ഛത്രപതി സംഭാജിനഗര്‍(മഹാരാഷ്ട്ര): ഏത് പ്രതിസന്ധിയിലും മനുഷ്യത്വം അചഞ്ചലമായിരിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സത്യത്തിലും കരുണയിലും അധിഷ്ഠിതമായ ധാര്‍മ്മിക ജീവിതമാണ് ഭാരതം മുന്നോട്ടുയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരി തസ്നീം പട്ടേലിന്റെ മറാഠി ആത്മകഥ ഭാല്‍ ആഭലിന്റെ ഇംഗ്ലീഷ് പതിപ്പ് ടോര്ച്ചേര്ജ് ട്രൂത്ത് എംജിഎം കോളേജിലെ രുക്മിണി ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സത്യസന്ധതയെ പ്രതിഫലനമാണ് ഈ പുസ്തകം. ജീവിതത്തില്‍ ഇത്രയധികം പോരാട്ടങ്ങള്‍ നേരിടുന്ന ഒരാളുടെ ഹൃദയം സ്വാഭാവികമായി ദേഷ്യം, വെറുപ്പ്, നീരസം എന്നിവയാല്‍ കയ്പേറിയതാകാറുണ്ട്. എന്നാല്‍ എഴുത്തുകാരി തന്റെ മനുഷ്യത്വബോധം നിലനിര്‍ത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നമ്മള് ധര്മ്മത്തിനനുസരിച്ചാണ് ജീവിതം നയിക്കുന്നത്. ധര്‍മ്മം എന്നാല്‍ മതമല്ല. അത് സത്യത്തിലും കാരുണ്യത്തിലും അധിഷ്ഠിതമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഭാരതം സമ്പന്നമായിരുന്നപ്പോള്‍, ലോകത്തിലെ വിവിധ പ്രദേശങ്ങളിലെ സമൂഹങ്ങള്‍ നമ്മുടെ പാരമ്പര്യങ്ങള്‍ക്കും ആദര്‍ശ മൂല്യങ്ങള്‍ക്കും അനുസൃതമായി ജീവിച്ചു. ആ വ്യവസ്ഥ അവസാനിച്ചതിനാല്‍ ഇന്ന് പല രാജ്യങ്ങളും ആശങ്കാകുലരാണ്. അവര്‍ പരിഹാരം തേടി ഭാരതത്തിലേക്കാണ് നോക്കുന്നതെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

എംജിഎം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അങ്കുഷ്റാവു കദം, മുസ്ലീം രാഷ്ട്രീയ മഞ്ച് സംയോജകന്‍ ഇന്ദ്രേഷ് കുമാര്‍, സാമൂഹിക പ്രവര്ത്തകന് മെഹ്താബ് ഖാന് പത്താന് എന്നിവര്‍ സന്നിഹിതരായിരുന്നു.













