ന്യൂദൽഹി : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിൽ ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡൻ്റ് അലോക് കുമാർ ആണ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ട്രംപിനെ അഭിനന്ദിച്ചത്.
ട്രംപിനെ അഭിനന്ദിക്കുകയും ജനാധിപത്യത്തിന്റെ പൈതൃകവും മൂല്യങ്ങളും പങ്കുവെച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിഎച്ച്പി നേതാവ് പറഞ്ഞു. ട്രംപ് ഹിന്ദു സമൂഹത്തിന്റെ സുരക്ഷയെക്കുറിച്ച് സംസാരിച്ചതായും തന്റെ നേതൃത്വത്തിൽ ഹിന്ദുക്കൾക്കെതിരെ ഒരിടത്തും ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയതായും അലോക് കുമാർ പറഞ്ഞു.
ഈ വേളയിൽ അദ്ദേഹത്തിന്റെ ചരിത്ര വിജയത്തിന് തങ്ങൾ അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നുവെന്നും അലോക് കുമാർ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ-യുഎസ് ബന്ധം തങ്ങൾ പങ്കിട്ട പൈതൃകവും ജനാധിപത്യത്തിന്റെ മൂല്യങ്ങളും വ്യക്തികളുടെ അന്തസ്സും നിയമവാഴ്ചയും ഉപയോഗിച്ച് കൂടുതൽ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കുമാർ പറഞ്ഞു.
ഇതിനു പുറമെ ആഗോള സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഇരു രാജ്യങ്ങളും മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post