ങുകളില്‍ മാത്രം ഒതുങ്ങുന്നത്.
കനത്തമഴ മറികടന്ന് തുലാം മാസം ഒന്നാം തീയതിയായ ഇന്നലെ ആയിരങ്ങള്‍ പുലര്‍ച്ചെ മുതല്‍ മല കയറി. കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നാണ് ഭക്തര്‍ കൂടുതലായി എത്തിയത്. 40 പേര്‍ വീതമുള്ള സംഘങ്ങളായി മാത്രമെ മലകയറാന്‍ അനുവാദമുള്ളൂ. പട്ടാമ്പി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് ഭക്തരെ നിയന്ത്രിക്കാനെത്തിയിരുന്നു. കൈപ്പുറം ഭ്രാന്താചല ക്ഷേത്രത്തിലും ഭക്തരുടെ വന്‍തിരക്കായിരുന്നു.
പന്തിരുകുലത്തിലെ പ്രധാനിയായ നാറാണത്തുഭ്രാന്തന് രായിരനെല്ലൂര്‍ മലമുകളില്‍ ദേവിദര്‍ശനം ലഭിച്ചുവെന്ന ഐതിഹ്യപ്പെരുമയിലാണ് എല്ലാ വര്‍ഷവും തുലാം ഒന്നിന് രായിരനെല്ലൂര്‍ മലകയറ്റം നടക്കുന്നത്. ഇത്തവണ ഇന്നലെ ഉച്ചക്കാണ് തുലാം സംക്രമം നടന്നതെന്ന് ശ്രീ ദ്വാദശാക്ഷരി ട്രസ്റ്റ് ചെയര്‍മാന്‍ മധുസൂദനന്‍ ഭട്ടതിരിപ്പാട്, രാമന്‍ ഭട്ടതിരിപ്പാട് എന്നിവര്‍ അറിയിച്ചു. ചടങ്ങുകള്‍ക്ക് മാത്രമാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടുളളത് എന്നതിനാല്‍ മറ്റു പരിപാടികള്‍ മലകയറ്റത്തോടനുബന്ധിച്ച് ഉണ്ടായിരുന്നില്ല.
Discussion about this post