ന്യൂദല്‍ഹി: ജീവിതത്തിലേക്ക് വീണ്ടും കൈപിടിച്ചു കയറ്റിയതിന് ഭാരതത്തിന് സിന്ദാബാദ് വിളിച്ച് നാവികസേനയ്‌ക്ക് നന്ദി പറഞ്ഞ് പാകിസ്ഥാനികള്‍. കഴിഞ്ഞ ദിവസം അറബിക്കടലില്‍ വച്ച് സൊമലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ഇറാന്‍ കപ്പലിലെ പാക് പൗരന്മാരാണ് ഭാരതത്തിന് സിന്ദാബാദ് വിളിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
കടല്‍കൊള്ളക്കാരില്‍ നിന്ന് മോചിപപ്പിച്ച ശേഷം പാക് പൗരന്മാര്‍ കപ്പലിലിരുന്ന് സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തങ്ങളുടെ കപ്പല്‍ കൊള്ളക്കാര്‍ റാഞ്ചിയതും നാവിക സേന രക്ഷകരായെത്തിയതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാകിസ്ഥാനികളിലൊരാള്‍ വിശദീകരിക്കുന്നതാണ് ദൃശ്യങ്ങളില്‍. ഒടുവില്‍ നാവിക സേനയ്‌ക്ക് നന്ദി പറയുന്നു. ഒപ്പം ഭാരതം സിന്ദാബാദ് എന്നും വിളിക്കുന്നു. ഒപ്പമുള്ളവര്‍ ഒരേ സ്വരത്തില്‍ അതാവര്‍ത്തിക്കുകയും ചെയ്യുന്നു.
കൊള്ളക്കാരെ കീഴടക്കി മത്സ്യബന്ധനത്തിനായി കപ്പല്‍ തിരികെ നല്കിയപ്പോഴായിരുന്നു അവരുടെ നന്ദി പ്രകടനം. കപ്പല്‍ വിട്ടു നല്കുന്നതിന് മുമ്പ് അതിലുണ്ടായിരുന്ന എല്ലാവര്‍ക്കും വൈദ്യസഹായം നല്കിയിരുന്നു. അല്‍ കംബാര്‍-786 എന്ന ഇറാനിയന്‍ കപ്പലാണ് വ്യാഴാഴ്ച കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. കപ്പലിലുണ്ടായിരുന്ന 23 പാക് പൗരന്മാരെയും നാവികസേന രക്ഷപ്പെടുത്തി. ഐഎന്‍എസ് സുമേധ, ഐഎന്‍എസ് ത്രിശൂല്‍ എന്നീ യുദ്ധക്കപ്പലുകളാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടത്.
Discussion about this post