ന്യൂദല്‍ഹി: 50,65,264 വിദ്യാര്‍ത്ഥികള്‍ അംഗങ്ങളായ എബിവിപിയാണ് ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല. ദേശീയസമ്മേളനത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം, സംസ്‌കാരം, നേതൃത്വം എന്നിവയിലൂടെ ഭാരതത്തിലെ യുവാക്കളുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള സംഘടനയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ സമ്മേളനമെന്ന് അദ്ദേഹം പറഞ്ഞു. 69-ാമത് എബിവിപി ദേശീയ സമ്മേളനത്തില്‍, രാജ്യത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. എബിവിപി നടത്തിയ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനു മുമ്പിലുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം നല്‍കുന്നതിനായി രാജ്യവ്യാപകമായി മിഷന്‍ സാഹസി ആരംഭിച്ചു. നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ ഭാഷാ, സാമൂഹിക, സാംസ്‌കാരിക വൈവിധ്യങ്ങള്‍ സൂക്ഷ്മരൂപത്തില്‍ അവതരിപ്പിക്കാന്‍ ഈ സമ്മേളനത്തില്‍ ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെ 9.30ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ ആഗോള സാഹചര്യത്തില്‍ ഭാരതത്തിന്റെയും യുവാക്കളുടെയും പങ്ക് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് പതിനായിരം പേര്‍ അണിനിരക്കുന്ന ശോഭായാത്ര വൈകിട്ട് നാലിന് ഇന്ദ്രപ്രസ്ഥനഗറില്‍ നിന്നാരംഭിച്ച് ദല്‍ഹി സര്‍വകലാശാല നോര്‍ത്ത് കാമ്പസിലെ മൗറീസ് ചൗക്കില്‍ സമാപിക്കും. ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരവും പൈതൃകവും വിളിച്ചോതുന്നതാകും ശോഭായാത്ര. വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് ശോഭായാത്രയില്‍ പങ്കെടുക്കുക.
ഇന്നലെ ഉദ്ഘാടന സഭയില്‍ ദേശീയ സമ്മേളനത്തിന്റെ തീം സോങ്ങിന്റെയും അഞ്ച് പുസ്തകങ്ങളുടെയും പ്രകാശനവും അമിത്ഷാ നിര്‍വഹിച്ചു. സ്വാഗതസംഘം അധ്യക്ഷന്‍ നിര്‍മ്മല്‍ മിന്‍ഡ, എബിവിപി ദേശീയ അധ്യക്ഷന്‍ ഡോ. രാജ്ശരണ്‍ ഷാഹി, ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല, സെക്രട്ടറി അങ്കിത പവാര്‍, ദല്‍ഹി സംസ്ഥാന അധ്യക്ഷന്‍ ഡോ. അഭിഷേക് ടണ്ഠന്‍, സെക്രട്ടറി ഹര്‍ഷ് അത്രി, ദേശീയ പ്രവര്‍ത്തക സമിതിയംഗം നീതി ത്രിപാഠി, സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ആശിഷ് സൂദ് നന്ദിയും പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍, ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ, അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍, സമ്പര്‍ക്ക പ്രമുഖ് രാംലാല്‍, കാര്യകാരി അംഗം സുരേഷ് സോണി, ഗീതാ തായ് ഗുണ്ടെ തുടങ്ങിയവരും എബിവിപി മുന്‍ദേശീയ ഭാരവാഹികളും ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. നാലു ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ പതിനായിരത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
Discussion about this post