അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ സ്‌റ്റേ പാലമായ ‘സുദര്‍ശന്‍ സേതു’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗുജറാത്തിലെ ദ്വാരകയിലാണ് പാലം. ഓഖയെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ സേതു 979 കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. 2.3 കിലോമീറ്ററാണ് പാലത്തിന്റെ നീളം.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് അദ്ദേഹം ഉദ്ഘാടന ചടങ്ങിനെത്തിയത്. സുദര്‍ശന്‍ സേതു നാടിന് സമര്‍പ്പിച്ച പ്രധാനമന്ത്രി പാലത്തിലൂടെ നടന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടു.
27.20 മീറ്റര്‍ വീതിയുള്ള, നാലുവരിപ്പാതയുള്ള പാലത്തിന് ഇരുവശങ്ങളിലും 2.50 മീറ്റര്‍ വീതിയുള്ള നടപ്പാതകളുമുണ്ട്. നടപ്പാതയുടെ വശങ്ങളില്‍ ഭഗവത് ഗീത ശ്ലോകങ്ങളും ശ്രീകൃഷ്ണ ചിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. 2017ല്‍ മോദി തന്നെയാണ് പാലത്തിന് തറക്കല്ലിട്ടത്.
ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ദ്വാരകാധീഷ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തും. ഇതിന് പിന്നാലെ പ്രധാനമന്ത്രി ജാംനഗര്‍, ദേവഭൂമി ദ്വാരക, പോര്‍ബന്തര്‍ ജില്ലകളിലെ 533 കിലോമീറ്റര്‍ റെയില്‍വേ ലൈനിന്റെ വൈദ്യുതീകരണവും പെട്രോളിയം മന്ത്രാലയത്തിനു കീഴിലുള്ള രണ്ട് ഓഫ്‌ഷോര്‍ പൈപ്പ് ലൈനുകളുടെ ഉദ്ഘാടനവും ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.
ഉച്ചയോടെ ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ എയിംസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 1,195 കോടി രൂപയാണ് എയിംസിന്റെ നിര്‍മാണത്തിനായി ചെലവുവന്നത്. രാജ്‌കോട്ടിലെ എയിംസിന് പുറമേ ആന്ധ്ര, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ എയിംസും പ്രധാനമന്ത്രി വെര്‍ച്വലി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നഗരത്തില്‍ നടക്കുന്ന മെഗാ റോഡ് ഷോയില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
Discussion about this post