അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ മോദി(100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്റർ ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി ഉടൻ അഹമ്മദാബാദിലേക്ക് തിരിക്കും. അദ്ദേഹത്തിന്‍റെ ഔദ്യോഗിക പരിപാടികളിൽ മാറ്റമില്ലെന്നാണ് വിവരം. വീഡിയോ കോൺഫറൻസിലൂടെ അദ്ദേഹം സുപ്രധാനയോഗങ്ങളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച രാത്രിയാണ് മാതാവ് ഹീരാബെന്നിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ പ്രധാനമന്ത്രി ആശുപത്രിയിലെത്തി മാതാവിനെ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനിലതൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. വിദഗ്ധ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ജൂണിലാണ് മാതാവിന് നൂറ് വയസ് തികഞ്ഞത്.
മാതാവിന്‍റെ മരണം അദ്ദേഹം ഹൃദയസ്പർശിയായ ട്വീറ്റിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്‍റെ പാദങ്ങളിൽ കുടികൊള്ളുന്നുവെന്നാണ് ട്വീറ്റിന്‍റെ തുടക്കം. നൂറാം ജന്മദിനത്തിൽ മാതാവിനെ സന്ദർശിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു.
തന്‍റെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട വ്യക്തി എന്നാണ് അദ്ദേഹം എപ്പോഴും മാതാവിനെ വിശേഷിപ്പിക്കാറുള്ളത്. ഏത് തിരക്കിലും സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് അദ്ദേഹം മാതാവിനെ സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു.
Discussion about this post