ഗുവാഹത്തി(ആസാം): സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസം, സംസ്‌കാരം, മൂല്യങ്ങള്‍ എന്നിവയ്ക്ക് വളരെയധികം പങ്കുണ്ടെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വിദ്യാര്‍ത്ഥിസമൂഹത്തെ രാഷ്ട്രനിര്‍മാണത്തിന്റെ ദിശയിലേക്ക് നയിക്കാന്‍ അവരെ കേന്ദ്രീകരിച്ചുകൊണ്ടായിരിക്കണം വിദ്യാഭ്യാസരീതികളെന്ന് അദ്ദേഹം പറഞ്ഞു. പ്രാഗ്‌ജ്യോതിഷ്പൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും അഭിസംബോധന ചെയ്യുകയായിരുന്നു സര്‍കാര്യവാഹ്.

സാമൂഹികവും ദേശീയവുമായ വികസനത്തില്‍ വിദ്യാഭ്യാസത്തിന് പരിവര്‍ത്തനാത്മകമായ പങ്കുണ്ട്. അനുഭവങ്ങളെയും നൈപുണ്യത്തെയും അടിസ്ഥാനമാക്കിയുള്ള പഠനത്തിലൂടെ ഫലപ്രദമായ മാറ്റം സൃഷ്ടിക്കാനാവും. ദേശീയ വിദ്യാഭ്യാസ നയം സ്വഭാവ രൂപീകരണത്തിനും മൂല്യാധിഷ്ഠിത ജീവിതത്തിനും പ്രാധാന്യം നല്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ ഭാവിയുടെ അടിത്തറയാണെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതത്തെ ഒരു വിശ്വഗുരുവാക്കി മാറ്റുന്നതിന് സംഭാവന നല്‍കാന്‍ പ്രതിജ്ഞാബദ്ധരായ ഒരു തലമുറയെ വളര്‍ത്തിയെടുക്കുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് പരിപാടിയില്‍ സംസാരിച്ച വൈസ് ചാന്‍സലര്‍ പ്രൊഫ. രാഘവേന്ദ്ര പ്രസാദ് തിവാരി പറഞ്ഞു. ചാന്‍സലര്‍ റിട്ട. ലെഫ്റ്റനന്റ് ജനറല്‍ റാണ പ്രതാപ് കലിത പങ്കെടുത്തു.
പരിപാടിക്ക് ശേഷം, ദത്താത്രേയ ഹൊസബാളെ, ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ വി. ഭാഗയ്യ എന്നിവര്‍ കാമ്പസില്‍ വൃക്ഷത്തൈ നട്ടു.




















