അഹമ്മദാബാദ്: രാജ്യത്തെ മിനി ആഫ്രിക്കന്‍ ഗ്രാമമെന്ന് പേരുകേട്ട ഗുജറാത്തിലെ ജംബൂരില്‍ ചരിത്രത്തിലാദ്യമായി പോളിങ് ബൂത്ത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഇന്നലെ ജംബൂര്‍ ഗ്രാമത്തിലെ ഗോത്രവര്‍ഗ വിഭാഗക്കാര്‍ ഇതാദ്യമായി സ്വന്തം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 182 സീറ്റുകളില്‍ 89 എണ്ണത്തിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ശേഷിക്കുന്ന സീറ്റുകളില്‍ ഡിസംബര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കും.
ആഫ്രിക്കയില്‍ നിന്നെത്തി ജംബൂരില്‍ സ്ഥിരതാമസമാക്കിയവരുടെ പിന്‍തലമുറയാണ് ഇവിടെ താമസിക്കുന്നത്. ജുനഗഢ് കോട്ട പണിയുമ്പോഴാണ് ആഫ്രിക്കയില്‍നിന്ന് ആളുകള്‍ ഇവിടേക്ക് എത്തിയത്. ആദ്യം രത്തന്‍പൂര്‍ ഗ്രാമത്തിലും പിന്നീട് ജാന്‍വാര്‍ ഗ്രാമത്തിലുമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. സിദ്ധി ഗോത്രമെന്ന നിലയില്‍ പിന്നീട് സര്‍ക്കാര്‍ ഇവരെ അംഗീകരിക്കുകയായിരുന്നു. രണ്ട് നദികള്‍ക്ക് നടുവിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. എല്ലാവരും ഒരുമിച്ചാണ് ഇവിടെ താമസിക്കുന്നത്. കൃഷിയും ജുസ് സിദ്ധി ഗോത്ര നൃത്തവുമാണ് വരുമാനമാര്‍ഗം.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ തങ്ങളെ പരിഗണിച്ചത് അഭിമാനകരമാണെന്ന് മുതിര്‍ന്ന പൗരനായ റഹ്‌മാന്‍ പറഞ്ഞു. വര്‍ഷങ്ങളായി ഞങ്ങള്‍ ഈ ഗ്രാമത്തില്‍ താമസിക്കുന്നു. എന്നാല്‍ ഇത് ആദ്യത്തെ അനുഭവമാണ്, പൂര്‍വികര്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണെങ്കിലും ഇന്ത്യയുടെയും ഗുജറാത്തിന്റെയും പാരമ്പര്യമാണ് ഞങ്ങള്‍ പിന്തുടരുന്നത്, റഹ്‌മാന്‍ പറഞ്ഞു.
Discussion about this post