ഗുവാഹത്തി: തദ്ദേശവാസികളുടെ മറവില്‍ ബംഗ്ലാദേശികള്‍ അനധികൃതമായി കൈയേറിയ പതിനാറ് സ്ഥലങ്ങള്‍ കൂടി ആസാം സര്‍ക്കാര്‍ കണ്ടെത്തി. ബര്‍ചാലയിലും ധേകിയാജുലിചാറിലും സര്‍ക്കാര്‍ ഉടന്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കും. സമീപ പ്രദേശങ്ങളില്‍ നിന്നുള്ള കുടിയേറ്റ മുസ്ലീം കയ്യേറ്റക്കാര്‍ ബര്‍ചാല, ധേകിയാജുലി മണ്ഡലങ്ങളിലെ നദിയോരമേഖലകള്‍ പ്രദേശങ്ങളാണ് കൈയേറിയത്. ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളായിരുന്ന ഇവിടം ഇപ്പോള്‍ ബംഗ്ലാദേശി കൈയേറ്റക്കാരുടെ പിടിയിലാണ്.
വന്‍തോതിലുള്ള കുടിയേറ്റത്തിലൂടെ ജനസംഖ്യാമുന്‍തൂക്കം നേടാനുള്ള ആസൂത്രിത നീക്കമാണ് ഇസ്ലാമിക തീവ്രവാദ ശക്തികളുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി ഡോ. ഹിമന്തബിശ്വശര്‍മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് പതിറ്റാണ്ടായി മുസ്ലീം ഭൂരിപക്ഷ ജില്ലകളില്‍ നിന്ന് ആയിരക്കണക്കിന് കുടിയേറ്റ ക്കാര്‍ ലുംഡിംഗ്, ബര്‍ചാല, ധേകിയാജുലി എന്നിവിടങ്ങളിലേക്ക് താമസം മാറിയിട്ടുണ്ട്. ഇവര്‍ക്ക് മറ്റ് ചില നിയോജക മണ്ഡലങ്ങളില്‍ ഭൂമിയും സ്വത്തുക്കളും ഉണ്ട്.
അടുത്ത നാലര വര്‍ഷത്തിനുള്ളില്‍ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഡോ. ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. ഭൂമിയുടെ കൈയേറ്റ സ്ഥിതി വിലയിരുത്താന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. മുതിര്‍ന്ന എജിപി എംഎല്‍എ പ്രദീപ് ഹസാരിക, ബിജെപി എംഎല്‍എമാരായ മൃണാള്‍ സൈകിയ, രൂപക് ശര്‍മ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ സത്രാസ് ഭൂമിയില്‍ നിന്ന് കൈയേറ്റക്കാരെ ഒഴിപ്പിക്കും. ഈ വര്‍ഷം സപ്തംബറില്‍ ആസാം സര്‍ക്കാര്‍ ധല്‍പൂരിലെ ഗോരുഖുതിയിലെ 7000 ഏക്കര്‍ ഭൂമി ഒഴിപ്പിച്ചു, കുടിയൊഴിപ്പിക്കപ്പെട്ട ഭൂമി ആയിരക്കണക്കിന് പ്രാദേശിക യുവാക്കള്‍ ഉള്‍പ്പെടുന്ന ഒരു സംയോജിത അഗ്രിഫാമാക്കി മാറ്റി. ആയിരക്കണക്കിന് കുടിയേറ്റ മുസ്ലീം കുടുംബങ്ങള്‍ കൈയേറിയലുംഡിംഗിലെ 1400 ഏക്കര്‍ വനഭൂമി ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് നവംബറില്‍ ഒഴിപ്പിച്ചു.
Discussion about this post