അയോധ്യ: ശ്രീരാമജന്മഭൂമിയിലുയരുന്നത് രാഷ്ട്രത്തിന്റെ അഭിമാന മന്ദിരമാണെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. അഞ്ഞൂറ് വര്‍ഷം പല തലമുറകള്‍ ഈ അഭിമാന മന്ദിരത്തിനായി പോരാടിയിട്ടുണ്ട്. ഇത് ദേശത്തിന്റെ സ്വാഭിമാനത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. നാല് വര്‍ഷം മുമ്പ് സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് രൂപം കൊണ്ട തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ദൗത്യപൂര്‍ത്തീകരണത്തിന്റെ അവസാന പടിയിലാണ്, അദ്ദേഹം ദൈനിക് ജാഗരണിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാമക്ഷേത്രത്തിന് മൂന്ന് പതിറ്റാണ്ടിന്റെ സമരചരിത്രമല്ല, അഞ്ച് നൂറ്റാണ്ടിന്റെ പോരാട്ട ചരിത്രം പറയാനുണ്ട്. പ്രത്യക്ഷ സമരങ്ങള്‍ മാത്രമല്ല, പഠനം, ഉത്ഖനനം, സുദീര്‍ഘമായ നിയമയുദ്ധം, അതിനെല്ലാം ഉപരി കോടാനുകോടി ദേശഭക്തരുടെ ക്ഷമയും സമര്‍പ്പണവും പ്രാര്‍ത്ഥനയും ഇതിന് പിന്നിലുണ്ട്. സ്വാധീനതയില്‍ നിന്ന് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കുള്ള രാഷ്ട്രമുന്നേറ്റത്തിന്റെ നിര്‍ണായകമായ പടവായിരിക്കും ശ്രീരാമക്ഷേത്ര സമര്‍പ്പണം, ചമ്പത് റായ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൃഢനിശ്ചയം ഇതിന്റെ ഗതിവേഗം കൂട്ടുന്നതിന് വലിയ സഹായകമായെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ചമ്പത് റായ് പറഞ്ഞു. പൃത്ഥിരാജ് ചൗഹാന് ശേഷം ഹിന്ദുജീവിതമൂല്യങ്ങള്‍ക്കായി സ്യം സമര്‍പ്പിച്ച ഒരു ഭരണാധികാരി ഇദ്ദേഹമാണെന്ന് തോന്നിയിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊരിക്കലും ഒരു കക്ഷിരാഷ്ട്രീയ വിഷയമല്ല, രാഷ്ട്രഹിതമാണ്. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ രാമക്ഷേത്രത്തെ ബാധിക്കില്ല. ഈ പ്രവര്‍ത്തനം മുന്നോട്ടുപോകും. അത് സാഫല്യത്തിലെത്തും. രാമക്ഷേത്രത്തിലൂടെ അയോധ്യ വിശ്വനഗരിയായി തീരും. ശ്രീരാമജന്മഭൂമിയിലുയരുന്നത് ലോകത്തിന് ധര്‍മ്മബോധം പകരുന്ന മഹാക്ഷേത്രമാണ്, ചമ്പത് റായ് പറഞ്ഞു.
Discussion about this post