ലഖ്നൗ: രാഷ്ട്രത്തിന്‍റെ ആധാരമെന്തെന്നതിലെ ആശയവ്യക്തതയും ആദര്‍ശശുദ്ധിയുമാണ് മാധ്യമ പ്രവര്‍ത്തനത്തിന് മുഖമുദ്രയാകേണ്ടതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. രാഷ്ട്ര ധര്‍മ്മ മാസികയുടെ ‘രാഷ്ട്രീയ വിചാര്-സാധന’ പ്രത്യേക ദലിബാഗ് ഷുഗര്‍കെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെറ്റിദ്ധരിപ്പിക്കുന്ന ആഖ്യാനങ്ങളാണ് അധിനിവേശകാലം മുതല്‍ നമ്മുടെ മാധ്യമങ്ങളില്‍ നിറയുന്നത്. ഇന്ത്യ ഒരു രാജ്യമേ ആയിരുന്നിട്ടില്ലെന്ന് അവര്‍ വ്യാഖ്യാനം നടത്തി. ആര്യ-ദ്രാവിഡ സംഘര്‍ഷം എന്ന കെട്ടുകഥകള്‍ ചരിത്രമെന്ന രീതിയില്‍ അവതരിപ്പിച്ചു. അഭ്യസ്തവിദ്യരെ ബൗദ്ധിക അടിമത്തത്തിലേക്ക് നയിക്കുന്ന ഇത്തരം വ്യാജപ്രചരണങ്ങളോടുള്ള പ്രതിരോധമായിട്ടാണ് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയും അടല്‍ ബിഹാരി വാജ്‌പേയിയും ചേര്‍ന്ന് രാഷ്ട്രധര്‍മ്മ പ്രസിദ്ധീകരിച്ചതെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യം കിട്ടി പതിനഞ്ച് ദിവസത്തിനുള്ളില്‍ പുറത്തുവന്ന രാഷ്ട്രധര്‍മ്മയുടെ ആദ്യ പതിപ്പില്‍ അടല്‍ജിയെഴുതിയ ഹിന്ദു തന് മന്, ഹിന്ദു ജീവന് എന്ന കവിത രാഷ്ട്രധര്‍മ്മമെന്തെന്ന സുവ്യക്തമായ പ്രഖ്യാപനമായിരുന്നതാണ് നമ്മുടെ ധര്‍മ്മം ഉദ്‌ഘോഷിക്കുന്നത്. ഇതാണ് ഈ മണ്ണിന്‍റെ സ്വഭാവം. ഭാരതം വീണ്ടും വിശ്വഗുരു ആകണമെന്നത് നമ്മുടെ ദൃഢനിശ്ചയമാണ്, സംഘശക്തിയതിലേക്ക് വഴിയൊരുക്കുന്ന ധ്രുവതാരവും. എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേച്ചര്‍, ജേര്‍ണലിസം എന്ന ജനാധിപത്യത്തിന്‍റെ നാല് തൂണുകളിലും ഈ ലക്ഷ്യത്തോട് ആശയപരമായും ആദര്‍ശാത്മകവുമായ യോജിപ്പുണ്ടാകണം.
രാജ്യത്തിന്‍റെ എല്ലാ മേഖലകളിലും പുരോഗതി ഉണ്ടാകണം. എന്നാലതിന് പാരമ്പര്യത്തെക്കുറിച്ചും സ്വത്വത്തെക്കുറിച്ചും അഭിമാനവും ആശയവ്യക്തതയും അനിവാര്യമാണ്. കൊണോണിയല്‍ കാലത്തിന്റെ തുടര്‍ച്ചകള്‍ വലിച്ചെറിയേണ്ടതുണ്ട്. ബ്രിട്ടീഷ് സ്വാധീനത്തില്‍ സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചത് വൈകിട്ട് അഞ്ചിനാണ്. അടല്‍ജി പ്രധാനമന്ത്രിയായപ്പോഴാണ് ഈ രീതി മാറ്റിയത്. ഇപ്പോള്‍ രാജ്പഥ് കര്‍ത്തവ്യപാതയാകുന്നതും ഇത്തരത്തില്‍ സ്വാഭിമാനത്തിലേക്കുള്ള യാത്രയാണ്.
വൈവിധ്യമാണ് ഭാരതീയതയുടെ സൗന്ദര്യം. നമ്മളെല്ലാം ഒന്നാണ്. എല്ലാ വൈവിധ്യങ്ങളോടെയും കാലങ്ങളായി ഒരുമിച്ചു കഴിയുന്നവര്‍. ഈ ഐക്യം തകര്‍ക്കാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചതെന്നും സര്‍കാര്യവാഹ് ഓര്‍മ്മിപ്പിച്ചു.
റിട്ട. ജസ്റ്റിസ് ദിനേശ് കുമാര്‍ ത്രിവേദി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ. വിക്രം റാവു, രാഷ്ട്രധര്‍മ്മ പത്രാധിപര്‍ പ്രൊഫ. ഓംപ്രകാശ് പാണ്ഡെ എന്നിവര്‍ സംസാരിച്ചു.
Discussion about this post