ന്യൂദല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സര്‍വകലാശാലകളിലെ അമിതരാഷ്‌ട്രീയ ഇടപെടലുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകര്‍ക്കുന്നതായി പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. വിജ്ഞാന്‍ വേദിയുടെ ആഭിമുഖ്യത്തില്‍ ദല്‍ഹി കിരോരി മാല്‍ കോളജില്‍ സംഘടിപ്പിച്ച വൈ സ്റ്റഡി അബ്രോഡ് തിങ്ക് ഭാരത് എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാക്ഷരതയിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഉള്‍പ്പെടെ മുമ്പിലാണെന്ന് അവകാശപ്പെടുന്ന കേരളം ഇന്ന് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിലവാരത്തകര്‍ച്ച നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. അമിത രാഷ്‌ട്രീയ ഇടപെടലുകളാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകര്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകം മുഴുവന്‍ അറിവ് തേടിയെത്തിയ നാടാണ് ഭാരതം. ഭാരതം വീണ്ടും ലോകത്തിന് എല്ലാ മേഖലയിലും വഴികാണിക്കുമ്പോള്‍ വിദ്യാഭ്യാസരംഗത്തും വന്‍ കുതിപ്പുണ്ടാകും.
പുതിയ ദേശീയ വിദ്യാഭ്യാസനയമുള്‍പ്പെടെ വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിരോരിമാല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ദിനേഷ് ഖട്ടാര്‍, ഡൂണ്‍വാലി സ്‌കൂള്‍ ഡയറക്ടര്‍ അനുരാഗ് സിംഗാള്‍ എന്നിവരും സെമിനാറില്‍ പങ്കെടുത്തു. അനിരുദ്ധ്, ഗൗതം, അനുപമ, അഭിമന്യു തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post