നാഗ്പൂർ: രാഷ്ട്ര താത്പര്യം മുൻനിർത്തി ഓരോ വ്യക്തിയും തങ്ങളുടെ കർത്തവ്യങ്ങൾ നിറവേറ്റണമെന്ന് രാഷ്ട്ര സേവികാ സമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി. എല്ലാത്തരം പ്രശ്നങ്ങൾക്കും സ്വയം പരിഹാരം കണ്ടെത്തുന്ന സമാജത്തെയാണ് നമുക്ക് സൃഷ്ടിക്കേണ്ടത്. അതിന് കൂടുതൽ സമയം, കൂടുതൽ ഊർജിതമായി പ്രവർത്തിക്കണം, ശാന്തക്ക പറഞ്ഞു. രേശിം ബാഗ് സ്മൃതി മന്ദിരത്തിൽ മൂന്ന് ദിവസമായി നടക്കുന്ന സേവികാ സമിതി അഖില ഭാരതീയ കാര്യകാരിണി യോഗത്തിൽ സമാപന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ലോകമാതാ അഹല്യാ ബായി ഹോൾക്കറുടെ മുന്നൂറാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് മൂന്നൂറ് വ്യത്യസ്ത പരിപാടികൾ നടത്തും. വിദ്യാർത്ഥികളിലും യുവാക്കളിലും അഹല്യാ ബായിയുടെ ജീവിതം എത്തിക്കും. അതിനായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.
രാഷ്ട്രമാണെല്ലാം എന്ന വിഷയത്തിൽ അഖില ഭാരതീയ കാര്യകാരി യോഗം പ്രമേയം അംഗീകരിച്ചു. കുടുംബ മൂല്യങ്ങളെ മുറുകെപ്പിടിച്ച് രാഷ്ട്രത്തിനായി മുന്നേറാൻ പ്രമേയം ആഹ്വാനം ചെയ്തു.
ഭാരതജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് അടിയന്തരാവസ്ഥയെന്നും ഇനിയൊരിക്കലും അത് ആവർത്തിക്കാൻ പാടില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ സേവികാ സമിതി സ്വാഗതം ചെയ്തു.
Discussion about this post