പത്തനംതിട്ട: തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠന ശിബിരത്തിന് 26ന് രാവിലെ 10ന് തിരിതെളിയും. അടൂര്‍ പഴകുളം പാസ് ക്യാമ്പസിലെ രണ്ടു ദിവസത്തെ ശിബിരത്തില്‍ തെരഞ്ഞെടുത്ത 300 പ്രതിനിധികളാണ് പങ്കെടുക്കുക.
26 ന് രാവിലെ 10 ന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാരംഭ സഭയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്ന കുമാര്‍ ഭാഷയുടെ സാംസ്‌കാരിക ദൗത്യം എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തും. 11.45 ന് സംസ്ഥാന കാര്യാധ്യക്ഷന്റെ സാന്നിധ്യത്തില്‍ പുതുകാല ഭാഷ: ആശങ്കയും പ്രത്യാശയും എന്ന വിഷയത്തില്‍ കെ. രാജഗോപാല്‍ പ്രബന്ധം അവതരിപ്പിക്കും.
ഉച്ചക്ക് 3ന് ഭാഷയുടെ സര്‍ഗാത്മകതയെക്കുറിച്ച് മോഹനകൃഷ്ണന്‍ കാലടി പ്രബന്ധം അവതരിപ്പിക്കും. വൈകിട്ട് 5.30ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സതീശന്‍, ഉപാധ്യക്ഷന്‍
എം. ശ്രീഹര്‍ഷന്‍ എന്നിവര്‍ ചേര്‍ന്ന് സംഘടനാകാലാംശം നയിക്കും. രാത്രി ഏഴു മണി മുതല്‍ കവിയൂര്‍ ശ്രീഭദ്ര പടയണി സംഘത്തിന്റെ പടയണി അരങ്ങേറും.
27 ന് രാവിലെ 8.30 ന് ദേശപ്പെരുമ എന്ന വിഷയത്തില്‍ രവിവര്‍മ്മതമ്പുരാനും, ഉപാധ്യക്ഷന്‍ ഐ.എസ്. കുണ്ടൂറിന്റെ സാന്നിധ്യത്തില്‍ കലയുടെ ഭാഷ എന്ന വിഷയത്തില്‍ ഡോ. വി.കെ. ദീപേഷും ക്ലാസുകള്‍ നയിക്കും. 11.45 ന് സമാപന സഭയില്‍ ജന്മാഷ്ടമി പുരസ്‌കാര ജേതാവ് ഡോ. വി. സുജാത, വിദ്യാധിരാജ പുരസ്‌കാര ജേതാവ് കല്ലറ അജയന്‍ എന്നിവരെ ആദരിക്കും. സംസ്ഥാന കാര്യാധ്യക്ഷന്‍ പ്രൊഫ. പി. ജി. ഹരിദാസ് അനുമോദന പ്രസംഗവും ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശവും നല്‍കും.
ശിബിര വിജയത്തിനായി ഡോ. അടൂര്‍ പി. സുദര്‍ശനന്‍ (ചെയര്‍മാന്‍), ഡോ. ബി.ജി. ഗോകുലന്‍ (വൈസ് ചെയര്‍മാന്‍), ഡോ. എം.എ. കബീര്‍ (ജില്ലാ പ്രസിഡന്റ്), ബിന്ദു സജീവ് (ജില്ലാ ജന. സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നതായി സംഘാടകസമതി ജന. കണ്‍വീനര്‍ ശിവകുമാര്‍ അമൃതകല അറിയിച്ചു.















