ഉത്തരാഖണ്ഡ്: രാജ്യത്തെ അവസാനത്തെ ഗ്രാമം എന്നായിരുന്നു ഉത്തരാഖണ്ഡിലെ മനായിലേക്കുള്ള കവാടത്തിൽ ഉണ്ടായിരുന്ന വിശേഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം അത് മായ്ച്ച് കളഞ്ഞ് രാജ്യത്തെ ആദ്യ ഗ്രാമമായി മനാ ഗ്രാമം മാറി. സാധാരണയായി അതിർത്തി ഗ്രാമങ്ങളെയാണ് രാജ്യത്തെ അവസാന ഗ്രാമങ്ങളെന്ന് വിളിക്കപ്പെടുന്നത്. ഇതിന് മാറ്റം അനിവാര്യമാണെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് പേര് മാറ്റിയത്.
ഇന്തോ-ടിബറ്റൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഗ്രാമമാണ് മനാ ഗ്രാമം. ഉത്താരഖണ്ഡിലെ ചമേലിയിലാണ് മനാ ഗ്രാമം. വലുപ്പത്തിന്റെ കാര്യത്തിൽ ഗ്രാമം ചെറുതാണെങ്കിലും ജനപ്രീതിയുടെ കാര്യത്തിൽ അങ്ങനെയല്ല.
ഇവിടെ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ പുണ്യഭൂമിയായ ബദരീനാഥിലെത്തും. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,200 മീറ്റർ അതായത് 10,500 അടി ഉയരത്തിലാണ് മനാ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തിന്റെ അതിമനോഹരമായ കാഴ്ചകൾ മനാ ഗ്രാമത്തിൽ നിന്നാൽ ആസ്വദിക്കാൻ കഴിയും. മഞ്ഞുമൂടിയ മലനിരകളാൽ ചുറ്റപ്പെട്ട് കിടക്കുകയാണ് ഈ കൊച്ചുഗ്രാമം. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജനവാസമുള്ള ഗ്രാമങ്ങളിലൊന്നാണ് ഇത്.
ഇന്തോ-ടിബറ്റൻ അതിർത്തികൾക്കിടയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ ഇരു രാജ്യങ്ങളുടെയും സംസ്കാരം ഗ്രാമത്തിൽ പ്രതിഫലിക്കുന്നു. വാസ്തുവിദ്യ, ഭക്ഷണം, പാരമ്പര്യം എന്നിവയുടെ മിശ്രിതമാണ് ഇവിടെ കാണാൻ കഴിയുന്നത്. ഈ സംസ്കാരം അനുഭവിക്കാൻ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
മനാ ഗ്രാമത്തിൽ എത്താൻ: ബസ്, ട്രെയിൻ, വിമാന മാർഗത്തിലൂടെ മനാ ഗ്രാമത്തിലെത്തി ചേരാവുന്നതാണ്. ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളമാണ് മനാ ഗ്രാമത്തിനടുത്തുള്ള വിമനത്താവളം. 222 കിലോമീറ്റർ അകലെയാണിത്. ഗ്രാമത്തിൽ നിന്ന് 202 കിലോമീറ്റർ അകലെയാണ് ഋഷികേശ് റെയിൽവേ സ്റ്റേഷൻ. ഋഷികേശ്, ഹരിദ്വാർ, ഡെറാഡൂൺ തുടങ്ങിയ നഗരങ്ങളിൽ നിന്ന് ചമോലിയെത്തിയാൽ ബസിൽ യാത്ര ചെയ്ത് മനാ ഗ്രാമത്തിലെത്താവുന്നതാണ്.
Discussion about this post