ലഖിംപൂര്‍ഖേരി(ഉത്തര്‍പ്രദേശ്): രണ്ട് ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് മരത്തില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം ആറു പ്രതികളെയും പോലീസ് പിടികൂടി. സുഹൈല്‍, ജുനൈദ്, ഹഫീസുല്‍ റഹ്‌മാന്‍, കരിമുദ്ദീന്‍, ആരിഫ് എന്നിവരാണ് കൊലപാതകത്തിന് അറസ്റ്റിലായത്. പെണ്‍കുട്ടികളുടെ അയല്‍വാസിയായ ഛോട്ടു എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളാണ് പെണ്‍കുട്ടികള്‍ക്ക് പ്രതികളെ പരിചയപ്പെടുത്തിയത്.
പതിനേഴും പതിനഞ്ചും വയസ്സുള്ള പെണ്‍കുട്ടികളെ കരിമ്പിന് തോട്ടത്തിലേക്ക് കൊണ്ടുപോയി സുഹൈലും ജുനൈദും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി സഞ്ജീവ് സുമന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.. തുടര്‍ന്ന് കരിമുദ്ദീനും ആരിഫും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടിത്തൂക്കിയത്. പെണ്‍കുട്ടികള്‍ സുഹൈലും ജുനൈദുമായി സൗഹൃദത്തിലായിരുന്നുവെന്നും അത് മുതലാക്കിയാണ് അതിക്രമം നടത്തിയതെന്നും പോലീസ് പറഞ്ഞു.
അറസ്റ്റിലായവരെല്ലാം അയല്‍ഗ്രാമത്തില്‍ നിന്നുള്ളവരാണ്. അഞ്ച് പേരെ കഴിഞ്ഞ ദിവസവും ഒരാളെ ഇന്നലെ രാവിലെ.ഏറ്റുമുട്ടലിലൂടെയുമാണ് പിടികൂടിയത്.
മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടികളുടെ അമ്മ പോലീസിനോട് പറഞ്ഞിരുന്നു. മൂന്ന് യുവാക്കള്‍ തന്‍റെ പെണ്‍ മക്കളെ മോട്ടോര്‍ സൈക്കിളില്‍ ബലമായി കൂട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. പിന്നീട് വീട്ടുകാരാണ് ഇവരുടെ മൃതദേഹം കരിമ്പിന് തോട്ടത്തിന് സമീപത്തെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്.
Discussion about this post