ന്യൂദൽഹി: കൊളോണിയല്‍ ഭരണത്തിന്റെ വിപരീത ഫലങ്ങള്‍ ഇപ്പോഴും വിട്ടുപോയിട്ടില്ലെന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ . കൊളോണിയല്‍ ഭരണത്തിന്റെ ദുസ്വാധീനം നിമിത്തം ഭാരതീയ വസ്ത്രധാരണ രീതി പോലും മോശമായി ചിത്രീകരിക്കപ്പെടുന്ന മനോഭാവം രൂപപ്പെട്ടുവെന്നും ആ മാനസികാവസ്ഥയില്‍നിന്ന് മോചനം നേടുന്നതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞു. ‘ലോക്മന്ഥന്: ഇതുവരെയുള്ള യാത്ര’ എന്ന പു്സ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സാംസ്കാരിക മികവിന്റെ ഇന്നലെകളെക്കുറിച്ചു പരാമര്‍ശിക്കവെ, ഒരിക്കലും സോമനാഥ ക്ഷേത്രം സന്ദര്‍ശിച്ചിട്ടില്ലാത്ത എന്‍.സി.ചാറ്റര്‍ജി തന്റെ മകന് സോമനാഥ് എന്ന് പേരിട്ട സംഭവം മന്ത്രി ചൂണ്ടിക്കാട്ടി. അക്കാദമിക രചനകളില്‍ ഭാരതീയ പദങ്ങള്‍ ഉപയോഗിക്കാന്‍ ഗവേഷകർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പണ്ഡിതന്മാരെയും സജീവമായ പാരമ്പര്യങ്ങളുടെ സംരക്ഷകരെയും ഒരുമിപ്പിക്കുന്ന ബൗദ്ധിക സംഗമമാണ് ലോക്മന്ഥനെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ വിശദീകരിച്ചു. പുസ്തകങ്ങളിലുള്ള അറിവിന് തുല്യമായ പ്രാധാന്യം പ്രായോഗിക ജീവിതത്തിലൂടെ കൈമാറുന്ന അറിവിനും നല്കുന്ന വേദിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാംസ്കാരിക പാരമ്പര്യം പുനഃസ്ഥാപിക്കുന്നതിലൂടെ മാത്രമേ വികസിത ഭാരതം സാധ്യമാകൂ. രാഷ്ട്രം നമുക്കു വേണ്ടതെല്ലാം തരുന്നു. അല്പമെങ്കിലും തിരികെ നല്കാന് നാം തയ്യാറാകണമെന്നും ജെ നന്ദകുമാര്‍ സദസ്സിനെ ഓര്‍മിപ്പിച്ചു.

സമൂഹത്തിന്റെ താഴെത്തട്ടിലുള്ള സാംസ്കാരിക പ്രസ്ഥാനമാണ് ലോക്മന്ഥനെന്ന് വിശിഷ്ടാതിഥിയായി പങ്കെടുത്ത ജെഎന്‍യു വൈസ് ചാന്‍സലര്‍ പ്രൊഫ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് അഭിപ്രായപ്പെട്ടു. ഒരു സാംസ്കാരിക രാഷ്ട്രമാണ് ഭാരതമെന്നും ഓര്‍മകളുടെ തുടര്‍ച്ചയാണ് അതിന്റെ കരുത്തെന്നും അവര്‍ പറഞ്ഞു. ആഖ്യാനപരമായ കരുത്തിലൂടെയാണ് രാഷ്ട്രീയമായ കരുത്തു നിലനിര്‍ത്താന്‍ സാധിക്കുക. ഭാരതത്തിനു തനതായ ആഖ്യാനം ആവശ്യമാണ്.
സമയത്തെ രേഖീയമായി കാണുന്ന പാശ്ചാത്യരീതിയില്നിന്നു ഭിന്നമായി ചാക്രികമായി കാണുന്ന രീതിയാണു ഭാരതത്തിന്റേതെന്ന് അധ്യക്ഷപ്രസംഗത്തിൽ ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ് ആര്‍ട്സ് (ഐജിഎന്‍സിഎ) മെംബര്‍ സെക്രട്ടറി ഡോ. സച്ചിദാനന്ദ് ജോഷി പറഞ്ഞു.
ജെഎന്‍യു പ്രൊഫസര്‍മാരായ ഡോ. റീത സോണി എ എല്‍, ഡോ. ശുഭ് ഗുപ്ത എന്നിവരും ഐജിഎന്‍സിഎ ജനപദ സമ്പദ വിഭാഗം തലവന്‍ പ്രൊഫ. (ഡോ.) കെ അനില്‍കുമാറും ചേര്‍ന്നു രചിച്ച പുസ്തകത്തെക്കുറിച്ച് ഡോ. ശുഭ് ഗുപ്ത വിശദീകരിച്ചു. .














