ഇസ്ലാമബാദ്: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഉന്നത അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റുചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. അനധികൃത പണ ഇടപാട് കേസില്‍ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകുന്നതിന് നല്‍കിയ നോട്ടീസ് ആവര്‍ത്തിച്ച് അവഗണിച്ചതിനെത്തുടര്‍ന്നാണിത്. വെള്ളിയാഴ്ച എഫ്‌ഐഎ ഇമ്രാന്‍ ഖാന് വീണ്ടും നോട്ടീസ് അയച്ചതായി ദി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ബുധനാഴ്ച ആദ്യ നോട്ടീസ് ലഭിച്ചെങ്കിലും എഫ്ഐഎ ക്ക് മുന്നില്‍ ഹാജരാകാന്‍ ഇമ്രാന്‍ വിസമ്മതിക്കുകയായിരുന്നു.
യുഎസ്എ, ഓസ്ട്രേലിയ, കാനഡ, ബ്രിട്ടന്‍, ബെല്‍ജിയം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് കമ്പനികളില്‍ നിന്ന് ഇമ്രാന്‍ഖാന്‍റെ പാര്‍ട്ടി പണം സ്വീകരിച്ചിട്ടുണ്ടെന്നും അത് പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അനധികൃത ഫണ്ടിങ് കേസില്‍ തനിക്ക് അയച്ച നോട്ടീസ് രണ്ട് ദിവസത്തിനകം തിരിച്ചെടുക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ എഫ്‌ഐഎയ്ക്ക് മറുപടി നല്‍കി. എഫ്‌ഐഎയ്ക്ക് ഉത്തരം നല്‍കാന്‍ താന്‍ ബാധ്യസ്ഥനല്ലെന്ന് രേഖാമൂലം നല്‍കിയ മറുപടിയില്‍ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവെച്ചതിന് ഇമ്രാന്‍ കുറ്റക്കാരനാണെതിന് മതിയായ തെളിവുകള്‍ എഫ്ഐഎ ശേഖരിച്ചിട്ടുണ്ട്, മൂന്നാമത്തെ നോട്ടീസ് അടുത്തയാഴ്ച പുറപ്പെടുവിക്കും. അതും അവഗണിച്ചാല്‍ അറസ്റ്റുണ്ടാകും.
ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) ഇന്ത്യന്‍ വംശജയായ ഒരു വ്യവസായി ഉള്‍പ്പെടെ 34 വിദേശ പൗരന്മാരില്‍ നിന്ന് നിയമവിരുദ്ധമായി ഫണ്ട് സ്വീകരിച്ചുവെന്നതാണ് കേസ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മൂന്നംഗ ബെഞ്ച് ഇത് സംബന്ധിച്ച് പിടിഐക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സിക്കന്ദര്‍ സുല്‍ത്താന്‍ രാജ തന്‍റെ പാര്‍ട്ടിയോട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു
Discussion about this post