ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ അവിശ്വാസികള്‍ പ്രവേശിക്കുന്നത് മദ്രാസ് ഹൈക്കോടതി വിലക്കി. ക്ഷേത്രങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അല്ലെന്ന് കോടതി വ്യക്തമാക്കി. പഴനി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രധാന ഉത്തരവ്. രേഖാമൂലം എഴുതി നല്‍കാതെ അവിശ്വാസികള്‍ കൊടിമരത്തിന്റെ അപ്പുറത്തേക്ക് പ്രവേശിക്കാന്‍ പാടില്ല. കോടതി ഉത്തരവിട്ടു. അഹിന്ദുക്കള്‍ക്ക് ദൈവ വിശ്വാസമുണ്ടെങ്കില്‍, ക്ഷേത്രാചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടരാന്‍ തയാറാണെങ്കില്‍, ക്ഷേത്ര ദര്‍ശനം നടത്താം. പക്ഷെ അവര്‍ എഴുതി നല്‍കണം.
പഴനിമലക്കോവിലിന്റെ പരിസരത്ത് അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെന്തില്‍ കുമാര്‍ എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി മധുര ബഞ്ചിന്റെ വിധി. ഇത് സംബന്ധിച്ച ബോര്‍ഡ് എല്ലാം പ്രവേശന കവാടങ്ങളിലും സ്ഥാപിക്കാനും ജസ്റ്റിസ് ശ്രീമതി ഉത്തരവിട്ടു.
ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രമാണെന്നും നിയന്ത്രണങ്ങള്‍ ബാധകമാണെങ്കില്‍ ബാനറുകള്‍ പ്രദര്‍ശിപ്പിക്കണമെന്നുമായിരുന്നു സെന്തിലിന്റെ ആവശ്യം. മധുര മീനാക്ഷി, തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രങ്ങളില്‍ ഇതര മതസ്ഥര്‍ മാംസാഹാരം കഴിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്ത സംഭവങ്ങള്‍ കോടതി ചൂണ്ടിക്കാട്ടി. ഈ സംഭവങ്ങള്‍ ഹിന്ദുക്കള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി വിലയിരുത്തി.പഴനി ക്ഷേത്രവുമായി ബന്ധപ്പെട്ട ഉത്തരവ് തമിഴ്‌നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും ഒരേപോലെ ബാധകമാണെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് പഴനി ക്ഷേത്രത്തില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന ഡിഎംകെ സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി.
Discussion about this post