തൊടുപുഴ: കേരളാ പോലീസിന്റെ ഔദ്യോഗിക ഡേറ്റാബേസില്‍ നിന്ന് ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ വ്യക്തിവിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്കിയ പോലീസുകാരനെ പിരിച്ചുവിട്ടു. കരിമണ്ണൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ. അനസിനെയാണ് പിരിച്ചുവിട്ടത്. ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവ് അനസിന് നേരിട്ട് കൈമാറി. ജോലിയില്‍ നിന്ന് പിരിച്ചുവിടാതിരിക്കാന്‍ എന്തെങ്കിലും കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 28ന് അനസിന് കത്ത് നല്കിയിരുന്നു. ഇതില്‍ ലഭിച്ച വിശദീകരണം തൃപ്തികരമല്ലാത്തതിനെത്തുടര്‍ന്നാണ് നടപടി.
കേരളാ പോലീസില്‍ ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ലീപ്പര്‍ സെല്ലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ശക്തമായിരുന്നെങ്കിലും കേരളാ സര്‍ക്കാര്‍ അത് അവഗണിക്കുകയായിരുന്നു. പച്ചവെളിച്ചം എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പുകളും അതുവഴി ഭീകരസംഘടനകളുടെ പ്രചരണവും നടത്തിയത് നേരത്തെയും വാര്‍ത്തയായിരുന്നു.
തൊടുപുഴ മേഖലയിലെ 135 ഓളം വരുന്ന ആര്‍എസ്എസ്- ബിജെപി നേതാക്കളുടെ വിവരമാണ് അനസ് എന്ന പോലീസുകാരന്‍ ചോര്‍ത്തി നല്കിയത്. ഡിസംബര്‍ മൂന്നിന് തൊടുപുഴ മങ്ങാട്ടുകവലയില്‍വച്ച് കെഎസ്ആര്‍ടിസി കണ്ടക്ടറെ പ്രവാചക വിരുദ്ധ പോസ്റ്റ് ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തെന്നാരോപിച്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയത് കണ്ടെത്തിയത്. വണ്ണപ്പുറം സ്വദേശി പ്ലാമൂട്ടില്‍ ഷാനവാസിനാണ് വാട്സ് ആപ്പില്‍ വിവരങ്ങള്‍ കൈമാറിയത്. തൊടുപുഴ ഡിവൈഎസ്പി കെ.സദന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 22ന് അനസിനെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് 28ന് സസ്പെന്‍ഡ് ചെയ്തു.
അന്വേഷണത്തില്‍ തൊടുപുഴ മേഖലയില്‍ നിന്ന് സമാന രീതിയില്‍ പോപ്പുലര്‍ ഫ്രണ്ടുമായി അടുപ്പം പുലര്‍ത്തിയിരുന്ന 15ഓളം പോലീസുകാരെയും സ്ഥലമാറ്റിയിരുന്നു.
Discussion about this post