ന്യൂദല്‍ഹി: പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതിയില്‍ ഭാരതം ചരിത്രം കുറിച്ച് മുന്നേറുന്നു. 2023-24 സാമ്പത്തിക വര്‍ഷം രാജ്യം 21,000 കോടി രൂപയുടെ പ്രതിരോധ സാമഗ്രികള്‍ കയറ്റി അയച്ചു, ഇതിനുമുമ്പത്തെ വര്‍ഷത്തെക്കാള്‍ 32.5 ശതമാനം വര്‍ധന. അമേരിക്കയും റഷ്യയും ഇസ്രയേലും യുഎഇയും അടക്കം 84 രാജ്യങ്ങളാണ് ഇപ്പോള്‍ ഭാരതത്തില്‍ നിന്ന് ഇവ വാങ്ങുന്നത്.
മോദി സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ, ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതികളാണ് രാജ്യത്തിന് വന്‍വിജയക്കുതിപ്പു നല്കുന്നത്. സ്വകാര്യ-പൊതുമേഖലകളിലുള്ള അന്‍പതിലേറെ കമ്പനികളാണ് ഇത്തരം ഉപകരണങ്ങള്‍ നിര്‍മിക്കുന്നത്. പ്രതിരോധ ഉപകരണങ്ങളുടെ ആഭ്യന്തര ഉത്പാദനം വലിയ തോതില്‍ വര്‍ധിച്ചു, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
ആയുധ ഇറക്കുമതി രാജ്യമെന്ന പേരാണ് ഇപ്പോള്‍ ഭാരതം തിരുത്തിക്കുറിക്കുന്നത്. ആയുധക്കയറ്റുമതിയില്‍ 2013-2014നെക്കാള്‍ 31 മടങ്ങു വര്‍ധനയാണ് ഇപ്പോള്‍.
മുന്‍വര്‍ഷം ഭാരതം 15,920 കോടിയുടെ ആയുധങ്ങള്‍ കയറ്റി അയച്ചു. മൊത്തം ഉത്പാദനത്തില്‍ 60 ശതമാനം സംഭാവനയും സ്വകാര്യ കമ്പനികളുടേതാണ്, 40 ശതമാനം
പൊതുമേഖലാ സ്ഥാപനങ്ങളുടെയും. 2004-2013ല്‍ ഭാരതം വെറും 4312 കോടിയുടെ ആയുധങ്ങളാണ് കയറ്റി അയച്ചത്. 2014-2023ല്‍ ഇത് 88,319 കോടിയായി.
തേജസ് യുദ്ധ വിമാനങ്ങള്‍, പ്രചണ്ഡ ഹെലിക്കോപ്റ്ററുകള്‍, ഭാരം കുറഞ്ഞ കോപ്റ്ററുകള്‍, കവചിത വാഹനങ്ങള്‍, മിസൈലുകള്‍, യുദ്ധക്കപ്പലുകള്‍ തുടങ്ങി നിരവധി ഇനങ്ങളാണ് ഭാരതം കയറ്റിയയയ്‌ക്കുന്നത്.
എച്ച്എഎല്ലിന്റെ വരുമാനത്തിലും വന്‍വര്‍ധന
യുദ്ധ വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും ഡ്രോണുകളും മറ്റും ഉത്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ബെംഗളൂരു ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡിന്റെ (എച്ച്എഎല്‍) വരുമാനത്തിലും വന്‍വര്‍ധന. 2023-24ല്‍ വരുമാനം 29,810 കോടി രൂപയാണ്, 11 ശതമാനം വര്‍ധന.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിമാനങ്ങള്‍ക്കും മറ്റുമുള്ള ഓര്‍ഡര്‍ 94,000 കോടി കവിഞ്ഞു, എച്ച്എഎല്‍ സിഎംഡി അനന്തകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഗയാനയ്‌ക്ക് രണ്ടു ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റ് വിറ്റു. ഇവ കരാര്‍ പ്രകാരം കൃത്യസമയത്തുതന്നെ നിര്‍മിച്ചു കൊടുക്കാനായി.
Discussion about this post