ബാഗ്പത്(ഉത്തര്‍പ്രദേശ്): മഹാഭാരതപ്രസിദ്ധമായ വാരണാവതത്തിലെ അരക്കില്ലം(ലാക്ഷാഗൃഹം) ഹിന്ദുസമൂഹത്തിന് വിട്ടുനല്കാന്‍ കോടതി ഉത്തരവിട്ടു. അമ്പത്തിമൂന്ന് വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തിനൊടുവിലാണ് യുപിയിലെ ബാഗ്പതിലുള്ള ലാക്ഷാഗൃഹം ഹിന്ദുക്കള്‍ക്ക് നല്കാന്‍ ബാഗ്പത് സിവില്‍ കോടതി ഉത്തരവിട്ടത്. ലാക്ഷാഗൃഹം ബദ്റുദ്ദീന്‍ ഷായുടെ ശവകുടീരമാണെന്ന ഒരു വിഭാഗം മുസ്ലീം മതമൗലികവാദികളുടെ അവകാശവാദത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനാണ് തീരുമാനമായത്.
ലാക്ഷാഗൃഹം അടങ്ങുന്ന 61 ഏക്കര്‍ ഹിന്ദുക്കള്‍ക്ക് വിട്ടുനല്കാന്‍ കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച് മുസ്ലീം പക്ഷത്തിന്റെ അവകാശവാദം തള്ളിയാണ് സിവില്‍ ജഡ്ജി ശിവം ദ്വിവേദിയുടെ ഉത്തരവ്. 1970 മുതല്‍ കേസ് ബാഗ്പത് സിവില്‍ കോടതിയില്‍ നടന്നുവരികയായിരുന്നു. കേസില്‍ ഹിന്ദു പക്ഷത്തെ പത്തിലധികം സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി.
1970 മാര്‍ച്ച് 31 ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വാദം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. 875 തവണ സിറ്റിങ് നടന്നു. 53 വര്‍ഷവും എട്ട് മാസവും 20 ദിവസവും പിന്നിട്ട വാദത്തിന് ശേഷമാണ് ലാക്ഷാഗൃഹത്തിന്റെ പ്രാചീനത തെളിയിക്കാനായത്. ബാഗ്പത്തില്‍ ഹിന്‍ഡന്‍, കൃഷ്ണാ നദികളുടെ തീരത്തുള്ള ബര്‍നവ എന്ന ചെറിയ ഗ്രാമം മഹാഭാരത കാലഘട്ടത്തിലെ വാരണാവതമാണെന്നും 100 അടി ഉയരത്തില്‍ 61 ഏക്കര്‍ വിസ്തൃതിയിലുള്ള വലിയ കുന്നിന്‍പുറത്ത് പണിതീര്‍ത്ത അരക്കില്ലത്തിലാണ് പാണ്ഡവരെ ചുട്ടുകൊല്ലാന്‍ ശ്രമം നടന്നതെന്നുമാണ് ഗ്രന്ഥങ്ങളിലെ പരാമര്‍ശം. ഈ കുന്നിന് സമീപമുള്ള ഗുഹയിലാണ് അരക്കില്ലത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ പാണ്ഡവര്‍ അഭയം പ്രാപിച്ചതെന്ന് കരുതപ്പെടുന്നു. ഗുഹയുടെ പൗരാണികതയും തെളിഞ്ഞിട്ടുണ്ട്. പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയില്‍ മഹാഭാരത കാലഘട്ടത്തിലെ നാഗരികതയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ലാക്ഷാഗൃഹത്തിനടുത്തായി ഒരു ഗുരുകുലവും യജ്ഞശാലയും കണ്ടെത്തിയിരുന്നു.
1952ല്‍ ഹസ്തിനപൂരി എഎസ്‌ഐ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ ഇവിടെ നടന്ന സര്‍വെയില്‍ 4500 വര്‍ഷം പഴക്കമുള്ള മണ്‍പാത്രങ്ങള്‍ കണ്ടെത്തിയിരുന്നു. 2018ല്‍ കോടതി നിര്‍ദേശപ്രകാരം വീണ്ടും സര്‍വേ നടത്തി. പുരാതന കാല ജീവിതത്തിലേക്ക് വിരല്‍ ചൂണ്ടുന്ന നിരവധി ശില്പങ്ങളും ഫോസിലുകളും ഉത്ഖനനത്തില്‍ കണ്ടെത്തി. 1970ലാണ് ഇത് ഷേഖ് ബദറുദ്ദീന്‍ ഷായുടെ ശവകുടീരമാണെന്ന അവകാശവാദവുമായി ഒരു കൂട്ടം മുസ്ലീങ്ങള്‍ രംഗത്തുവന്നത്. തുടര്‍ന്ന് മീററ്റ് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇത് പിന്നീട് ബാഗ്പതിലെ എഡിജെ കോടതിയിലേക്ക് മാറ്റുകയായിരുന്നു. കോടതി വിധി പ്രഖ്യാപിച്ചതോടെ മഹാഭാരത സര്‍ക്യൂട്ടിന് കീഴില്‍ സ്ഥലം വികസിപ്പിക്കാനാണ് യുപി സര്‍ക്കാര്‍ തീരുമാനം.
Discussion about this post