ന്യൂദല്‍ഹി: അടിയന്തര സാഹചര്യങ്ങളിലും സൈനിക ആവശ്യങ്ങള്‍ക്കും ദേശീയപാതകളില്‍ യുദ്ധവിമാനങ്ങള്‍ ഇറക്കാന്‍ കഴിയുമെന്ന് ഭാരത സൈന്യം തെളിയിച്ചു. ഗുജറാത്തിലെ അമൃത്സര്‍ – ജാംനഗര്‍ സാമ്പത്തിക ഇടനാഴിയിലെ ദേശീയപാതയില്‍ നാല് മൈക്രോലൈറ്റ് വിമാനങ്ങളാണ് (ഭാരം കുറഞ്ഞ വിമാനങ്ങള്‍) ലാന്‍ഡ് ചെയ്യുകയും ടേക്ക് ഓഫ് ചെയ്യുകയും ചെയ്തത്. മുന്‍പ് യുപിയിലെ എക്സ്പ്രസ് പാതയില്‍ വിമാനം ഇറക്കിയിരുന്നുവെങ്കിലും ഇത്തരം പരീക്ഷണം ആദ്യമായിരുന്നു. കരസേനയുടെ ഭാഗമായ ‘ടീം മൗണ്ടന്‍ ഈഗിള്‍സ്’ ആണ് ദേശീയ പാതയില്‍ വിമാനം ഇറക്കിയതെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
മികച്ച ആസൂത്രണത്തോടെയാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. രണ്ട് ഫിക്സഡ് വിങ് മൈക്രോലൈറ്റ് വിമാനങ്ങളും രണ്ട് ഫ്ളെക്സിബിള്‍ വിങ് പവേര്‍ഡ് ഹാങ് ഗ്ലൈഡറുകളുമാണ് ഉണ്ടായിരുന്നത്. പറന്നിറങ്ങിയ വിമാനങ്ങളില്‍ റോഡില്‍വെച്ച് തന്നെ ഇന്ധനം നിറച്ചു. എക്സ്-എയര്‍ ‘ഹനുമാന്’, സാവന്ന എംഎക്സ്പി 740 എന്നീ മൈക്രോലൈറ്റ് വിമാനങ്ങളും ടനാര്ഗ് ബയോണിക്സ്, ന്യൂവിക്സ് സ്കിപ്പര്‍ എന്നീ ഹാങ് ഗ്ലൈഡറുകളുമാണ് പരീക്ഷണത്തില്‍ പങ്കെടുത്തത്.
വിമാനങ്ങള്‍ ഇറങ്ങും മുമ്പ് റോഡ് പരിശോധിച്ചു. വീതിയും ഘടനയും സുരക്ഷാ സാഹചര്യങ്ങളും വിലയിരുത്തി. പരീക്ഷണം കഴിഞ്ഞ് തിരക്കേറിയ പാതയിലെ ഗതാഗതം പുനസ്ഥാപിച്ചു.













