ന്യൂദൽഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്‌ക്ക് അഞ്ചു വര്‍ഷം. ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം രാജ്യം എല്ലായ്‌പ്പോഴും ഒർക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ ഭാരതമണ്ണിന്റെ കാവലാളുകളായ നാല്‍പത് ധീരജവാന്മാരാണ് വീരമൃത്യു വരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മസൂദ് അസറിന്റെ നേതൃത്വത്തിൽ ജയ്‌ഷെ ഇ മുഹമ്മദ് ആയിരുന്നു ആക്രമണം നടത്തിയത്. ഇതിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. ബാലാക്കോട്ടിലെ പാക് ഭീകരതാവളങ്ങള്‍ ആക്രമിച്ച് നിരവധി ഭീകരരെ വധിച്ചതിനു പുറമേ, നയതന്ത്രതലത്തില്‍ ഇന്ത്യ പാക്കിസ്ഥാനുമേൽ മേല്‍ക്കൈ നേടുകയും ചെയ്തു.
ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് 2500 ഓളം വരുന്ന സിആര്‍പിഎഫ് ജവാന്മര്‍ 78 ബസ്സുകളുടെ വാഹനവ്യൂഹത്തില്‍ ദേശീയപാത 44ലൂടെ സഞ്ചരിക്കുകയായിരുന്നു. അവന്തിപോരക്കടുത്തുള്ള ലെത്തിപ്പോരയില്‍ വെച്ച് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം, സൈനിക വാഹനവ്യൂഹത്തിലേക്ക് ആദില്‍ അഹമ്മദ് എന്ന ഭീകരന്‍ ഇടിച്ചു കയറ്റുകയായിരുന്നു.
വീരമൃത്യു വരിച്ചവരിൽ മലയാളിയായ വയനാട് സ്വദേശി വിവി വസന്തകുമാറും ഉണ്ടായിരുന്നു. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 12 ദിവസങ്ങള്‍ക്കിപ്പുറം, ഫെബ്രുവരി 26ന്, പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകരക്യാമ്പില്‍ ഇന്ത്യ മിന്നലാക്രമണം നടത്തി നിരവധി ഭീകരരെ വധിച്ചു. അന്താരാഷ്‌ട്രതലത്തില്‍ ഇന്ത്യന്‍ നയതന്ത്രത്തിന്റെ വിജയം കൂടിയായി മാറി പിന്നീട് നടന്ന സംഭവങ്ങള്‍.
പാക്കിസ്ഥാനുള്ള ‘മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍’ പദവി ഇന്ത്യ പിന്‍വലിച്ചതിന് പുറമേ, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്ക് ഫോഴ്‌സിനോട് പാക്കിസ്ഥാനെ കരിമ്പട്ടികയിലാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ചൈനയുടെ എതിര്‍പ്പ് മറികടന്ന്, ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യുഎന്‍ രക്ഷാസമിതി പ്രഖ്യാപിക്കുകയും ചെയ്തു.
Discussion about this post