ഗുവാഹതി: ഗോത്രവര്‍ഗജനതയുടെ അഭിമാനവും പാരമ്പര്യവും സംരക്ഷിക്കാന്‍ 12ന് ഒരു ലക്ഷത്തിലേറെ പേരുടെ ചലോ ദിസ്പൂര്‍ റാലിക്കൊരുങ്ങി ജനജാതി ധര്‍മ്മ സംസ്കൃതി സുരക്ഷാ മഞ്ച്. വനവാസി മേഖലയെ തനതുജീവിതത്തില്നിന്ന് അകറ്റാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യക്ഷ പരിപാടികളുമായി ഗോത്രവര്‍ഗ ജനത ഒന്നിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പട്ടികവര്‍ഗ സമൂഹത്തിന്റെ യഥാര്‍ത്ഥ സംസ്കാരം, ആചാരങ്ങള്‍, ഭാഷ എന്നിവയെ സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി ഒരു ലക്ഷത്തിലധികം ഗോത്രവര്‍ഗ്ഗക്കാര്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് റാലിയില്‍ പങ്കെടുക്കും.
പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാത്ത ആദിവാസി സമൂഹങ്ങളെ എസ്ടി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജനജാതി ധര്‍മ്മ സംസ്കൃതി സുരക്ഷാ മഞ്ച് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മെമ്മോറാണ്ടം അയയ്ക്കും.
ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിന്റെ ഏറ്റവും വലിയ ഇരകള്‍ ഗോത്രവര്‍ഗ സമൂഹമാണ്. വടക്കുകിഴക്കന്‍ മേഖലയിലെ വനവാസി ജീവിതങ്ങളില്‍ കടന്നുകയറി ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകര്‍ക്കുന്ന വൈദേശിക മതശക്തികള്ക്കെതിരായാണ് റാലി.
Discussion about this post