ന്യൂദല്‍ഹി: സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഉത്തരാഖണ്ഡിലെ 899 കിലോമീറ്റര്‍ ചാര്‍ ധാം പദ്ധതിയുടെ ഭാഗമായ റോഡുകള്‍ ഇരട്ട വരിയാക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന് സുപ്രീം കോടതി അനുമതി നല്‍കി. മൂന്ന് തന്ത്രപ്രധാന ഹൈവേകള്‍ക്ക് അനുമതി തേടി പ്രതിരോധ മന്ത്രാലയം നല്‍കിയ അപേക്ഷ അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെ തീരുമാനം.
ഋഷികേശ് മുതല്‍ ഗംഗോത്രി വരെ, ഋഷികേശ് മുതല്‍ പിത്തോരാഗഡ് വരെയുമുള്ള ചാര്‍ ധാം പാതകളുടെ വീതി പരിമിതപ്പെടുത്തിക്കൊണ്ടുള്ള 2020 സെപ്തംബര്‍ 8 ലെ ഉത്തരവാണ് സുപ്രീം കോടതി പരിഷ്‌കരിച്ചത്. 2018 ലെ റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന്‍റെ സര്‍ക്കുലര്‍ അനുസരിച്ച്, മുഴുവന്‍ ചാര്‍ ധാം റൂട്ടിലെയും റോഡ് വീതി 5.5 മീറ്ററില്‍ കൂടരുതെന്നായിരുന്നു 2020ലെ ഉത്തരവ്.
ചൈനീസ് അതിര്‍ത്തിയിലേക്ക് നീളുന്ന ഈ പാതകള്‍ സുരക്ഷാകാരണങ്ങളാല്‍ രണ്ടുവരിയാക്കണമെന്നതായിരുന്നു പ്രതിരോധമന്ത്രാലയത്തിന്റെ ആവശ്യം. 12,000 കോടി രൂപയുടെ ചാര്‍ ധാം ഹൈവേ പദ്ധതിക്ക് 10 മീറ്റര്‍ വീതി കൂട്ടണമെന്ന ഉന്നതാധികാര സമിതിയുടെ (എച്ച്പിസി)അഭിപ്രായം അംഗീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഹൈവേകളുമായി ബന്ധപ്പെട്ട പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നതിനും അതേക്കുറിച്ച് കോടതിയില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ഒരു മേല്‍നോട്ട സമിതിയെയും സുപ്രീം കോടതി രൂപീകരിച്ചു.
Discussion about this post