ബെംഗളൂരു: 2022ലെ ഹുബ്ബള്ളി കലാപ കേസിലെ 41 പ്രതികളുടെയും ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി നിരസിച്ചു. 2022 ഏപ്രിലില്‍ ആയിരത്തോളം പേരടങ്ങുന്ന ജനക്കൂട്ടം ഓള്‍ഡ് ഹുബ്ബള്ളി പോലീസ് സ്റ്റേഷന് ആക്രമിച്ച സംഭവത്തിലാണ് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജസ്റ്റിസ് ബി. വീരപ്പയും ജസ്റ്റിസ് വെങ്കിടേഷ് നായിക്കും അടങ്ങുന്ന ബെഞ്ചാണ് തള്ളിയത്. നേരത്തെ പ്രത്യേക എന്‍ഐഎ കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.
സംഭവത്തില്‍ 140 പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമത്തിലെയും യുഎപിഎയിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അക്രമത്തില്‍ ഇരുപതോളം പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആറ് പോലീസ് ജീപ്പുകളും ഒരു ഇന്നോവ ക്രിസ്റ്റല്‍ കാറും ഒരു പോലീസ് മോട്ടോര്‍ ബൈക്കും അക്രമികള്‍ തകര്‍ത്തു.
പ്രതികള്‍ പൊതു സമാധാനത്തിന് ഭംഗം വരുത്തുകയും സമൂഹത്തില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തെന്ന് വ്യക്തമായതായി ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് കോടതി പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍, കോള്‍ ഡീറ്റെയില്‍സ് റിക്കോര്‍ഡുകള്‍ മുതലായവകോടതി പരിശോധിച്ചു.
പ്രതികള്‍ മൊബൈല്‍ ഫോണ്‍ വഴി വിദ്വേഷ സന്ദേശങ്ങള്‍ കൈമാറിയതിന് തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി.
Discussion about this post