ന്യൂഡൽഹി; രാജ്യത്തു വിപ്ലവകരമായ പുതിയൊരു സാങ്കേതിക യുഗത്തിന് തുടക്കമിട്ട് 5ജി ഇന്റർനെറ്റ് സേവനങ്ങൾക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 5ജി അവതതരിപ്പിച്ചത്. രാവിലെ10 മണിക്ക് ഡൽഹി പ്രഗതി മൈതാനിയിൽ ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ (ഐഎംസി- 2022) ആറാം എഡിഷനിലായിരുന്നു ഉദ്ഘാടനം.
തടസമില്ലാത്ത കവറേജ്, ഉയർന്ന ഡാറ്റ ശേഷി, കുറഞ്ഞ നിർജീവത, സജീവവും വിശ്വസനീയവുമായ ആശയവിനിമയം എന്നിവ 5ജി സാങ്കേതികവിദ്യ നൽകും. ഇത് ഊർജ കാര്യക്ഷമത, സ്പെക്ട്രം, നെറ്റ്വർക്ക് കാര്യക്ഷമത എന്നിവയും വർധിപ്പിക്കും. മൊബൈൽ ഓപ്പറേറ്റർമാർ 5ജി-യുടെ വാണിജ്യ വിപണനം തൊട്ടുപിന്നാലെ ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. റിലയൻസ് ജിയോയും ഭാരതി എയർടെലും ഈ മാസം തന്നെ 5ജി സേവനം നൽകാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ദീപാവലിയോടെ മെട്രൊ നഗരങ്ങളിൽ ലഭ്യമാക്കും.

വർഷങ്ങൾ നീണ്ട ശ്രമകരമായ തയാറെടുപ്പിനു ശേഷമാണു രാജ്യം 5ജി നെറ്റ്വർക്കിലേക്കു കടക്കുന്നത്. 5ജി സ്പെക്ട്രം ലേലം നടത്തി 51,236 മെഗാഹെർട്സ് എയർവേവ് ടെലികോം കമ്പനികൾക്ക് അനുവദിക്കുകയും അതിലൂടെ 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സർക്കാരിന് ലഭിക്കുകയും ചെയ്തു.
പുത്തൻ സാമ്പത്തിക അവസരങ്ങളും സാമൂഹിക നേട്ടങ്ങളും സൃഷ്ടിക്കാനും രാജ്യത്തിന് പരിവർത്തന ശക്തിയാകാനുള്ള സാധ്യത തുറക്കാനും 5ജി വരുന്നതോടെ കഴിയും. വികസനരംഗത്തുള്ള തടസങ്ങൾ മറികടക്കാനും സ്റ്റാർട്ടപ്പുകളുടെയും ബിസിനസ് സംരംഭങ്ങളുടെയും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനും “ഡിജിറ്റൽ ഇന്ത്യ’ പദ്ധതി മുന്നോട്ടു കൊണ്ടു പോകാനും ഇത് സഹായിക്കും. 2035 ആകുമ്പോഴേക്കും 5ജി-യുടെ സാമ്പത്തിക സ്വാധീനം 450 ബില്യൺ ഡോളറിലെത്തുമെന്നാണു പ്രതീക്ഷ.
Discussion about this post