ചെന്നൈ: സേതുസമുദ്രം പദ്ധതി ഡിഎംകെ നേതാക്കളുടെ ഷിപ്പിങ് കമ്പനികള്‍ക്കു വേണ്ടിയാണെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ. ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന സേതുസമുദ്രം ജലപാത പദ്ധതിയുമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ പ്രഖ്യാപനത്തിന്‍ വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. പവിത്രമായ രാമസേതു തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമാണിതെന്നും ഇത്തരം കച്ചവടനീക്കങ്ങളെ ചെറുത്തുതോല്‍പിക്കുമെന്നും അണ്ണാമലൈ പറഞ്ഞു.
സതു സമുദ്രത്തെക്കുറിച്ചുള്ള അര്‍ദ്ധസത്യങ്ങളും നുണകളും ഉപയോഗിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. അലൈന്‍മെന്റ് 4 എ പ്രകാരം ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ല. പദ്ധതിയുടെ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയോഗിച്ച വസ്തുതാന്വേഷണ സംഘം ഇതുവരെ രാമസേതുവിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതി വിദഗ്ധരുടെയടക്കം നിര്‍ദേശങ്ങളും ഉപദേശങ്ങളും അവഗണിക്കാനുള്ള സ്റ്റാലിന്‍റെ നീക്കം ദുസ്സാഹസമാണ്. രാമസേതുവിന്‍റെ നാശം പ്രദേശത്ത് സുനാമിക്ക് കാരണമാകുമെന്ന് പ്രൊഫ. താഡ് എസ്. മൂര്‍ത്തിയെപ്പോലുള്ള ശാസ്ത്രകാരന്മാര്‍ പറഞ്ഞിട്ടുണ്ട്. സേതുസമുദ്രം പദ്ധതി പ്രയോജനം ചെയ്യില്ലെന്ന് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡിഎംകെ നേതാക്കളായ ടി.ആര്‍. ബാലു, കനിമൊഴി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഷിപ്പിങ് കമ്പനികള്‍ക്ക് മാത്രമേ സേതുസമുദ്രം പദ്ധതി പ്രയോജനപ്പെടൂ, അണ്ണാമലൈ പറഞ്ഞു.
സേതുസമുദ്രം പദ്ധതി 50,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സ്റ്റാലിന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്. സേതുസമുദ്രം അണ്ണായുടെയും കലൈഞ്ജരുടെയും സ്വപ്‌ന പദ്ധതിയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. അതേസമയം സ്റ്റാലിന്‍റെ നീക്കത്തിനെതിരെ വിവിധ ഹിന്ദു സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. നീക്കം സനാതനധര്‍മ്മത്തെ തകര്‍ക്കാനാണെന്നും രാമസേതുവിനെതിരായ നടപടികള്‍ ചെറുക്കാന്‍ ഏതറ്റം വരെയും പോകുമെന്നും സന്ത് ദിവാകര്‍ ആചാര്യ പറഞ്ഞു. കുറച്ച് ആളുകളെ തൃപ്തിപ്പെടുത്താന്‍ സര്‍ക്കാര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം അവലംബിക്കുകയാണെന്ന് അയോധ്യയില്‍ നിന്നുള്ള മഹന്ത് ചന്ദ്രഭൂഷണ്‍ പറഞ്ഞു.
















