അയോദ്ധ്യ: ഓപ്പറേഷന്‍ സിന്ദൂറില്‍ വ്യോമാക്രമണത്തിന് നേതൃത്വം നല്കിയ എയര്‍ മാര്‍ഷല്‍ ജീതേന്ദ്ര മിശ്ര ഇനി അയോദ്ധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിന്റെ മുഖ്യ ഭരണാധികാരി ആകും. ക്ഷേത്ര ട്രസ്റ്റാണ് അതിന്റെ ആദ്യ സിഇഒ ആയി ജിതേന്ദ്ര മിശ്രയെ നിയമിച്ചത്. നിലവിലെ ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി ജനറല്‍ സെക്രട്ടറിയാകും. മഹേഷ് ഭാഗ്ചന്ദ്കയാണ് പുതിയ ട്രഷറര്‍.ജസ്റ്റിസ് പെര്‍മോദ് കോഹ്ലിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രസ്റ്റ് സമിതി 5558 അപേക്ഷകളില്‍ നിന്നാണ് ജിതേന്ദ്രമിശ്രയെ തെരഞ്ഞെടുത്തത്. ലെഫ്റ്റനന്റ് ജനറല്‍ വി.കെ. ചതുര്‍വേദിയും ആണവ ശാസ്ത്രജ്ഞനായ ഡോ. സുരേഷ് ഹവ്രെയും അടങ്ങുന്ന സമിതി അപേക്ഷകള്‍ പരിശോധിച്ച് പതിനാറുപേരുടെ അന്തിമ പട്ടിക തയാറാക്കുകയായിരുന്നു. ആഗസ്ത് 11 നും 12 നുമായി ഇവരുടെ അഭിമുഖം നടത്തിയാണ് തീരുമാനം എടുത്തത്.
അയോദ്ധ്യയില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെയുള്ള കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ദേവ്‌രിയ സ്വദേശിയാണ് റിട്ട. എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര. 1983ല്‍ അദ്ദേഹം നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. 1986 ഡിസംബറില്‍ യുദ്ധവിമാന പൈലറ്റായി നിയമിതനായി.
വ്യോമസേനയുടെയും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെയും ചീഫ് ടെസ്റ്റ് പൈലറ്റായി സേവനമനുഷ്ഠിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജില്‍ യുദ്ധ മാനേജ്മെന്റും ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ഡിഫന്‍സ് സ്റ്റഡീസില്‍ തന്ത്രവും അദ്ദേഹം പഠിച്ചിട്ടുണ്ട്.2016 ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമതാവളം ഭീകരര്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് അതിന്റെ സുരക്ഷാചുമതലകള്‍ക്കായി നിയോഗിക്കപ്പെട്ടത് ജിതേന്ദ്ര മിശ്ര ആയിരുന്നു. പിന്നീട് ബെംഗളൂരുവിലെ എയര്‍ക്രാഫ്റ്റ് ആന്‍ഡ് സിസ്റ്റംസ് ടെസ്റ്റിംഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ കമാന്‍ഡറായി ചുമതലയേറ്റു. ഇതിനിടെ എയര്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലും മൂന്ന് വര്‍ഷം ജോലി നോക്കി.
ഫൈറ്റര്‍ പൈലറ്റ്, ടെസ്റ്റ് പൈലറ്റ്, ബേസ് കമാന്‍ഡര്‍, യുദ്ധ കമാന്‍ഡര്‍ തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചു. സര്‍വോത്തം യുദ്ധസേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍ തുടങ്ങി ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

















